ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി, ചൈനയെ പിന്തള്ളി ഇന്ത്യ മാറിയിരിക്കുകയാണ്. യു.എൻ. ജനസംഖ്യാ റിപ്പോർട്ടിന്റെ കണക്ക് പ്രകാരം ഇക്കഴിഞ്ഞ ഏപ്രിലിൽ ഇന്ത്യൻ ജനസംഖ്യ 146.39 കോടിയായിക്കഴിഞ്ഞിരിക്കും. എന്നാൽ ചൈനയുടേത് 141.61 കോടി ആയിരിക്കും. ജനസംഖ്യാ നിയന്ത്രണത്തിന് കർശനമായ ഏകാധിപത്യ മാർഗങ്ങൾ സ്വീകരിച്ച രാജ്യമാണ് ചൈന. ഇന്ത്യയിൽ അത്തരം നിയന്ത്രണങ്ങളില്ല. ജനസംഖ്യാ വളർച്ചയുടെ നിരക്ക് ഇന്ത്യയിൽ കുറയുന്നത് സ്വാഭാവികമായാണ്. ജനസംഖ്യാ വളർച്ച തടയാൻ ഏർപ്പെടുത്തിയ കർശന നിയന്ത്രണങ്ങൾ ഒരു ഘട്ടം കഴിഞ്ഞപ്പോൾ തിരിച്ചടിച്ച അനുഭവമാണ് ചൈനയുടേത്. യുവജനതയുടെ എണ്ണം ക്രമാതീതമായി കുറയുകയും, വൃദ്ധജനങ്ങളുടെ എണ്ണം അവിടെ കൂടുകയും ചെയ്തു. വൃദ്ധ ജനസംഖ്യ കൂടുമ്പോൾ അവരിൽ നിന്നുള്ള സാമ്പത്തിക നേട്ടങ്ങൾ കുറയുകയും, അതേസമയം അവരെ പരിചരിക്കുന്നതിനും ചികിത്സിക്കുന്നതിനും മറ്റുമുള്ള സാമ്പത്തിക ഭാരം രാജ്യത്തിന് കൂടുകയും ചെയ്യും.
ഇന്ത്യയെപ്പോലെ ഒരു ജനാധിപത്യ രാജ്യത്ത് കുട്ടികളുടെ എണ്ണം നിശ്ചയിക്കാനുള്ള അവകാശം കുടുംബങ്ങൾക്കാണ്. പരപ്രേരണ കൂടാതെ സംഭവിക്കുന്നതാണിത്. ഇന്ത്യയിലെ പ്രത്യുത്പാദന നിരക്ക് കുറയുന്നതായാണ് യു.എൻ റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്. ശരാശരി ഒരു വനിതയ്ക്ക് 2.1 കുഞ്ഞുങ്ങൾക്ക് ജന്മം നൽകാമെന്ന കണക്കിൽ നിന്ന് പ്രത്യുത്പാദന നിരക്ക് 1.9 ആയി കുറഞ്ഞു. കേരളത്തിൽ പ്രത്യുത്പാദന നിരക്ക് 1.5 ആണ്; തമിഴ്നാട്, ഡൽഹി എന്നിവിടങ്ങളിൽ 1.4 ഉം. ജനന നിരക്ക് മന്ദഗതിയിലാണെങ്കിലും ഇന്ത്യയ്ക്ക് യുവത്വം കൂടുന്നു എന്ന സൂചന നൽകുന്നതു കൂടിയാണ് യു.എൻ റിപ്പോർട്ട്. രാജ്യത്തെ ജനസംഖ്യയിൽ 24 ശതമാനം 14 വയസിനു താഴെയുള്ളവരാണ്. 68 ശതമാനവും 15-നും 64-നും മദ്ധ്യേ പ്രായമുള്ളവരാണ്. 65 വയസ്സിനു മുകളിലുള്ളവർ ഏഴു ശതമാനമാണ്.
പുരുഷന്മാരുടെ ആയുർദൈർഘ്യം 71-ഉം സ്ത്രീയുടേത് 74 വയസുമായി. ഇന്ത്യയുടെ ജനസംഖ്യ 170 കോടി വരെ ഉയർന്നശേഷം കുറഞ്ഞുതുടങ്ങുമെന്നാണ് റിപ്പോർട്ട് നൽകുന്ന അനുമാനം. അത് നാല്പത് വർഷത്തിനു ശേഷമായിരിക്കുമെന്നും റിപ്പോർട്ട് പറയുന്നു. 2011-നു ശേഷം സെൻസസ് നടത്തിയിട്ടില്ലാത്തതിനാൽ ഇന്ത്യയിലെ ജനസംഖ്യ സംബന്ധിച്ച് യഥാർത്ഥ കണക്കുകൾ ലഭ്യമല്ല. പ്രധാനമന്ത്രി പോലും പ്രസംഗങ്ങളിലും മറ്റും ഇന്ത്യയിലെ 140 കോടി ജനങ്ങൾ എന്നാണ് പറയാറുള്ളത്. ഇപ്പോൾ പുറത്തുവന്നിരിക്കുന്ന യു.എൻ പോപ്പുലേഷൻ ഫണ്ട് റിപ്പോർട്ട് യാഥാർത്ഥ്യവുമായി അടുത്തു നിൽക്കുന്നതാണെന്നാണ് ജനസംഖ്യാ രംഗത്തെ വിദഗ്ദ്ധർ പറയുന്നത്. ഇതിന് അവർ അടിസ്ഥാനമായി ചൂണ്ടിക്കാണിക്കുന്നത്, 2019-ൽ ജനസംഖ്യാ രംഗത്തെ വിദഗ്ദ്ധർ ഉൾപ്പെടുന്ന ഒരു സാങ്കേതിക സംഘം 2025-ൽ ഇന്ത്യയുടെ ജനസംഖ്യ 141.10 കോടി ആകുമെന്ന് പ്രവചിച്ചിരുന്നു എന്നതാണ്.
ഡേറ്റകൾക്ക് ഏറ്റവും വിലയുള്ള കാലമാണിത്. അതിനാൽ സർക്കാരിന്റെ സെൻസസ് എത്രയും വേഗം നടത്തുകയാണ് വേണ്ടത്. 2021-ൽ നടക്കേണ്ട സെൻസസ് കൊവിഡ് വ്യാധിയുടെയും മറ്റും പശ്ചാത്തലത്തിൽ മാറ്റിവച്ചിരുന്നു. ഇത്തവണ ജനസംഖ്യാ സെൻസസിനൊപ്പം ജാതി സെൻസസും നടത്തുമെന്ന് കേന്ദ്രം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും 2027-നു മുമ്പ് പൂർത്തിയാക്കുമെന്ന് പറഞ്ഞതല്ലാതെ സെൻസസ് ആരംഭിക്കുന്ന തീയതികൾ വ്യക്തമാക്കിയിട്ടില്ല. ഇന്ത്യയ്ക്ക് യു.എൻ നൽകുന്ന കണക്കുകളല്ല, സ്വന്തം നിലയിൽ തയ്യാറാക്കുന്ന കണക്കുകളാണ് വേണ്ടത്. അതിനാൽ സെൻസസ് തുടങ്ങാനുള്ള നടപടി എത്രയും വേഗം ആരംഭിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |