ന്യൂഡൽഹി: അഹമ്മദാബാദ് വിമാന ദുരന്തത്തിന്റെ ഞെട്ടലിലാണ് രാജ്യം. ഇരുന്നൂറ്റി നാൽപ്പതിലധികം പേരുമായി പറന്ന വിമാനം നിമിഷങ്ങൾക്കകം തകർന്നുവീണു. ദുരന്തത്തിൽ നൂറിലധികം പേർക്ക് ജീവൻ നഷ്ടമായിട്ടുണ്ടെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ.
അപകടത്തിന്റെ കാരണം വ്യക്തമല്ല. വിമാനത്തിലുണ്ടായിരുന്നവരിൽ ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും ഉൾപ്പെടുന്നു. അദ്ദേഹം ഗുരുതരാവസ്ഥയിൽ ചികിത്സയിലാണെന്നാണ് വിവരം. ഇന്ത്യയുടെ വ്യോമയാന ചരിത്രത്തിൽ മുൻകാല വ്യോമയാന ദുരന്തങ്ങളെ ഓർമ്മിപ്പിക്കുന്നതാണ് ഈ അപകടം.
ചാർഖി ദാദ്രി ദുരന്തം
1996 നവംബർ 12ന് നടന്ന ചർഖി ദാദ്രി വിമാന കൂട്ടിയിടിയാണ് ഏറ്റവും വിനാശകരമായ സംഭവങ്ങളിലൊന്ന്. ഹരിയാനയിലെ ചർഖി ദാദ്രിക്ക് സമീപമായിരുന്നു ദുരന്തമുണ്ടായത്. സൗദി അറേബ്യൻ എയർലൈൻസിന്റെ ബോയിംഗ് 747 ഉം കസാക്കിസ്ഥാൻ എയർലൈൻസിന്റെ ഇല്യുഷിൻ ഇൽ76 ഉം കൂട്ടിയിടിക്കുകയായിരുന്നു. ദുരന്തത്തിൽ ഇരുവിമാനങ്ങളിൽ നിന്നുമായി 349 പേർ കൊല്ലപ്പെട്ടു.
മംഗളൂരു എയർ ഇന്ത്യ ദുരന്തം
2010 മെയ് 22 ന് ദുബായിൽ നിന്ന് മംഗലാപുരത്തേക്ക് പറന്നുയർന്ന എയർ ഇന്ത്യ എക്‌സ്‌പ്രസ് ഫ്‌ളൈറ്റ് മംഗലാപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്നതിനിടെ തകർന്നുവീഴുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന 166 പേരിൽ 158 പേരും മരിച്ചു. ഇന്ത്യൻ വ്യോമയാനത്തിലെ ഏറ്റവും മാരകമായ ലാൻഡിംഗ് അപകടങ്ങളിൽ ഒന്നാണിത്.
എയർ ഇന്ത്യ അറേബ്യൻ സീ ക്രാഷ്
1978 ജനുവരി 1ന്, എയർ ഇന്ത്യ വിമാനം മുംബയിൽ നിന്ന് പറന്നുയർന്ന് അൽപ്പസമയത്തിനുള്ളിൽ അറബിക്കടലിൽ വീണു. വിമാനത്തിലുണ്ടായിരുന്ന 213 പേരും മരിച്ചു.
എയർ ഇന്ത്യ എക്സ്പ്രസ് വിമാനം IX1344 തകർന്നു
2020 ഓഗസ്റ്റ് ഏഴിന് രാത്രി കോഴിക്കോട് (കരിപ്പൂർ) വിമാനത്താവളത്തിൽ വച്ച് എയർ ഇന്ത്യ എക്സ്പ്രസ് തകർന്നതും സമാനമായ ഒരു ദാരുണ സംഭവമായിരുന്നു. ദുബായിൽ നിന്നെത്തിയ വിമാനം റൺവേയിൽ നിന്ന് തെന്നിമാറി, തകർന്നു. വിമാനത്തിലുണ്ടായിരുന്ന 190 പേരിൽ 21 പേർ കൊല്ലപ്പെടുകയും 100 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ചിലരുടെ പരിക്ക് ഗുരുതരമായിരുന്നു.
ഇന്ത്യൻ എയർലൈൻസ് ഫ്‌ളൈറ്റ് 605 അപകടം
1990 ഫെബ്രുവരി 14ന് ബംഗളൂരുവിൽ, ഇന്ത്യൻ എയർലൈൻസ് ഫ്‌ളൈറ്റ് റൺവേയിലേക്ക് അടുക്കുന്നതിനിടെ തെന്നിമാറിയതിനെ തുടർന്ന് തകർന്നുവീണു. 146 പേർ വിമാനത്തിലുണ്ടായിരുന്നു. 92 പേർ മരിച്ചു.
എയർ ഇന്ത്യ ഫ്‌ളൈറ്റ് 403 ദുരന്തം
1982 ജൂൺ 21ന് ബോംബെ വിമാനത്താവളത്തിനടുത്തെത്തുമ്പോൾ എയർ ഇന്ത്യ ഫ്‌ളൈറ്റ് 403 വിമാനം തകർന്നുവീണു. വിമാനത്തിലുണ്ടായിരുന്ന 111 പേരിൽ 17 പേർ മരിച്ചു.
1998 ലെ പട്ന വിമാനാപകടം
1998 ജൂലായ് 17 ന് പട്നയ്ക്ക് സമീപം അലയൻസ് എയർ ഫ്‌ളൈറ്റ് 7412 തകർന്നു. വിമാനത്താവളത്തിന് സമീപമുള്ള ജനവാസമേഖലയിലാണ് വിമാനം വീണത്. വിമാനത്തിലുണ്ടായിരുന്ന 55 പേരും നിലത്തുണ്ടായിരുന്ന അഞ്ച് പേരും മരിച്ചു.
1988ലെ അഹമ്മദാബാദ് വിമാനാപകടം
1988 ഒക്ടോബർ 19ന് മറ്റൊരു വലിയ ദുരന്തം സംഭവിച്ചു. ഇന്ന് അപകടമുണ്ടായ അഹമ്മദാബാദിന് സമീപം ഇന്ത്യൻ എയർലൈൻസ് വിമാനം തകർന്നുവീണു. 130 പേർ മരിച്ചു.
കനിഷ്‌ക ബോംബിംഗ്
1985 ജൂൺ 23ന് നടന്ന എയർ ഇന്ത്യ ഫ്‌ളൈറ്റ് ബോംബാക്രമണമാണ് ഇന്ത്യയുടെ വ്യോമയാന ഓർമ്മകളെ വേട്ടയാടുന്ന മറ്റൊരു ദുരന്തം. കാനഡയിൽ നിന്ന് ഇന്ത്യയിലേക്ക് പറന്നുയർന്ന വിമാനത്തിൽ സിഖ് വിഘടനവാദികൾ ബോംബ് വച്ചു. ഇതുമൂലം വിമാനം അയർലൻഡ് തീരത്ത് പൊട്ടിത്തെറിച്ചു. വിമാനത്തിലുണ്ടായിരുന്ന 329 യാത്രക്കാരും ജീവനക്കാരും കൊല്ലപ്പെട്ടു.
സൈനിക വിമാനാപകടങ്ങൾ
ഈ സിവിലിയൻ ദുരന്തങ്ങൾക്ക് പുറമേ, ഇന്ത്യ നിരവധി സൈനിക വിമാനാപകടങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഇന്ത്യൻ വ്യോമസേനയുടെ മിഗ്21 ജെറ്റുകൾ ഉൾപ്പെടെ തകർന്നിട്ടുണ്ട്. സാങ്കേതിക തകരാറുകൾ മൂലമോ പരിശീലന പറക്കലുകൾക്കിടയിലോ ഉണ്ടാകുന്ന അപകടങ്ങളിൽ നിരവധി പൈലറ്റുമാർക്ക് ജീവൻ നഷ്ടപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |