എൽസ ക്യാപ്‌ടനും ജീവനക്കാരുമടക്കം പ്രതികൾ
പ്രതിപക്ഷം ആയുധമാക്കി, സർക്കാർ തീരുമാനം മാറ്രി
കൊച്ചി/ തിരുവനന്തപുരം: കൊച്ചി തീരത്തിനടുത്ത് രണ്ടാഴ്ച മുമ്പ് എൽസ ചരക്കുകപ്പൽ മറിഞ്ഞതിൽ കേസെടുക്കേണ്ടെന്ന തീരുമാനം, പ്രതിപക്ഷം രാഷ്ട്രീയായുധമാക്കിയതോടെ സർക്കാർ മാറ്റി. ഫോർട്ടുകൊച്ചി കോസ്‌റ്റൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
സി.പി.എം അമ്പലപ്പുഴ ഏരിയാ കമ്മിറ്റി സെക്രട്ടറി സി. ഷാംജിയുടെ പരാതിയിലാണ് കേസ്. ആലപ്പുഴ തെക്കേമുറി സ്വദേശിയായ ഷാംജി മത്സ്യത്തൊഴിലാളി യൂണിയൻ നേതാവുമാണ്.
കപ്പലുടമ മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനി (എം.എസ്.സി) വിഴിഞ്ഞം തുറമുഖ വികസനത്തിൽ പ്രധാന കണ്ണിയാകേണ്ട ആഗോള ഭീമനാണ്. ഇവരെ പിണക്കേണ്ടെന്നായിരുന്നു സർക്കാരിനു കിട്ടിയ ഉപദേശം. എന്നാൽ, കേസെടുക്കാത്തത് നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലും ചർച്ചയായതോടെ തീരുമാനം മാറ്റുകയായിരുന്നു. സർക്കാരും അദാനിയുമായി ചേർന്നുള്ള ഒത്തുകളിയാണെന്നായിരുന്നു പ്രതിപക്ഷ ആരോപണം.
എം.എസ്.സിയാണ് ഒന്നാം പ്രതി. കപ്പലിന്റെ ക്യാപ്‌ടനായ റഷ്യൻ പൗരൻ ഇവാനോവ് അലക്‌സാണ്ടറും ജീവനക്കാരായ 23 പേരുമാണ് മറ്റു പ്രതികൾ. അലക്ഷ്യമായി കപ്പലോടിക്കുക, കപ്പൽപ്പാതയിൽ അപകടമുണ്ടാക്കുക, അശ്രദ്ധമായി വിഷവസ്തുക്കൾ കൈകാര്യം ചെയ്യൽ, സംഘടിതമായി കുറ്റംചെയ്യൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണിവ.
എം.എസ്.സിയോട് നഷ്ടപരിഹാരം വാങ്ങിയാൽ മതിയെന്ന സർക്കാർ തീരുമാനത്തോട് കേന്ദ്രത്തിനും യോജിപ്പായിരുന്നു. എന്നാൽ പ്രതിപക്ഷ ആക്ഷേപത്തിനു പുറമേ രണ്ടാമതൊരു കപ്പൽ കണ്ണൂർ അഴീക്കലിനടുത്ത് ഉഗ്രവിഷമുള്ള കണ്ടെയ്നറുകളുമായി പൊട്ടിത്തെറിച്ചതും കേസെടുക്കുന്നതിന് പ്രേരകമായി. കോടതി ഇടപെടലിനുള്ള സാദ്ധ്യതയും സർക്കാർ മണത്തു.
കേസെടുക്കാൻ അഡ്വക്കേറ്റ് ജനറൽ കെ. ഗോപാലകൃഷ്ണക്കുറുപ്പ് ഇന്നലെ നിയമോപദേശം നൽകിയതോടെ മുഖ്യമന്ത്രിയുടെ ഓഫീസ് വിവരം ഡി.ജി.പിയെ അറിയിച്ചു. തുടർന്നാണ് പൊലീസിന് നിർദ്ദേശം നൽകിയത്. പരാതിക്കാരനെ കോസ്റ്റൽ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി മൊഴിയെടുത്തു. പ്രതികളുടെ മൊഴി രേഖപ്പെടുത്തുന്നതിനും തുടർനടപടിക്കും വിവിധ വകുപ്പുകളുടെ സഹായംതേടും.
മേയ് 24നാണ് കൊച്ചിക്ക് 38 നോട്ടിക്കൽ മൈൽ അകലെ കപ്പൽ അപകടത്തിൽപ്പെട്ടത്. പിറ്റേന്ന് മുങ്ങി. കാത്സ്യം കാർബൈഡും മറ്രു മാരക രാസവസ്തുക്കളും കപ്പലിലുണ്ടായിരുന്നു.
ജീവനും സ്വത്തിനും
ഭീഷണിയുണ്ടാക്കി
1 എളുപ്പം തീപിടിക്കാവുന്ന ചരക്കുകളും സ്‌ഫോടകവസ്‌തുക്കളുമുണ്ടായിട്ടും മനുഷ്യജീവനും സ്വത്തിനും അപകടം ഉണ്ടാക്കുംവിധം കപ്പൽ കൈകാര്യംചെയ്തെന്ന് എഫ്.ഐ.ആർ
2 കണ്ടെയ്‌നറുകളിൽനിന്ന് വിനാശകാരികളായ പ്ലാസ്റ്റിക് അവശിഷ്ടങ്ങളും മറ്റും പുറന്തള്ളിയതിനാൽ പരിസ്ഥിതി പ്രശ്‌നങ്ങളുണ്ടായി
3 പരമ്പരാഗത മത്സ്യബന്ധന മേഖലയെ മാലിന്യം സാരമായി ബാധിച്ചു. മത്സ്യത്തൊഴിലാളികൾക്ക് ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായി
വിഴിഞ്ഞത്തിന്റെ
ഉറ്റ സുഹൃത്ത്
എം.എസ്.സിയുമായി വിഴിഞ്ഞം കേന്ദ്രമാക്കി ആഗോളവിതരണ ശൃംഖല സൃഷ്ടിക്കാൻ ധാരണയായതാണ്
ലോകത്തെ ഏറ്റവും വലിയ കപ്പലുകളെ എം.എസ്.സി വിഴിഞ്ഞത്തേക്കയച്ചു. ഏഷ്യ-യൂറോപ്പ് സർവീസിൽ ഉൾപ്പെടുത്തി
ജനീവ ആസ്ഥാനമാക്കി 155 രാജ്യങ്ങളിൽ വ്യാപിച്ചു കിടക്കുന്ന കമ്പനിക്ക് 860 കപ്പലുകളുണ്ട്
കേസെടുക്കാൻ വൈകിയിട്ടില്ല. പരാതി ലഭിക്കാത്തതായിരുന്നു കാരണം. ക്യാപ്‌ടന്റെയും കപ്പൽ ജീവനക്കാരുടെയും മൊഴിയെടുക്കും
പദംസിംഗ്, എ.ഐ.ജി,
കോസ്റ്റൽ പൊലീസ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |