മകൾ തേജലക്ഷ്മി അഭിനയിക്കുന്ന ആദ്യ സിനിമ സുന്ദരിയായവൾ സ്റ്റെല്ല എന്ന ചിത്രത്തിന്റെ പത്രസമ്മേളനത്തിനിടെ മുൻ ഭാര്യ ഉർവശിയെക്കുറിച്ച് സംസാരിച്ച് വികാരധീനനായി മനോജ് കെ. ജയൻ .
പഠിത്തമൊക്കെ കഴിഞ്ഞിരിക്കുമ്പോഴാണ് എനിക്ക് സിനിമയിൽ അഭിനയിച്ചാൽ കൊള്ളാം എന്ന് കുഞ്ഞാറ്റ പറയുന്നത്. ഇത് മോളുടെ അമ്മയെ അറിയിക്കണം. അതിനുവേണ്ടി ചെന്നൈയിൽ പോവണം. ഉർവശിയുടെ അനുഗ്രഹം മേടിക്കണം എന്നാണ് ഞാൻ പറഞ്ഞത്. ദക്ഷിണേന്ത്യ കണ്ട ഏറ്റവും പ്രതിഭാശാലിയായ നടിയാണ്. അങ്ങനെയൊരാളുടെ മകളാണിപ്പോൾ.. ഞാനല്പം ഇമോഷണലാണ്. മോളുടെ കാര്യം വരുമ്പോഴൊക്കെ ഞാനങ്ങനെയാണ്. അവളുടെ അമ്മ വളരെ സന്തോഷത്തോടുകൂടി അത് സമ്മതിച്ചു. അങ്ങനെ ഇന്ന് ഇവിടെ വരെ എത്തി. ഉർവശിയെക്കുറിച്ച് പറയുമ്പോൾ മനോജ് കെ. ജയന്റെ ശബ്ദം ഇടറുന്നതും വിതുമ്പുന്നതും വീഡിയോയിൽ കാണാം. മനോജിനെ മകൾ കുഞ്ഞാറ്റ കൈപിടിച്ച് ആശ്വസിപ്പിക്കുന്നതും കാണാം.
എന്റെ സുഹൃത്തുക്കളായ സേതുവും അലക്സുമാണ് ഇൗ സിനിമയുടെ പിന്നിൽ പ്രവർത്തിച്ചത്. ചേട്ടനൊരു കഥ കേൾക്കാമോ എന്ന് ചോദിച്ചു. ഞാൻ പറഞ്ഞു ആദ്യം ഉർവശിയെയാണ് കഥ കേൾപ്പിക്കേണ്ടത്. അവരാണ് അത് തീരുമാനിക്കേണ്ടത്.
അവരുടെ അത്രയും എക്സ്‌പീരിയൻസ് ഫീമെയിൽ കഥാപാത്രങ്ങളെ ചൂസ് ചെയ്യാൻ എനിക്കില്ല. അമ്മയെ വിളിച്ച് കാര്യം പറയാൻ കുഞ്ഞാറ്റയോടും ഞാൻ പറഞ്ഞു. ഉർവശി കേട്ടതിനുശേഷമാണ് ഞാൻ കഥ കേട്ടത്.
ഞാനും ഉർവശിയുമൊക്കെ ചെറിയ ചെറിയ വേഷത്തിലൂടെ വന്നാണ് ശ്രദ്ധ നേടിയത്. പക്ഷേ മോൾ ടൈറ്റിൽ റോൾ തന്നെ കിട്ടി. ദൈവഭാഗ്യമാണത്. അവളുടെ അപ്പൂപ്പന്റെ അനുഗ്രഹമാണ്. എന്റെ അച്ഛന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു കുഞ്ഞാറ്റ സിനിമയിൽ വരണമെന്ന്. രാവിലെ ഉർവശിയും ഉർവശിയുടെ അമ്മയുമൊക്കെ മോളെ ഫോണിൽ വിളിച്ചു അനുഗ്രഹിച്ചു. എല്ലാവരുടെയും അനുഗ്രഹം നേടിയതിനുശേഷമാണ് ഞങ്ങളിറങ്ങിയത്.
ഇനി നിങ്ങളുടെ അനുഗ്രഹമാണ് വേണ്ടത്. എന്നെയും അവളുടെ അമ്മയേയുമൊക്കെ വളർത്തിയത് നിങ്ങളുടെ സപ്പോർട്ടാണ്. ഞങ്ങളുടെ പാരമ്പര്യം പിൻതുടർന്നുവരുന്ന ഞങ്ങളുടെ കുഞ്ഞാറ്റയ്ക്കും ആ സപ്പോർട്ട് നൽകണമെന്ന് വിനീതമായി അപേക്ഷിക്കുന്നു. മനോജ് കെ. ജയന്റെ വാക്കുകൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |