പാലാ : ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ശബരിമല വിഷയം പറഞ്ഞ് ജനങ്ങളെ കബളിപ്പിച്ചവർക്ക് പാലായിൽ അതിന് കഴിയില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഉപതിരഞ്ഞെടുപ്പിൽ ശബരിമല വിഷയം ചർച്ചയാകില്ലെന്ന് കോടിയേരി ബാലകൃഷ്ണൻ കൂട്ടിച്ചേർത്തു.
അധികാരത്തിലെത്തിയാൽ ശബരിമല വിഷയത്തിലെ സുപ്രിംകോടതി വിധി റദ്ദാക്കുമെന്ന് പറഞ്ഞാണ് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനെതിരെ എതിരാളികൾ വോട്ടുതേടിയത്. എന്നാൽ ജയിച്ചുകഴിഞ്ഞപ്പോൾ നിയമം മാറ്റാനാകില്ലെന്നാണ് അവർ പറയുന്നത്. പാലാ ഉപതിരഞ്ഞെടുപ്പിൽ ശബരിമല വിഷയം ചർച്ചയാവുകയില്ല. ഒരു ഉപതിരഞ്ഞെടുപ്പിൽ വിജയിച്ചാൽ സുപ്രിംകോടതി വിധി മാറ്റാനാകുമോ എന്നും കോടിയേരി ചോദിച്ചു.
പാലാ ഉപതിരഞ്ഞെടുപ്പിൽ എൻ.എസ്.എസ് സമദൂര നിലപാട് സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും കോടിയേരി പറഞ്ഞു. എൻ.എസ്.എസ് ഉൾപ്പെടെയുള്ള ഒരു സംഘടനയോടും ശത്രുതയില്ല.തിരഞ്ഞെടുപ്പിൽ എസ്.എൻ.ഡി.പി. സ്വീകരിച്ച നിലപാട് സ്വാഗതാർഹമാണ്. ഓരോ സംഘടനയ്ക്കും അവരുടേതായ നിലപാടുകളുണ്ട്. എൻ.എസ്.എസ്. നേരത്തെയുള്ളതുപോലെ സമദൂര നിലപാട് സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |