ന്യൂഡല്‍ഹി: അഹമ്മദാബാദില്‍ 294 പേരുടെ മരണത്തിനിടയാക്കിയ വിമാന ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ എയര്‍ ഇന്ത്യക്ക് കര്‍ശന നിര്‍ദേശങ്ങളുമായി DGCA. ഓരോ യാത്ര പുറപ്പെടുന്നതിന് മുമ്പും ആറ് തരത്തിലുള്ള പരിശോധന വേണമെന്നാണ് പ്രധാന നിര്‍ദേശം. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ഫളൈറ്റ് കണ്‍ട്രോള്‍ ഇന്‍സ്‌പെക്ഷന്‍ നടത്തണം, പവര്‍ അഷുറന്‍സ് ടെസ്റ്റും നടത്തണം. റിപ്പോര്‍ട്ട് ഡിജിസിഎക്ക് കൈമാറണം തുടങ്ങിയവയാണ് പ്രധാനപ്പെട്ട നിര്‍ദേശങ്ങള്‍.
അഹമ്മദാബാദ് അപകടത്തിന്റെ പശ്ചാത്തലത്തില്‍ ബോയിംഗിന്റെ ഡ്രീംലൈനര്‍ 787-8, 787-9 ശ്രേണിയില്‍പ്പെട്ട വിമാനങ്ങളുടെ സുരക്ഷാ പരിശോധന ശക്താമാക്കാനും കമ്പനിക്ക് ഡിജിസിഎ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്ധനം, എഞ്ചിന്‍, ഹൈഡ്രോളിക് സംവിധാനം അടക്കമുള്ളവ പരിശോധിക്കാനാണ് നിര്‍ദേശം. ഇവ പരിശോധിച്ചശേഷം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ഡിജിസിഎ നിര്‍ദേശിച്ചു.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടയില്‍ ബോയിംഗ് ഡ്രീംലൈനര്‍ വിമാനങ്ങളില്‍ ആവര്‍ത്തിച്ചുണ്ടായ തകരാറുകള്‍ എത്രയും വേഗം പുനഃപരിശോധിക്കണമെന്നും വേണ്ട അറ്റകുറ്റപണികള്‍ നടത്തി ഇവ പരിഹരിക്കണമെന്നും ഡിജിസിഎ ആവശ്യപ്പെട്ടിട്ടുണ്ട്. ഡിജിസിഎ ഇടപെടലിന്റെ പശ്ചാത്തലത്തില്‍ എയര്‍ ഇന്ത്യ സുരക്ഷാ പരിശോധനാ നടപടികള്‍ ഇതിനോടകം ആരംഭിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.
കഴിഞ്ഞദിവസം, അഹമ്മദാബാദില്‍നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യയുടെ എഐ171 ബോയിംഗ് 787-8 ഡ്രീംലൈനര്‍ വിമാനമാണ് അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപം ബിജെ മെഡിക്കല്‍ കോളേജ് ഹോസ്റ്റലില്‍ ഇടിച്ചിറങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |