തൃശൂർ: അശ്വഗന്ധ അടക്കമുള്ള ആയുർവേദ ഉല്പന്നങ്ങൾക്ക് ആഗോളതലത്തിൽ സ്വീകാര്യത കൂടുമ്പോഴും എം.ബി.ബി.എസ് - ബി.എ.എം.എസ് സംയോജിത കോഴ്‌സിന് ഉടക്ക് ഒഴിയുന്നില്ല. ആയുർവേദ മരുന്നുകൾ തെളിവ് അധിഷ്ഠിതമല്ലെന്ന വാദമുയർത്തിയാണ് രാജ്യത്ത് ആദ്യമായി പോണ്ടിച്ചേരി ജിപ്മറിൽ തുടങ്ങുമെന്ന് പ്രഖ്യാപിച്ച അലോപ്പതി - ആയുർവേദ കോഴ്‌സിനെ ഐ.എം.എ പ്രതിരോധിക്കുന്നത്. ശാസ്ത്രീയമല്ലാത്ത സങ്കരവൈദ്യം അംഗീകരിക്കില്ലെന്നാണ് ഐ.എം.എയുടെ നിലപാട്.
ഭിന്നചികിത്സാ രീതികളെ സമന്വയിപ്പിക്കുന്ന ഇന്റഗ്രേറ്റഡ് കോഴ്‌സുകൾ പ്രോത്സാഹിപ്പിക്കാനായി വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ പദ്ധതികൾ ലോകമെങ്ങും നടപ്പാക്കുമ്പോഴാണ് ഇന്ത്യയിൽ എതിർപ്പ് ഉയരുന്നത്.
ലോകജനതയുടെ 80 ശതമാനവും ആധുനിക രീതികളോടൊപ്പം പരമ്പരാഗത ചികിത്സകളും സ്വീകരിക്കുന്നുണ്ടെന്നാണ് പഠനങ്ങളിൽ കണ്ടെത്തിയത്. ആധുനിക മരുന്നുകളുടെ അനിയന്ത്രിതമായ ഉപയോഗം പാർശ്വഫലങ്ങൾക്കും രോഗാവസ്ഥകൾക്കും കാരണമാകുന്നതുകൊണ്ടാണ് കൂടുതൽ രാജ്യങ്ങൾ ആയുർവേദത്തെ സ്വീകരിക്കുന്നതെന്നാണ് ആയുർവേദ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. പാർശ്വഫലങ്ങൾ കുറഞ്ഞ പരമ്പരാഗത ചികിത്സാരീതിയുടെ പ്രചാരണവും വിദേശങ്ങളിൽ കൂടി. ചൈനീസ് പരമ്പരാഗത മരുന്നായ ജിൻസെംഗിന് തുല്യമായാണ് 1.9 ബില്യൺ ഡോളർ വിറ്റുവരവിൽ അശ്വഗന്ധ (അമുക്കുരം) എത്തിയത്.
മരുന്നുകളേറെയും
സസ്യാധിഷ്ഠിതം
അലോപ്പതിയിലായാലും ലോകത്താകമാനം ഉപയോഗിക്കുന്ന മരുന്നുകളിൽ 25 ശതമാനം സസ്യാധിഷ്ഠിതമാണ്. ഡോക്ടറുടെ കുറിപ്പടിയില്ലാതെ അനിയന്ത്രിതമായി ആയുർവേദമരുന്ന് കഴിച്ചാലും പാർശ്വഫലമുണ്ടാകും. ചൈനയിലേതുപോലെ എല്ലാ ചികിത്സാരീതികളെയും സമന്വയിപ്പിച്ചാൽ മരുന്നുകളുടെ ഉപഭോഗം 50 ശതമാനം വരെ കുറയ്ക്കാനും മികച്ച ജീവിത നിലവാരം ഉറപ്പാക്കാനും കഴിയുമെന്നാണ് ലോകാരോഗ്യസംഘടനയുടെ വിലയിരുത്തൽ.
അശ്വഗന്ധ ഗുണകരം
• മിതമായി വൈദ്യനിർദ്ദേശാനുസരണം ഉപയോഗിച്ചാൽ ഗുണങ്ങളേറെ
• മാനസികസമ്മർദ്ദം, ഉത്കണ്ഠ എന്നിവ ശമിപ്പിക്കും.
• 'കോർട്ടിസോൾ' ഹോർമോൺ കുറയ്ക്കും
• ഹോർമോൺ ബാലൻസ് മെച്ചപ്പെടുത്തും
• ചിന്താശേഷി, ഓർമ്മ, ശ്രദ്ധ, ഉറക്കം കൂട്ടും.
• പ്രത്യുത്പാദനക്ഷമത, ഉന്മേഷം, ദഹനം, രോഗപ്രതിരോധ ശേഷി എന്നിവയുമുണ്ടാകും.
സർക്കാർ തലത്തിലും അല്ലാതെയും നിരവധി ഗവേഷണങ്ങൾ ആയുർവേദത്തിൽ നടക്കുന്നുണ്ട്. വ്യത്യസ്ത ചികിത്സാ രീതികൾ സമന്വയിപ്പിക്കുന്നത് പൊതുജനാരോഗ്യത്തിന് ഗുണകരമാകും.
ഡോ.ഡി.രാമനാഥൻ,
ജനറൽ സെക്രട്ടറി,
ആയുർവേദിക് മെഡിസിൻ മാനുഫാക്ചറേഴ്‌സ് ഓർഗനൈസേഷൻ ഒഫ് ഇന്ത്യ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |