കൊച്ചി: അദ്ധ്യാപനത്തിന്റെ രജതജൂബിലിയുടെ നിറവിലാണ് ഇരട്ടകളായ ഷീനയും ഷീജയും. പാലാ നെച്ചിപ്പുഴൂർ ഷീബഭവനിൽ അദ്ധ്യാപക ദമ്പതികളായ കെ.വി. ബാലകൃഷ്ണൻ നായരുടെയും എൻ. വിജയമ്മയുടെയും മക്കൾ. ജനിച്ചതും പഠനം തുടങ്ങിയതും വിവാഹം കഴിച്ചതും ജോലിയിൽ പ്രവേശിച്ചതുമെല്ലാം ഒരേദിവസമാണ്.
മാത്തമാറ്റിക്സ് എം.എസ്‌സി, ബി.എഡ്, എംഫിൽ പാസായ ഇരുവരും 2001 ജൂലായ് 21നാണ് അദ്ധ്യാപികമാരായത്. സ്കൂൾതലം മുതൽ എം.ഫിൽ വരെ മികച്ച മാർക്ക് നേടിയാണ് വിജയിച്ചത്. കോട്ടയം മാന്നാനത്തായിരുന്നു ആദ്യനിയമനം. ഇരുവരും കൂത്താട്ടുകുളം വിസാറ്റ് കോളേജിൽ മാത്തമാറ്റിക്സ് അദ്ധ്യാപികമാരാണ്.
ഇരുവരുടെയും പെണ്ണുകാണലിനുമുണ്ട് സവിശേഷമായൊരു സമാനത. ഇരുവർക്കും നാല് വീതം ആലോചനകളാണ് വന്നത്. പത്രപ്പരസ്യം കണ്ട് പെണ്ണുകാണാൻ വന്നത് എട്ടുപേർ. ആദ്യത്തെ ആലോചന ഷീജയ്ക്കാണെങ്കിൽ അടുത്തത് ഷീനയ്‌ക്ക്. പ്രായവും വിദ്യാഭ്യാസയോഗ്യതയും ഒരുപോലെയായതിനാൽ വിവാഹം ആലോചിച്ച് വന്നവർക്കും അതിൽ എതിർപ്പുണ്ടായിരുന്നില്ല.
നാലാമത് കാണാൻ വന്നവരുമായാണ് വിവാഹമുറപ്പിച്ചത്. ഒരേദിവസം ഒരേ മുഹൂർത്തത്തിൽ പാലാ കടപ്പാട്ടൂർ ക്ഷേത്രത്തിലായിരുന്നു വിവാഹം. തുടർന്ന് വൈക്കത്തിനടുത്ത് 10 കിലോമീറ്റർ അകലത്തിലുള്ള ഭർതൃവീടുകളിലെത്തിയപ്പോഴാണ് ഇരുവരും ആദ്യമായി അടുപ്പത്തിന്റെ അകലമറിഞ്ഞത്. ഷീജ ഉല്ലലയുടെയും ഷീന വടയാറിന്റെയും മരുമക്കളായി.
കലാരംഗത്തും ഒരുമിച്ച്
നൃത്തം, സംഗീതം, സാഹിത്യം, ചിത്രരചന തുടങ്ങി കലാ സാംസ്കാരിക രംഗങ്ങളിലും ഇരുവരും ഒരുമിച്ചാണ്. ചെറുപ്പം മുതൽ നൃത്തം ചെയ്യുമായിരുന്നു. പക്ഷേ ശാസ്ത്രീയമായി അഭ്യസിച്ച് അരങ്ങേറിയത് 49-ാം വയസിലാണ്. സംഗീതവും ചിത്രരചനയും പഠിച്ചിട്ടില്ലെങ്കിലും നന്നായി വഴങ്ങും. കോളേജിലെ ചടങ്ങുകൾക്കും നാട്ടിലെ ക്ഷേത്രോത്സവങ്ങളിലുമെല്ലാം ഭരതനാട്യവും സംഗീതപരിപാടികളും അവതരിപ്പിക്കാറുണ്ട്. റിട്ട. ഡെപ്യൂട്ടി തഹസിൽദാർ ജി. സുരേഷ്ബാബുവാണ് ഷീജയുടെ ഭർത്താവ്. മക്കൾ: സിദ്ധാർത്ഥ് (എം.ബി.ബി.എസ് വിദ്യാർത്ഥി), ശ്രീവിനായക് (എൻജിനിയറിംഗ് വിദ്യാർത്ഥി). എഫ്.എ.സി.ടി ഉദ്യോഗമണ്ഡലിൽ എൻജിനിയറായ കെ. സുനിൽകുമാറാണ് ഷീനയുടെ ഭർത്താവ്. മകൾ: നിരഞ്ജന (കമ്പ്യൂട്ടർ എൻജിനിയറിംഗ് വിദ്യാർത്ഥിനി).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |