കൊച്ചി: കേരളത്തിലെ 53 ശുദ്ധജല മത്സ്യങ്ങൾ വംശനാശഭീഷണിയിൽ. ഇതിൽ ഏഴെണ്ണം അതീവ വംശനാശഭീഷണി നേരിടുന്നു. ഇവയെ ഭൂമുഖത്ത് നിലനിറുത്താനുള്ള തീവ്രദൗത്യത്തിലാണ് സർക്കാർ. കൊച്ചിയിലെ കുഫോസിന്റെയും തിരുവനന്തപുരത്തെ അക്വാട്ടിക്സ് ബയോളജി ആൻഡ് ഫിഷറീസിന്റെയും സഹായത്തോടെയാണ് പദ്ധതി.
വനനശീകരണം, തേയില എസ്‌റ്റേറ്റുകളിലെ രാസവള പ്രയോഗങ്ങൾ, അമിത മത്സ്യബന്ധനം, അലങ്കാരമത്സ്യങ്ങളെ വൻതോതിൽ പിടികൂടി കടത്തൽ തുടങ്ങിയവയാണ് കാരണം. പശ്ചിമഘട്ടത്തിലും ഇതിനോട് ചുറ്റിപ്പറ്റിയുള്ള പുഴകളിലും വളരുന്ന ആറ്റുവാള, മഞ്ഞക്കൂരി, ചോരക്കനിയാൻ പരൽ, ചെമ്പൻകൂരൽ, ആശ്ചര്യപ്പരൽ, ആമീൻ, കറുകഴുത്തൻ എന്നിങ്ങനെ നീളുന്നു മത്സ്യങ്ങളുടെ പട്ടിക.
കൃത്രിമ പ്രജനനത്തിലൂടെ മൂന്ന് വർഷത്തിനുള്ളിൽ 15 ഇനങ്ങളെയും 10 വർഷത്തിനകം ശേഷിച്ചയിനങ്ങളെയും പട്ടികയിൽനിന്ന് പൂർണമായും ഒഴിവാക്കുകയാണ് ലക്ഷ്യം.
കുഫോസിലെ ഡോ. അൻവർ അലി, പി.എച്ച്ഡി വിദ്യാർത്ഥി മെൽബിൻലാൽ, അക്വാട്ടിക്സ് ബയോളജി ആൻഡ് ഫിഷറീസിലെ ഡോ. ബിജുകുമാർ എന്നിവരാണ് ദൗത്യമേറ്റെടുത്തിരിക്കുന്നത്.
ഡോ. അൻവർ അലിയും ഡോ. ബിജുകുമാറും അഞ്ച് വീതവും മെൽബിൻ പത്തിനം മത്സ്യങ്ങളെയുടെയും കൃത്രിമ പ്രജനനത്തിനാണ് നേതൃത്വം നൽകുന്നത്. നിലവിൽ മഞ്ഞക്കൂരി, ആശ്ചര്യപരൽ എന്നിവയുടെ കുഞ്ഞുങ്ങളെ കൃത്രിമ പ്രജനനത്തിലൂടെ വികസിപ്പിച്ചെടുക്കാനായിട്ടുണ്ട്. മഞ്ഞക്കൂരിയുടെ കുഞ്ഞുങ്ങളെ പെരിങ്ങൽക്കുത്ത് അണക്കെട്ടിലും ശാസ്താംകോട്ട തടാകത്തിലും നിക്ഷേപിച്ചിട്ടുണ്ട്.
കൃത്രിമ പ്രജനനം
വംശനാശഭീഷണി നേരിടുന്ന മത്സ്യങ്ങളെ ആദിവാസി സമൂഹത്തിന്റെയോ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സഹായത്തോടെയോ പിടിച്ച് വളർത്തി ഉത്പാദിപ്പിക്കുന്ന കുഞ്ഞുങ്ങളെ പിന്നീട് പുഴയിലും മറ്റും നിക്ഷേപിക്കും. അഞ്ചിനം മീനുകളുടെ കൃത്രിമ പ്രജനനത്തിന് 20ലക്ഷം രൂപയാണ് ജൈവവൈവിദ്ധ്യ ബോർഡ് നൽകുന്നത്. കൂടുതൽ തുക വകയിരുത്തണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.
അതീവ വംശനാശഭീഷണി നേരിടുന്നവ
1 എണ്ണ പാണ്ഡൻ
2 പുള്ളി ഏട്ട
3 ചെമ്പൻ കൂരൽ
4 മണലയര
5 വയനാടൻ കുയിൽമീൻ
6 പൂക്കോടൻ പരൽ
7 കാവേരി കുയിൽമീൻ
ഭക്ഷ്യയോഗ്യമായവ
ആറ്റുവാള,പൂവാലിപ്പരൽ, ചെമ്പൻകൂരൽ, കറുകഴുത്തൻ മഞ്ഞക്കൂരി, മോഡോൻ, വയനാടൻ കുയിൽ, വയനാടൻ മുഷി, എണ്ണപാണ്ഡെൻ, മൂറിണ്ടൻ മൂരശ് തുങ്ങിയ മത്സ്യങ്ങളാണ് ഭക്ഷ്യയോഗ്യമായിട്ടുള്ളത്. ചോരണക്കണിയൻ, ആറ്റുണ്ട, മഞ്ഞക്കൂ, പൂവാലിപ്പരൽ,കറുകഴുത്തൻ മഞ്ഞക്കൂരി എന്നിവയാണ് അലങ്കാര മത്സ്യമായി കടത്തുന്നത്. ഭൂരിഭാഗവും ചെറുമത്സ്യങ്ങളാണ്.
53 മത്സ്യഇനങ്ങളെ പത്തുവർഷത്തിനുള്ളിൽ വംശനാശഭീഷണി പട്ടികയിൽനിന്ന് ഒഴിവാക്കാനുള്ള തീവ്രദൗത്യത്തിലാണ്. ഇത് സാദ്ധ്യമാകും,
ഡോ. അൻവർ അലി
കുഫോസ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |