കൊട്ടിയൂർ: വൈശാഖ മഹോത്സവ കാലത്ത് നാല് ആരാധനാ പൂജകളിൽ ആദ്യത്തെ ആരാധനാ പൂജയായ തിരുവോണം നാൾ ആരാധനാ പൂജ ഞായറാഴ്ച അക്കരെ സന്നിധിയിൽ നടക്കും. കോട്ടയം കിഴക്കേ കോവിലകം വകയാണ് ഈ വിശേഷപ്പെട്ട ആരാധന.
ആരാധനാ പൂജയുള്ള ദിവസങ്ങളിൽ ഉച്ചയ്ക്ക് പൊന്നിൻ ശീവേലിയും ആരാധനാ സദ്യയും നടത്തും. ശീവേലിക്ക് ആനകൾക്ക് സ്വർണം കൊണ്ടലങ്കരിച്ച നെറ്റിപ്പട്ടവും മറ്റലങ്കാരങ്ങളും ഉണ്ടാവും. സ്വർണം, വെള്ളി പാത്രങ്ങൾ ശീവേലിക്ക് അകമ്പടിയായി എഴുന്നള്ളിക്കും. പന്തീരടി പൂജയ്ക്ക് മുമ്പ് ആരാധനാ നിവേദ്യമുണ്ട്.
വൈകുന്നേരം ആരാധനാ പൂജയിൽ പാലമൃത് എന്ന് വിളിക്കപ്പെടുന്ന പഞ്ചഗവ്യമാണ് പെരുമാൾക്ക് അഭിഷേകം ചെയ്യുന്നത്. മത്തവിലാസം കൂത്ത് പൂർണ രൂപത്തിൽ തിരുവോണം നാളിൽ ആരംഭിക്കും. അലങ്കാര വാദ്യങ്ങളും ഞായറാഴ്ച ആരംഭിക്കും.
വൈശാഖ മഹോത്സവത്തിന് ഇന്നും വൻ ഭക്തജന പ്രവാഹമാണ് അനുഭവപ്പെട്ടത്.രാവിലെ മുതൽ പെയ്തു തുടങ്ങിയ കനത്ത മഴയെപ്പോലും അവഗണിച്ചാണ് ഭക്തർ കൊട്ടിയൂരിലേക്ക് ഒഴുകിയെത്തിയത്. രാവിലെ മുതൽ തന്നെ ദർശനത്തിനായുള്ള കിഴക്കേ നടയിലെ ക്യൂ മന്ദംചേരി വരെ പാലം വരെയും പടിഞ്ഞാറെ നടയിലെ ക്യൂ നടുക്കുനി പാലം വരെയും നീണ്ടു.തിരുവൻചിറയിൽ ഉൾപ്പെടെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ഉച്ചശീവേലിയോടെ സന്നിധാനവും പരിസരവും ഭക്തജനങ്ങളാൽ നിറഞ്ഞു.സന്ധ്യയോടെയാണ് തിരക്കിന് അല്പം ശമനമുണ്ടായത്. വിവിധ ജില്ലകളിൽ നിന്നും ഇതര സംസ്ഥാനങ്ങളിലേയും ഭക്തജനങ്ങൾ എത്താൻ തുടങ്ങിയതോടെയാണ് കൊട്ടിയൂരിൽ തിരക്ക് വർദ്ധിച്ചത്.അവധി ദിവസങ്ങളായതിനാൽ നാളെയും മറ്റന്നാളും തിരക്ക് വർദ്ധിക്കുമെന്ന കണക്കുകൂട്ടലിൽ ഭക്തർക്ക് മെച്ചപ്പെട്ട സൗകര്യങ്ങൾ ഉറപ്പാക്കാൻ ദേവസം അധികൃതർ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
അതേസമയം കൊട്ടിയൂരിലേക്കുള്ള ഇളനീർ കാവുകളുമായി പൂമംഗലം കണിച്ചാമൽ ആലയിൽപ്പടിയിലെ ഇളനീർ സംഘം പുറപ്പെട്ടു. കാരണവർ കാവിൽ വളപ്പിൽ കൃഷ്ണന്റെ നേതൃത്വത്തിലുള്ള 14 അംഗ സംഘമാണ് യാത്ര തിരിച്ചത്. കരിമ്പം, കണിച്ചാൽ, പന്നിയൂർ, കൂവേരി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള 14 പേരാണ് ഈ മാസം ഒന്നിന് പടിയിൽ കയറി കഠിന വ്രതം ആരംഭിച്ചത്.
കാൽനടയായി പുറപ്പെട്ട് കുറ്റ്യാട്ടൂർ, മുഴക്കുന്ന്, മട്ടന്നൂർ എന്നിവിടങ്ങളിൽ വിശ്രമിച്ച് നാലുനാൾ കൊണ്ടാണ് കൊട്ടിയൂരെത്തി പെരുമാൾക്ക് ഇളനീർ കാവുകൾ സമർപ്പിക്കുക. തിരികെ പടിയൂർ എത്തുമ്പേഴേയ്ക്കു 21 ദിവസത്തെ വ്രതം പൂർത്തിയാകും. ആലയിൽ പടിയോടു ചേർന്ന് തന്നെയുളള മുത്തപ്പൻ പൊടിക്കളത്തിലെ വെള്ളാട്ടത്തോടെയാണ് വ്രതം അവസാനിക്കുക. കണിച്ചാമൽ ആലയിൽ പടി കൂടാതെ, നാരായണൻ കാരണവരുടെ നേതൃത്വത്തിൽ മുയ്യം കാനപ്പുറം ഇളനീർ പടിയിൽ നിന്നും 14 അംഗ സംഘം കൊട്ടിയൂരിലേക്ക് യാത്രതിരിച്ചു. ചെറുകുന്ന്, കണ്ണപുരം, താവം, വള്ളിത്തോട്, മാങ്ങാട്, കടമ്പേരി, പറശിനി തുടങ്ങിയ പടികളിൽ നിന്നും ഇളനീർ സംഘങ്ങൾ കാവുകളുമായി യാത്ര തിരിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |