ശിവഗിരി : ശ്രീനാരായണഗുരുദേവനെ മഹാത്മാഗാന്ധി ശിവഗിരിയിലെത്തി സന്ദർശിച്ചതിന്റെ ശതാബ്ദി ആഘോഷങ്ങൾക്കായി രാജ്യ തലസ്ഥാനത്ത് ഒരുക്കങ്ങൾ പുരോഗമിക്കുന്നു. ഡൽഹിയിലും പരിസര പ്രദേശങ്ങളിലും പ്രവർത്തിക്കുന്ന എല്ലാ സംഘടനകളും 24ന്
നടക്കുന്ന ശതാബ്ദി സമ്മേളനം വിജയിപ്പിക്കുന്നതിനുള്ള അണിയറ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.
ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ എത്തിയായിരുന്നു ഗുരുദേവ- സംഘാടക സമിതിക്ക് രൂപം നൽകിയത്. ഡൽഹിയിലെ മലയാളികൾ അംഗങ്ങളായുള്ള സാമൂഹിക സാംസ്കാരിക സാമുദായിക ആദ്ധ്യാത്മിക സംഘടനകളെല്ലാം ശതാബ്ദി ആഘോഷം വിജയിപ്പിക്കാനുള്ള മുന്നൊരുക്കത്തിലാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മേളനം ഉദ്ഘാടനം ചെയ്യുന്നുവെന്നത് ആഘോഷപ്പെരുമ വർദ്ധിപ്പിക്കുന്നു. തലസ്ഥാനത്ത് വിവിധ തുറകളിൽ ഔദ്യോഗിക സേവനം നിർവഹിക്കുന്നവരും വിശ്രമ ജീവിതം നയിക്കുന്നവരുമൊക്കെ തങ്ങളുടെ ബന്ധുക്കളെ ആഘോഷങ്ങളിൽ പങ്കെടുപ്പിക്കുന്നതിലും ശ്രദ്ധ ചെലുത്തുന്നുണ്ട്.
ഉറ്റവരെ കാണാനും ശതാബ്ദി ആഘോഷങ്ങളിൽ പങ്കെടുപ്പിക്കാനും ഡൽഹി നിവാസികൾ ശ്രമിക്കുമ്പോൾ നാട്ടിലുള്ളവർ പലരും ഡൽഹിയിലുള്ള തങ്ങളുടെ സുഹൃത്തുക്കളെയും ബന്ധുക്കളെയും കാണുന്നതിനും പരിപാടികളിൽ പങ്കെടുക്കുന്നതിനും തയ്യാറെടുക്കുന്നു. കേരളത്തിൽ നിന്നും തിരിക്കുന്നവർക്ക് സമ്മേളന ഹാളിലേക്കുള്ള പ്രവേശന പാസ് സംബന്ധിച്ചും മറ്റുമുള്ള അന്വേഷണങ്ങൾ ശിവഗിരിയിലേക്ക് എത്തുന്നുണ്ട്. പങ്കെടുക്കുന്നവർ നേരത്തെ രജിസ്റ്റർ ചെയ്യണമെന്ന് ശിവഗിരി മഠം അറിയിച്ചു. വിവരങ്ങൾക്ക് ഫോൺ: 9447551499
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |