അഹമ്മദാബാദ്: ലണ്ടനിലേക്ക് പറന്നയുര്‍ന്ന വിമാനം മിനിറ്റുകള്‍ക്കുള്ളിലാണ് നിലംപതിച്ചത്. അഹമ്മദാബാദിലെ ബിജെ മെഡിക്കല്‍ കോളേജ് ഹോസ്റ്റലിലേക്ക് ഇടിച്ചിറങ്ങിയ വിമാനത്തില്‍ ഉണ്ടായിരുന്ന ആരും രക്ഷപ്പെട്ടില്ല. ഹോസ്റ്റലിലുണ്ടായിരുന്ന അഞ്ച് വിദ്യാര്‍ത്ഥികളും ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയും ഉള്‍പ്പെടെ 242 പേര്‍ അപകടത്തില്‍ മരിച്ചുവെന്നാണ് വിവരം. ഇതില്‍ രണ്ട് മലയാളികളും ഉള്‍പ്പെടുന്നുണ്ട്. ഇതില്‍ ഒരാളെക്കുറിച്ചുള്ള വിവരം മാത്രമാണ് ലഭിച്ചിട്ടുള്ളത്. ലണ്ടനിലുള്ള മകളെ കാണാനുള്ള യാത്രയ്ക്കിടെയാണ് വിജയ് രൂപാണി അപകടത്തില്‍പ്പെട്ടത്.
പത്തനംതിട്ട തിരുവല്ലയിലെ പുല്ലാട് സ്വദേശി രഞ്ജിത ഗോപകുമാറാണ് മരിച്ച മലയാളികളില്‍ ഒരാള്‍. ലണ്ടനില്‍ നഴ്‌സാണ് രഞ്ജിത. നേരത്തെ ഒമാനില്‍ ജോലി ചെയ്തിരുന്ന ഇവര്‍ ഒരു വര്‍ഷം മുമ്പാണ് ലണ്ടനിലെത്തിയത്. അവധിക്ക് നാട്ടിലെത്തി മക്കളേയും അമ്മയേയും കണ്ട ശേഷം ബുധനാഴ്ചയാണ് ലണ്ടനിലേക്ക് മടങ്ങിയത്. രഞ്ജിതയ്ക്ക് രണ്ട് പെണ്‍മക്കളാണ്. മൂത്തയാള്‍ പത്താം ക്ലാസിലും ഇളയ കുട്ടി ഏഴാം ക്ലാസിലുമാണ് പഠിക്കുന്നത്. രഞ്ജിതയുടെ അമ്മയും മക്കളും മാത്രമാണ് നാട്ടിലെ വീട്ടിലുള്ളത്.
നാട്ടില്‍ ഇവരുടെ വീട് പണി പുരോഗമിക്കുകയാണ്.
പത്ത് ദിവസത്തെ അവധിക്കാണ് രഞ്ജിത നാട്ടിലെത്തിയത്. യുകെയിലെ പോര്‍ട്‌സ്മൗത്ത് യൂണിവേഴ്‌സിറ്റി ആശുപത്രിയിലാണ് രഞ്ജിത ജോലി ചെയ്തിരുന്നത്.
അവധി കഴിഞ്ഞതോടെ ലണ്ടനിലേക്ക് മടങ്ങാനായി കൊച്ചിയിലെത്തി അവിടെ നിന്ന് ഇന്നലെയാണ് രഞ്ജിത വിമാനം കയറിയത്. 'രഞ്ജിത കോഴഞ്ചേരി ഗവണ്‍മെന്റ് ആശുപത്രിയിലെ സ്റ്റാഫായിരുന്നു. അഞ്ച് വര്‍ഷത്തെ അവധിയെടുത്താണ് വിദേശത്തേക്ക് പോയത്. രണ്ട് സഹോദരന്മാരുണ്ട്. രഞ്ജിതയുടെ പിതാവ് ഗോപകുമാര്‍ നേരത്തെ മരിച്ചു. ഭര്‍ത്താവിനെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയില്ല.'- നാട്ടുകാരന്‍ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |