കൊല്ലം: പാലത്തറയിൽ ദേശീയപാതയുടെ സർവീസ് റോഡ് ഇടിഞ്ഞു താഴ്ന്ന് മണിക്കൂറുകളോളം ആലപ്പുഴ ഭാഗത്തേക്കുള്ള ഗതാഗതം തടസപ്പെട്ടു. പാലത്തറ ജംഗ്ഷനിൽ പള്ളിമുക്കിൽ നിന്നുള്ള ഇടറോഡ് വന്നുചേരുന്നതിന് സമീപമാണ് ആലപ്പുഴ ഭാഗത്തേക്കുള്ള സർവീസ് റോഡ് പത്ത് മീറ്ററോളം നീളത്തിലും നാല് മീറ്ററോളം വീതിയിലും ഇടിഞ്ഞത്.
ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. ഈ ഭാഗത്ത് സർവീസ് റോഡ് തറനിരപ്പിനേക്കാൾ ഉയർന്നാണ് കടന്നുപോകുന്നത്. ഇടിഞ്ഞ ഭാഗത്തിന്റെ ഇരുവശങ്ങളിലും ഓടനിർമ്മിച്ച് ബലപ്പെടുത്തിയ ശേഷമാണ് സർവീസ് റോഡ് നിർമ്മിച്ചത്. പള്ളിമുക്കിൽ നിന്നുള്ള റോഡും തൊട്ടടുത്ത് ട്രാൻസ്ഫോർമറും ഉള്ളതിനാൽ ഇടിഞ്ഞുതാഴ്ന്ന ഭാഗത്ത് ഓട നിർമ്മിച്ചിരുന്നില്ല. അടുത്തിടെ ഓട നിർമ്മിക്കാനായി വശത്തെ മണ്ണ് നീക്കി. ഇതിനിടയിൽ മഴയിൽ കുഴിയിൽ വെള്ളം കെട്ടിയതോടെയാണ് ഇന്നലെ സർവീസ് റോഡ് ഇടിഞ്ഞത്. പാർശ്വഭിത്തി ഇല്ലാത്തതിനാൽ റോഡ് ഇടിയാനുള്ള സാദ്ധ്യത ദിവസങ്ങൾക്ക് മുമ്പ് കരാർ കമ്പനിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും തിരിഞ്ഞുനോക്കിയില്ലെന്നും നാട്ടുകാർ പറയുന്നു. മണ്ണിടിയാതിരിക്കാൻ താത്കാലിക സംവിധാനവും ഒരുക്കിയില്ല.
പാലത്തറ ജംഗ്ഷനിലെ മിനി ഫ്ലൈ ഓവറിലേക്കുള്ള ആർ.ഇ വാളുകളുടെ നിർമ്മാണം നടക്കുന്നതേയുള്ളു. അതുകൊണ്ട് തന്നെ സർവീസ് റോഡ് വഴിയാണ് ഈ ഭാഗത്തെ ഗതാഗതം. ഇടിഞ്ഞുതാഴ്ന്നതോടെ ആലപ്പുഴ ഭാഗത്തേക്കുള്ള സർവീസ് റോഡ് വഴി ഇരുചക്രവാഹനങ്ങൾ മാത്രമാണ് ഇന്നലെ കടത്തിവിട്ടത്. ആലപ്പുഴ ഭാഗത്തേക്കുള്ള വാഹനങ്ങൾ കൂടി വഴിതിരിച്ചുവിട്ടതോടെ തിരുവനന്തപുരം ഭാഗത്തേക്കുള്ള സർവീസ് റോഡിൽ ഈ ഭാഗത്ത് വൻ ഗതാഗത കുരുക്ക് രൂപപ്പെട്ടു.
പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്
റോഡ് ഇടിഞ്ഞുതാഴ്ന്ന ഭാഗത്ത് യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച പ്രതിഷേധം ഡി.സി.സി ജനറൽ സെക്രട്ടറി ഫൈസൽ കുളപ്പാടം ഉദ്ഘാടനം ചെയ്തു. സർവീസ് റോഡ് ഇടിഞ്ഞ് താഴ്ന്നതിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് കരാർ കമ്പനിക്കും നാഷണൽ ഹൈവേ അതോറിറ്റിക്കും ഒഴിഞ്ഞുമാറാനാവില്ലെന്നും ശാസ്ത്രീയ പഠനം ഇല്ലാത്തതും, വിദഗ്ദ്ധരുടെ മേൽനോട്ടമില്ലാതെയുമുള്ള നിർമ്മാണമാണ് തകർച്ചയുടെ കാരണമെന്നും ഫൈസൽ കുളപ്പാടം പറഞ്ഞു.
യൂത്ത് കോൺഗ്രസ് ഇരവിപുരം അസംബ്ലി പ്രസിഡന്റ് അനസ് ഇരവിപുരം അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി അസൈൻ പള്ളിമുക്ക്, രാജീവ് പാലത്തറ, അജ്മൽ പള്ളിമുക്ക്, സെയ്ദലി പഴയാറ്റിൻകുഴി, സിയാദ്, അതുൽ കുഷ്ണ തുടങ്ങിയവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |