ലണ്ടൻ: ലോക ടെസ്‌റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന്റെ ആദ്യ ദിനത്തിൽ ഓസ്‌ട്രേലിയയ്‌ക്ക് ബാറ്റിംഗ് പരീക്ഷ. ടോസ് നഷ്‌ടമായി ബാറ്റിംഗ് ആരംഭിച്ച് 150 റൺസ് തികയും മുൻപ് ലോക ടെസ്റ്റ് ചാമ്പ്യൻമാർക്ക് അഞ്ച് വിക്കറ്റുകൾ നഷ്‌ടമായി. ടീം സ്‌കോർ 146 റൺസിൽ നിൽക്കവെ മികച്ച രീതിയിൽ കളിച്ചുവന്ന സ്റ്റീവ് സ്‌മിത്ത് പുറത്തായി. 112 പന്തുകളിൽ 10 ബൗണ്ടറികളോടെ 66 റൺസാണ് സ്‌മിത്ത് നേടിയത്.
സ്‌മിത്ത് മടങ്ങിയ ശേഷം ബ്യൂ വെബ്‌സ്റ്റർ ടീമിനെ തുടർന്ന് തകർച്ചയുണ്ടാകാതെ മുന്നോട്ട് കൊണ്ടുപോകുകയാണ്. കരിയറിലെ നാലാം ടെസ്‌റ്റ് മാത്രം കളിക്കുന്ന വെബ്‌സ്‌റ്റർ അർദ്ധ സെഞ്ച്വറി നേടി. 69 പന്തുകളിലാണ് കരിയറിലെ രണ്ടാം അർദ്ധ സെഞ്ച്വറി അദ്ദേഹം നേടിയത്.
നേരത്തെ ബാറ്റിംഗ് തുടങ്ങി 12 റൺസ് ടീം നേടിയസമയം അക്കൗണ്ട് തുറക്കാതെ ഉസ്‌മാൻ ക്വാജ പുറത്തായി. 20 പന്തുകൾ നേരിട്ടാണ് ക്വാജ മടങ്ങിയത്. റബാഡയുടെ പന്തിൽ സ്ളിപ്പിൽ ഡേവിഡ് ബെഡിംഗ്‌ഹാം പിടിച്ച് പുറത്താക്കുകയായിരുന്നു. റബാഡയുടെ തന്നെ പന്തിൽ കാമറൂൺ ഗ്രീനും (4) വേഗം മടങ്ങി. സ്‌കോർ 50 തികയും മുൻപ് ലബുഷെയ്‌നും ഔട്ടായി (17). മികച്ച ഫോമിന്റെ സൂചന നൽകിയ ട്രാവിസ് ഹെഡ് (11) വേഗം പുറത്തായി.
തുടർന്ന് വെബ്‌സ്റ്ററോടൊപ്പം സ്‌മിത്ത് ക്ഷമയോടെ ടീമിനെ തകർച്ചയിൽ നിന്ന് കരകയറ്റിവരവെയാണ് രണ്ടാം സെഷനിൽ ദക്ഷിണാഫ്രിക്കൻ നായകൻ തെമ്പ ബാവുമ ബൗളിംഗ് ചെയ്‌ഞ്ച് വരുത്തിയത്. മാർക്രമിന്റെ പന്തിൽ സ്ളിപ്പിൽ മാർകോ യാൻസണ് ക്യാച്ച് നൽകിയാണ് സ്‌മിത്ത് പുറത്തായത്. രണ്ടാം സെഷൻ പൂർത്തിയായി ചായയ്‌ക്ക് പിരിയുമ്പോൾ ഓസ്‌ട്രേലിയ അഞ്ച് വിക്കറ്റ് നഷ്‌ടത്തിൽ 190 റൺസ് എന്ന നിലയിലാണ്. വെബ്‌സ്‌റ്റർ (55), അലക്‌സ് ക്യാരി (22) എന്നിവരാണ് ക്രീസിൽ. ദക്ഷിണാഫ്രിക്കയ്‌ക്കായി റബാഡയും മാർകോ യാൻസണും രണ്ട് വീതം വിക്കറ്രുകളും മാർക്രം,സ്‌മിത്തിന്റെ നിർണായക വിക്കറ്റും നേടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |