കൊച്ചി: ലൈബീരിയൻ ചരക്കുകപ്പലായ എം.എസ്.സി എൽസാ 3 മുങ്ങിത്താഴ്ന്ന കൊച്ചിതീരത്ത് നേവിയുടെ ഹൈഡ്രോമാപ്പിംഗ്. മുങ്ങിയ കപ്പലിൽനിന്ന് എണ്ണയുംമറ്റും വീണ്ടെടുക്കുന്നതിന് കരാർ ഏറ്റെടുത്ത അമേരിക്കൻ സാൽവേജ് കമ്പനിയായ ടി ആൻഡ് ടിയുടെ അഭ്യർത്ഥയെ തുടർന്നാണിത്. ഐ.എൻ.എസ് സത്‌ലജാണ് ഹൈഡ്രോ മാപ്പിംഗ് നടത്തുന്നത്.
കഴിഞ്ഞദിവസം ടി ആൻഡ് ടി സാൽവേജ് മേഖലയിൽ മാപ്പിംഗ് നടത്തിയിരുന്നു. തുടർന്നാണ് മുങ്ങൽവിദഗ്ദ്ധർ അടിത്തട്ടിലെത്തി കപ്പലിന്റെ എണ്ണച്ചോർച്ച അടച്ചത്. എന്നാൽ എണ്ണ വീണ്ടെടുക്കുന്നതിനടക്കം നിലവിലെ സാഹചര്യം ദുഷ്‌കരമാണെന്ന് വിലയിരുത്തിയയാണ് നേവിയുടെസഹായം തേടിയത്. കടലിന്റെ അടിത്തട്ടിന്റെ കിടപ്പുംമറ്റും ഹൈഡ്രോമാപ്പിംഗിലൂടെ തിരിച്ചറിയാനാകും.
മട്ടാഞ്ചേരി കോസ്റ്റൽപൊലീസ് രജിസ്റ്റർചെയ്ത കേസിൽ തുടർനടപടികൾ വൈകാതെ ആരംഭിക്കും. കേസിലെ ഒന്നാം പ്രതി കപ്പലുടമകളായ മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനിയാണ്. കേസെടുത്ത വിവരം ഉടമയെ അറിയിക്കും. കൂടുതൽ പരാതി വന്നേക്കുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |