തിരുവനന്തപുരം: നിയമസഭ പാസാക്കിയ 2 സർവകലാശാല നിയമ ഭേദഗതി ബില്ലുകളും സ്വകാര്യ സർവകലാശാലാ ബില്ലും ഗവർണർ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയച്ചേക്കും. മാർച്ചിൽ പാസാക്കിയതാണ് ബില്ലുകൾ. 3 മാസത്തിനകം ഗവർണർ ബില്ലുകളിൽ തീരുമാനമെടുക്കണമെന്നാണ് സുപ്രീം കോടതി ഉത്തരവ്.
ബില്ലുകൾക്ക് അനുമതി നൽകുക, അനുമതി നിഷേധിക്കുക രാഷ്ട്രപതിക്ക് അയയ്‌ക്കുക എന്നീ മൂന്നു നടപടികൾ ഗവർണർക്ക് സ്വീകരിക്കാം. ചാൻസലറായ ഗവർണറുടെ അധികാരം കുറയ്ക്കുന്നതും പ്രോ ചാൻസലറായ ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ അധികാരം കൂട്ടുന്നതുമാണ് നിയമ ഭേദഗതികളെന്നാണ് ഗവർണറുടെ വിലയിരുത്തൽ. ചാൻസലറായ ഗവർണറുടെ അഭാവത്തിൽ മാത്രം സർവകലാശാലകളിൽ ഇടപെടാൻ അധികാരമുള്ള പ്രോ ചാൻസലറായ മന്ത്രിക്ക് സർവകലാശാലയിൽ നേരിട്ട് ഇടപെടാൻ അധികാരം നൽകുന്ന വിവാദ വ്യവസ്ഥകൾ ബില്ലിലുണ്ട്. നിലവിൽ സർവകലാശാല നിയമങ്ങളിൽ രണ്ട് വരിയിൽ ഒതുങ്ങുന്ന അധികാരം മാത്രമാണ് മന്ത്രിക്കുള്ളത്. നിയമഭേദഗതി പ്രകാരം സർവകലാശാലയുടെ അക്കാഡമികവും ഭരണപരവുമായ കാര്യങ്ങളുമായി ബന്ധപ്പെട്ട ഏത് വിവരവും വിളിച്ചു വരുത്താൻ മന്ത്രിക്ക് അധികാരമുണ്ടായിരിക്കും.
വൈസ് ചാൻസലറുടെ അധികാരങ്ങൾ കവരുന്ന വ്യവസ്ഥകളും ബില്ലിലുണ്ട്. സെനറ്റ്, സിൻഡിക്കേറ്റ്, അക്കാഡമിക് കൗൺസിൽ, യൂണിവേഴ്സിറ്റി യൂണിയൻ എന്നിവയിലെ തിരഞ്ഞെടുപ്പ് ഫലം വിജ്ഞാപനം ചെയ്യുന്നതിനും സമിതികൾ രൂപീകരിക്കുന്നതിനുമുള്ള അധികാരം വി.സിയിൽ നിന്ന് മാറ്റി രജിസ്ട്രാർക്ക് നൽകാനും ബില്ലിൽ വ്യവസ്ഥയുണ്ട്. ഇത് സർവകലാശാലകളുടെ സ്വയംഭരണം ഇല്ലാതാക്കുമെന്ന് വിലയിരുത്തിയാണ് ബില്ലുകൾ രാഷ്ട്രപതിക്ക് അയയ്ക്കുന്നത്. സ്വകാര്യ സർവകലാശാലാ ബില്ലിൽ യുജിസിക്ക് വിരുദ്ധമായ വ്യവസ്ഥകളുണ്ടോയെന്ന പരിശോധനയ്ക്കാണിത്.ബില്ലുകളിലെ തുടർ നടപടികളെക്കുറിച്ച് നിയമോപദേശകനുമായി ഗവർണർ ചർച്ച നടത്തി. ഇതു സംബന്ധിച്ച പരാതികളും പരിശോധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |