ന്യൂഡൽഹി: എയർഇന്ത്യാ വിമാനം അഹമ്മദാബാദ് വിമാനത്താവളത്തിന് പുറത്ത് മെഡിക്കൽ കോളേജ് ഹോസ്റ്റലിന് മുകളിൽ തകർന്നു വീണ് സ്‌ഫോടനമുണ്ടായതും തീ ആളിപ്പടർന്നതും രക്ഷാപ്രവർത്തനം ദുഷ്‌കരമാക്കി. ഇന്ധന ടാങ്കിന് തീപിടിച്ചതോടെ അടുത്തേക്ക് പോകാൻ കഴിയാതായി.
ഹോസ്റ്റൽ കെട്ടിടം തകരുകയും തീയും പുകയും വ്യാപിക്കുകയും ചെയ്‌തു. ഒരുമണിക്കൂറോളം കഴിഞ്ഞാണ് രക്ഷാപ്രവർത്തനം തുടങ്ങിയത്. വിമാനത്തിന്റെ അവശിഷ്‌ടങ്ങൾ പരിസരത്തെല്ലാം തെറിച്ചു വീണു. അവയും കത്തിക്കൊണ്ടിരുന്നതിനാൽ അടുക്കാനായില്ല. കെട്ടിടത്തോട് ചേർന്നു നിന്ന വൻ മരങ്ങൾ അടക്കം കത്തി നിലംപതിച്ചു. തീയണയ്ക്കാൻ മണിക്കൂറുകൾ വേണ്ടിവന്നു.
ഹോസ്റ്റലിലുണ്ടായിരുന്ന മെഡിക്കൽ വിദ്യാർത്ഥികളാണ് രക്ഷാപ്രവർത്തനം തുടങ്ങിയത്. സഹപാഠികളെ കെട്ടിട അവശിഷ്‌ടങ്ങൾക്കിടയിൽ നിന്ന് രക്ഷിക്കാനായിരുന്നു ശ്രമം. മെഡിക്കൽ കോളേജിനോട് ചേർന്ന സിവിൽ ആശുപത്രിയിലെ ആംബുലൻസുകളിൽ പരിക്കേറ്റവരെ മാറ്റി. ഈ ദൃശ്യങ്ങൾ കണ്ടവർ വിമാനത്തിൽ ഉണ്ടായിരുന്നവരെ രക്ഷപ്പെടുത്തിയെന്നാണ് കരുതിയത്.
വീമാനത്തിന്റെ പ്രധാന ഭാഗം കെട്ടിടത്തിന്റെ മുകളിൽ കുടുങ്ങിക്കിടന്ന് ഏറെ നേരം കത്തി. തീയും പുകയും കാരണം രക്ഷാപ്രവർത്തകർക്ക് അടുക്കാൻ കഴിഞ്ഞില്ല. വിമാനം വീണ് ഇരുനില കെട്ടിടം തകർന്ന് വലിയ ഗർത്തം രൂപപ്പെട്ടിരുന്നു. വിമാനത്തിന്റെ ചക്രങ്ങൾ അടക്കം ഭാഗങ്ങൾ പലയിടത്തായി കുടുങ്ങിക്കിടന്നു. ഇതിനിടയിലായിരുന്നു പല മൃതദേഹങ്ങളും.
ദുരന്തനിവാരണ സേന എത്തിയതോടെ രക്ഷാപ്രവർത്തനം പൂർണതോതിലായി. കെട്ടിടത്തിന്റെ അവശിഷ്‌ടങ്ങളും കത്തിയ വിമാനത്തിന്റെ ഭാഗങ്ങളും വേർതിരിക്കാൻ ഏറെ പാടുപെട്ടു. അതിനുള്ളിൽ നിന്ന് കത്തിയ മൃതദേഹങ്ങൾ പുറത്തെടുത്തതും ഏറെ പണിപ്പെട്ടാണ്. ചില മൃതദേഹങ്ങൾ തിരിച്ചറിയാൻ കഴിയാത്ത വിധം കത്തിക്കരിഞ്ഞിരുന്നു. ഇതിനിടയിൽ കെട്ടിടാവശിഷ്ടങ്ങൾ ദേഹത്ത് പതിക്കാതെ വലയം ചെയ്ത നിലയിൽ 11 എ സീറ്റിലിരുന്ന വിശ്വാസ് കുമാർ രമേശിനെ(40) ജീവനോടെ കണ്ടെത്തുകയായിരുന്നു.
പൈലറ്റ് അപായ സന്ദേശം നൽകിയെങ്കിലും എയർട്രാഫിക് കൺട്രോൾ യൂണിറ്റിന് പ്രതികരിക്കാൻ കഴിയുംമുമ്പേ വിമാനം നിയന്ത്രണം തെറ്റി തകർന്നു വീണിരുന്നു. അടിയന്തര ലാൻഡിംഗിന് സൗകര്യമൊരുക്കാൻ പോലും സാവകാശം ലഭിച്ചില്ല. റൺവേയ്‌ക്കുള്ളിലായിരുന്നെങ്കിൽ ഒരുപക്ഷേ അപകടത്തിന്റെ തീവ്രത കുറഞ്ഞേനെ. രക്ഷാപ്രവർത്തനവും എളുപ്പമാകുമായിരുന്നു.
സാങ്കേതിക തകരാറോ പക്ഷികളോ..?
23-ാം റൺവേയിൽ ആവശ്യമായ വേഗമെടുത്ത ശേഷം 800 അടിയോളം ഉയർന്നു. എന്നാൽ അതിന് മുകളിലേക്ക് വിമാനം ഉയർത്താൻ കഴിയുന്നില്ലെന്നാണ് പൈലറ്റ് അവസാനമായി നൽകിയ സന്ദേശം. വിമാനം പൊങ്ങുന്നതിന് പകരം താഴുകയും മെഡിക്കൽ കോളേജ് ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ പതിച്ച് വൻ സ്ഫോടനത്തോടെ കത്തുന്നതും വീഡിയോ ദൃശ്യങ്ങളിൽ കാണാം. ബ്ലാക് ബോക്സ് ലഭിച്ചാലേ എന്താണ് സംഭവിച്ചതെന്ന് വ്യക്തമാകൂ. അപകടമുണ്ടാകാനുള്ള നാല് സാദ്ധ്യതകളാണ് ഇപ്പോൾ വിദഗ്ദ്ധർ പറയുന്നത്
എൻജിൻ തകരാർ- എൻജിന്റെ പ്രവർത്തന ശേഷി ആവർത്തിച്ചുറപ്പിച്ച ശേഷമാണ് വിമാനം ടേക്ക് ഓഫിന് തയ്യാറെടുക്കുക. അപ്രതീക്ഷിത സാങ്കേതിക തകരാർ ഉണ്ടായോയെന്ന് ബ്ളാക്ക് ബോക്സ് പരിശോധനയിലേ വ്യക്തമാകൂ
വൈദ്യുതി തകരാർ- കൺട്രോൾ യൂണിറ്റിലെ വൈദ്യുതി തകരാർ, മറ്റ് സാങ്കേതിക തകരാർ എന്നിവയും തള്ളാനാകില്ല
പക്ഷികൾ- പറന്നുയരുമ്പോഴും ഇറങ്ങുമ്പോഴും പക്ഷികൾ തട്ടുന്നത് വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുത്തും. പക്ഷികൾ കറങ്ങുന്ന എൻജിനുള്ളിലേക്ക് പോയാൽ അപകടമുണ്ടാകും
കാലാവസ്ഥ- വിമാനം പുറപ്പെട്ട സമയത്ത് കാലാവസ്ഥ പ്രശ്നങ്ങളുണ്ടായിരുന്നില്ലെന്നാണ് പ്രാഥമിക വിവരം. എങ്കിലും അതും അന്വേഷണത്തിലുൾപ്പെടും.
പറന്നുയർന്ന വിമാനത്തിന്റെ ടയറുകൾ ഉള്ളിലേക്ക് മടങ്ങിയിരുന്നില്ല. ചിറകിലെ ഫ്ളാപ്പുകളും തുറന്നിരുന്നു. ഇതും സാങ്കേതിക തകരാർ സൂചിപ്പിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |