SignIn
Kerala Kaumudi Online
Sunday, 06 July 2025 2.24 PM IST

മഴക്കാലത്ത് ഏറ്റവും സൂക്ഷിക്കേണ്ടത് ത്വക്കിനെ, ശ്രദ്ധിക്കേണ്ട ചില പ്രധാന കാര്യങ്ങൾ

Increase Font Size Decrease Font Size Print Page
rain

മഴക്കാലം പകര്‍ച്ച വ്യാധികളുടെയും കാലമാണ്. അന്തരീക്ഷത്തിലെ തണുപ്പും ഈര്‍പ്പവും ചര്‍മ്മത്തെയും ബാധിക്കുന്നുണ്ട്. ചില ത്വക് രോഗങ്ങള്‍ മഴ മാസങ്ങളില്‍ കൂടുതലായി കാണപ്പെടുന്നു. അത് ഏതൊക്കെയാണെന്ന് നോക്കാം.

1. പൂപ്പല്‍ രോഗങ്ങള്‍ (Fungal Infections)

കാന്‍ഡിഡ എന്ന ഫംഗസ് നമ്മുടെ ശരീരത്തില്‍ കാണുന്ന ഒരു ജീവിയാണ്. പക്ഷേ കൂടുതലായി ഈര്‍പ്പം ഉള്ള കാലാവസ്ഥയില്‍ ഇവ നഖങ്ങളിലും, വായിലും രോഗം ഉണ്ടാക്കുന്നു.


നഖച്ചുറ്റ്

എപ്പോഴും നനയുന്ന കാല്‍പാദങ്ങളില്‍ നഖത്തിന് ചുറ്റും നീര്‍ക്കെട്ടും വേദനയും കാന്‍ഡിഡാ ഫംഗസ് ബാധ മൂലമുണ്ടാകുന്നു. ചിലപ്പോള്‍ നഖത്തിന് നിറ വ്യത്യാസവും കാണാം .കൈനഖങ്ങളിലും ഈ അണുബാധ കാണാറുണ്ട്. പ്രമേഹ രോഗികളിലാണ് ഇത് പെട്ടെന്ന് പിടിപെടാന്‍ സാധ്യതയുള്ളത്.


ഗുഹ്യഭാഗങ്ങളിലെ ഫംഗസ് ബാധ

അണുബാധയ്ക്ക് അന്തരീക്ഷത്തിലെ നനവും, പ്രമേഹവും കാരണമാണ്. ചൊറിച്ചിലും, നിറവ്യത്യാസവും ഉണ്ടാക്കാം. അസുഖബാധിതമായ നഖവും ചര്‍മ്മവും ചുരണ്ടിയെടുത്ത് പൊട്ടാസ്യം ഹൈഡ്രോക്ലോറൈഡ് ലായനിയില്‍ ഇട്ട് മൈക്രോസ്‌കോപ്പിലൂടെ പരിശോധിച്ചാല്‍ ഫംഗസിന്റെ നാരുകള്‍ കാണാന്‍ സാധിക്കും.

ഇമിഡസോള്‍ അടങ്ങിയ മരുന്നുകള്‍ ഉള്ളില്‍ കഴിക്കുകയും ലേപനങ്ങള്‍ പുരട്ടുകയും ചര്‍മ്മവും നഖവും ഈര്‍പ്പരഹിതമായി സൂക്ഷിക്കുകയും ചെയ്യുകയാണെങ്കില്‍ ഫംഗസ് ബാധ നിയന്ത്രിക്കുവാന്‍ സാധിക്കും. പ്രമേഹരോഗികള്‍, പ്രതിരോധശേഷി കുറവുള്ള രോഗികള്‍, ദീര്‍ഘകാലം ആന്റിബയോട്ടിക്, സ്റ്റിറോയ്ഡ് ഇവ കഴിക്കുന്ന രോഗികള്‍ ഇവരെല്ലാം ഒരു മെഡിക്കല്‍ സ്‌പെഷ്യലിസ്റ്റിന്റെ മേല്‍നോട്ടത്തില്‍ മരുന്ന് കഴിക്കേണ്ടതാണ്.

2. ബാക്ടീരിയ മൂലം ഉണ്ടാകുന്ന ചര്‍മ്മ രോഗങ്ങള്‍

കുട്ടികളില്‍ സ്റ്റഫൈലോകോക്കസ് വിഭാഗത്തില്‍ പെടുന്ന ബാക്ടീരിയ ഇംപെറ്റെഗോ (Impetigo) എന്ന രോഗം ഉണ്ടാക്കാം. ഈര്‍പ്പം മൂലം തൊലി പൊട്ടുകയോ നേര്‍മ്മയാവുകയോ. ചെയ്യുമ്പോഴാണ് അണുബാധ ഉണ്ടാകുന്നത്. ചെറിയ ഒരു കുമിളയാണ് തുടക്കം. തൊലിക്കകത്തുള്ള കൊഴുപ്പാണ് ഇവ പെരുകാന്‍ കാരണം. ഇത് പകരുന്ന രോഗമാണ്. നാട്ടിന്‍പുറത്ത് കരപ്പന്‍ എന്ന് വിളിക്കുന്ന രോഗമാണിത്. സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് മിക്ക കുട്ടികള്‍ക്കും മഴക്കാലങ്ങളില്‍ ഇത് കാണപ്പെടാറുണ്ട്. രോമകൂപങ്ങള്‍ക്കുള്ളില്‍ വരുന്ന അണുബാധയും കുട്ടികളില്‍ കാണാറുണ്ട്. ഇത് മുതിര്‍ന്നവരിലും ഉണ്ടാകാം. Folliculitis എന്നാണ് ഇതിന്റെ പേര്. ബാക്ടീരിയ ആണ് ഇതിനും കാരണം. മഴക്കാലത്ത് പാദങ്ങള്‍ എപ്പോഴും നനയുന്നവരില്‍ വളംകടി എന്ന് പഴമക്കാര്‍ പറയുന്ന അണുബാധ ഉണ്ടാകാറുണ്ട്.


നേരത്തെ കണ്ടുപിടിക്കുകയും കുമിളകളിലെ നീരോ പഴുപ്പോ എടുത്ത് കള്‍ച്ചര്‍ ചെയ്ത് രോഗാണുവിനെ മനസിലാക്കിയാല്‍ ഫലം നല്‍കുന്ന ആന്റിബയോട്ടിക്‌സ് കൊണ്ട് നിയന്ത്രിക്കുവാന്‍ സാധിക്കും.

എക്‌സിമ

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഉണ്ടാകുന്ന ഒരു ചര്‍മ്മരോഗമാണ് എക്‌സിമ. ഇത് മഴക്കാലത്ത് രൂക്ഷമാകാന്‍ സാധ്യതയുണ്ട്. കുഞ്ഞുങ്ങളില്‍ കാണുന്ന AtopicDermatitis മഴ മാസങ്ങളില്‍ ചൊറിച്ചില്‍ അധികരിക്കാനും തണുപ്പ് കാലാവസ്ഥയില്‍ ചര്‍മ്മം വീണ്ടു പൊട്ടുവാനും സാധ്യതയുണ്ട്. അതിനൊപ്പം പൊട്ടിയ തൊലിയിലൂടെ ബാക്ടീരിയ കൊണ്ടുള്ള അണുബാധയും ഉണ്ടാകും. അന്തരീക്ഷ താപവ്യതിയാനം ഒരളവുവരെ ഇതിന് സഹായകമാണ്. എക്‌സിമ ഉള്ള മുതിര്‍ന്നവരിലും, തണുപ്പ് മൂലം ചൊറിച്ചില്‍ അധികമാ വുകയും തൊലി വരണ്ടു കീറുകയുംചെയ്യും. അണുബാധയും ഫംഗസ് ബാധയും ഉണ്ടാകാനുള്ള സാധ്യതയുണ്ട്.


രോഗലക്ഷണങ്ങള്‍ അസഹ്യമായാല്‍ ഉടന്‍തന്നെ ഒരു ത്വക്ക് രോഗ വിദഗ്ധനെ കാണേണ്ടതാണ്.

കൈക്കുള്ളില്‍ വരുന്ന

ഈ രോഗം കൈകള്‍ എപ്പോഴും നനയുന്നവരിലാണ് കാണുന്നത്. നനവുള്ള കാലാവസ്ഥയില്‍ ഇത് അധികരിക്കും. കൈപ്പടങ്ങളുടെ പുറം ചര്‍മ്മത്തിലും ചൊറിച്ചിലും നിറവ്യത്യാസവും ഉണ്ടാകും. വിരലുകളുടെ അറ്റങ്ങള്‍ വീണ്ടുകീറുകയും ചെയ്യും. രോഗ ലക്ഷണങ്ങള്‍ കൂടുതല്‍ രൂക്ഷമാകുന്നതിന് മുമ്പ് വൈദ്യസഹായം തേടണം. കൈകള്‍ ഇര്‍പ്പ രഹിതമായി സൂക്ഷിക്കുക, സ്റ്റിറോയിഡ് അടങ്ങിയ ലേപനങ്ങള്‍ പുരട്ടുക ഇവ ഫലപ്രദമാണ്.

ചര്‍മ സംരക്ഷണം

1. സോപ്പിന്റെ ഉപയോഗം പരമാവധി കുറയ്ക്കുക. കൂടെ കൂടെ കൈയ്യും കാലും സോപ്പോ മറ്റു ഡിറ്റര്‍ജന്റുകളോ ഉപയോഗിച്ച് കഴുകാതെ ഇരിക്കുക. തണുപ്പുള്ളപ്പോള്‍ തൊലി വരളാന്‍ ഇത് കാരണമാകാം.

2. ചൂടുള്ള അന്തരീക്ഷത്തില്‍ ഇരിക്കുവാന്‍ ശ്രമിക്കുക. വായു സഞ്ചാരം കൂടുതലുള്ളതും ഈര്‍പ്പം കുറവുള്ളതുമായ അന്തരീക്ഷം ചര്‍മ്മത്തിലെ സ്‌നിഗ്ധത നഷ്ടപ്പെടാതെ സൂക്ഷിക്കുവാന്‍ സഹായിക്കും.

3. തൊലി വരളാതെയിരിക്കാന്‍ എണ്ണ സമൃദ്ധമായി തേച്ചു കുളിക്കുക. സാധാരണ വെളിച്ചെണ്ണ വളരെ ഫലപ്രദമാണ്.

4. തലമുടി കൂടെക്കൂടെ ഷാംപൂ ചെയ്യാതിരിക്കുക. കണ്ടീഷണര്‍ അടങ്ങിയ ഷാംപൂ ഉപയോഗിക്കുക.

5. നനവുള്ള മുടി കെട്ടി വയ്ക്കാതിരിക്കുവാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. മുടിയിലെ കായ് എന്ന് പറയുന്ന ഫംഗസ് രോഗം (Piedra) വരാന്‍ സാധ്യതയുണ്ട്. കുളി കഴിഞ്ഞ് മുടി നന്നായി ഉണക്കാന്‍ ശ്രദ്ധിക്കണം.

6. ഇറുക്കമുള്ള ഷൂസുകള്‍ ധരിച്ചാല്‍ പാദങ്ങളില്‍ നനവ് കെട്ടി നില്‍ക്കുന്നതുമൂലം ഫംഗസ് രോഗം വരാന്‍ സാധ്യതയുണ്ട്. രാത്രി കിടക്കുന്നതിനു മുമ്പ് പാദങ്ങള്‍ നന്നായി കഴുകി ഈര്‍പ്പം തുടച്ചു മാറ്റി ഇമിഡസോള്‍ അടങ്ങിയ പൗഡര്‍ കാല്‍വിരലില്‍ പൂശുക.

7. കൈ നഖങ്ങളില്‍ നെയില്‍ പോളിഷ് പുരട്ടുന്നത് ഇര്‍പ്പം തിങ്ങി നില്‍ക്കാതിരിക്കാന്‍ സഹായിക്കും. കാലിന്റെയും കൈയ്യുടെയും നഖത്തിന്റെയും അകത്തേക്ക് കയറ്റി വെട്ടാതിരിക്കാന്‍ ശ്രദ്ധിക്കുക. നഖത്തിനിടയില്‍ നനവ് മാറാതിരിക്കാനും അഴുക്ക് കയറാനും അണുബാധ ഉണ്ടാകുവാനും ഇത് കാരണമാകും.

മഴ മഴക്കാലത്ത് ഈര്‍പ്പമുള്ള അന്തരീക്ഷം കാരണം ചര്‍മ്മം വരളും. നനഞ്ഞ കാലാവസ്ഥയില്‍ തൊലിയില്‍ പൊട്ടല്‍ ഉണ്ടാകുവാനും തന്മമൂലം അണുബാധയ്ക്കുള്ള സാധ്യതയും ഉണ്ട്. അതിനാല്‍ തണുപ്പുള്ള ഈ കാലാവസ്ഥയില്‍ ചര്‍മ്മ സംരക്ഷണം വളരെ ശ്രദ്ധയോടെ ചെയ്യേണ്ടതാണ്. ശരീരത്തിലെ ഏറ്റവും വലിയ അവയവം ചര്‍മ്മമാണ് അത് ജാഗ്രതയോടെ തന്നെ സൂക്ഷിക്കേണ്ടതുമാണ്.


Dr. Sreerekha Panicker
Consultant Dermatologist
SUT Hospital, Pattom,TVM

TAGS: HEALTH, LIFESTYLE HEALTH, RAIN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.