ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട് വ്യത്യസ്‌തമായ പലതരം ആചാരങ്ങൾ നാട്ടിലെമ്പാടും നിലവിലുണ്ട്. കേരളത്തിൽ മറ്റെങ്ങും പതിവില്ലാത്ത ഇരുമുടി കെട്ടുമായി മലകയറുന്നതും അതിന് 41 ദിവസം വ്രതവുമെല്ലാം ശബരിമലയുടെ മാത്രം പ്രത്യേകതയാണ്. എരുമേലി ക്ഷേത്രത്തിൽ പേട്ടതുള്ളി ശബരിമലയിലേക്ക് പോകുന്ന അമ്പലപ്പുഴ, ആലങ്ങാട്ട് സംഘങ്ങളുടെ ആചാരങ്ങളും ഇത്തരത്തിലുള്ളതാണ്.
ഇക്കൂട്ടത്തിൽ ആലങ്ങാട്ട് സംഘവുമായി ബന്ധം വരുന്ന ചരിത്രമുള്ളൊരു ക്ഷേത്രം എറണാകുളം ജില്ലയിലുണ്ട്. എറണാകുളം മഞ്ഞപ്ര ആക്കുന്ന് ശ്രീ ധർമ്മശാസ്‌താ ക്ഷേത്രമാണ് അത്തരം പ്രത്യേകതയുള്ള ക്ഷേത്രം. കാലടിക്കടുത്ത് മഞ്ഞപ്ര ഗ്രാമത്തിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്.
രണ്ട് നൂറ്റാണ്ടുകൾക്ക് മുൻപ് അന്ന് നിലവിലുണ്ടായിരുന്ന തിരുവിതാംകൂർ രാജ്യത്തിലെ ആലങ്ങാട് മണ്ഡപത്തിലെ ഒരു പ്രവൃത്തി അഥവാ വില്ലേജ് ആയിരുന്നു ആലങ്ങാട്. ഇവിടുത്തെ ഭരണാധികാരി അമ്പാടത്ത് കേശവപിള്ള ആയിരുന്നു. ഒരിക്കൽ ആലങ്ങാട് സംഘത്തിന്റെ പെരിയോനായ അദ്ദേഹത്തിന് പ്രവൃത്തിയിൽ കരമടച്ച കാര്യങ്ങൾ സമർപ്പിക്കാൻ തിരുവനന്തപുരത്ത് പോകേണ്ടി വന്നു. ഈ സമയം അദ്ദേഹത്തിന്റെ സംഘം മുഴുവൻ ശബരിമല ദർശനത്തിന് പോയി. കേശവപിള്ളയ്‌ക്കായി വീട്ടിൽ അദ്ദേഹത്തിന്റെ അമ്മ കെട്ടുമുറുക്കാനുള്ള ഒരുക്കവും പൂർത്തിയാക്കി.
നാട്ടിലെത്തിയ കേശവപിള്ള മറ്റുള്ളവർ പോയെന്ന് മനസിലാക്കി തനിയെ കെട്ടുമെടുത്ത് ശബരിമലയ്‌ക്ക് പുറപ്പെട്ടു. ഇടയ്ക്ക് കൂട്ടിനായി ഒരു ബ്രാഹ്‌മണനും എത്തി. ഇരുവരും സന്ധ്യാസമയം ഒരു ദേവീക്ഷേത്രത്തിലെത്തി. ദർശനത്തിനായി പോകുംനേരം ബ്രാഹ്‌മണൻ തന്റെ കൈയിലെ ശിലയും ഭസ്‌മസഞ്ചിയും മുദ്രവടിയും കേശവപിള്ളയെ ഏൽപ്പിച്ചിട്ട്‌പോയി. അൽപനേരം കഴിഞ്ഞപ്പോൾ കേശവപിള്ള ഉറക്കമായി.
ഇതിനിടെ താൻ ശബരിമലയിൽ മകരജ്യോതി തൊഴുകയാണെന്ന് അദ്ദേഹത്തിന് തോന്നലുണ്ടായി. പെട്ടെന്ന് ഉറക്കമുണർന്ന അദ്ദേഹത്തോട് ബ്രാഹ്‌മണൻ തന്റെ സാധനങ്ങൾ തന്നെ ആദ്യം കണ്ട ആ കുന്നിൽ പ്രതിഷ്‌ഠിക്കാൻ നിർദ്ദേശിച്ച് മടങ്ങി. ഭസ്‌മസഞ്ചിയും മുദ്രവടിയും സ്വന്തം വീട്ടിൽ വയ്‌ക്കാനും നിർദ്ദേശിച്ചു.
സാധനങ്ങൾ പ്രതിഷ്‌ഠിക്കാൻ പറഞ്ഞ ക്ഷേത്രത്തിൽ തന്റെ സാന്നിദ്ധ്യം എന്നുമുണ്ടാകുമെന്ന് അറിയിച്ചു. സാക്ഷാൽ അയ്യപ്പനായിരുന്നു അതെന്ന് ഇതെന്നാണ് വിശ്വസിച്ചുപോരുന്നത്. അങ്ങനെ ആ കുന്നിൽ സ്ഥാപിച്ച ക്ഷേത്രം ഏറെനാൾ കഴിഞ്ഞപ്പോൾ ആക്കുന്ന് ധർമ്മശാസ്‌താ ക്ഷേത്രമായി മാറി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |