തിരുവനന്തപുരം: അഹമ്മദാബാദിലുണ്ടായ വിമാനദുരന്തം വൈദ്യുതി സംവിധാനം നിശ്ചലമായതും കമ്പ്യൂട്ടർ സോഫ്റ്റ്‌വെയറുകളുടെ കുഴപ്പങ്ങളും കൊണ്ടാകാമെന്ന് വൈമാനിക മേഖലയിലെ വിദഗ്ദ്ധനും പത്രപ്രവർത്തകനുമായ ജേക്കബ് കെ.ഫിലിപ്പ്. ഫേസ്ബുക്ക് കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം വിശദീകരിച്ചിരിക്കുന്നത്.
ത്രസ്റ്റ് കിട്ടുന്നില്ലെന്നും ആവശ്യത്തിന് ലിഫ്റ്റ് ഇല്ലെന്നുമാണ് പൈലറ്റിന്റെ സന്ദേശത്തിലുള്ളത്. എൻജിനുകൾ ശക്തിനൽകാതെ ഐഡിൽ നിലയിലായാലും ഒരു എൻജിൻ മാത്രം പ്രവർത്തിക്കുകയാണെങ്കിലും ത്രസ്റ്റില്ലെന്നാണ് പറയുന്നത്. ലിഫ്റ്റില്ലെന്നു പറഞ്ഞത് ഫ്ലാപ്പുകളുടെ പ്രവർത്തനത്തെ സൂചിപ്പിച്ചാണ്. യാത്രക്കാരുടെയും ചരക്കിന്റെയും വിന്യാസം ശരിയാകാത്തതിനാലാണ് വിമാനത്തെ മുകളിലേക്ക് ഉയർത്താൻ കൂടുതൽ ശ്രമിക്കേണ്ടിവരുന്നത്. വൈദ്യുതി സംവിധാനം തകരാറിലായാൽ എൻജിനുകളും നിശ്ചലമാകും.
അടിയന്തര സാഹചര്യത്തിൽ പ്രവർത്തിക്കേണ്ടിയിരുന്ന റാം എയർ ടർബൈൻ (റാറ്റ്) സംവിധാനം തനിയെ ഓണായി. ഇതിനർത്ഥം വൈദ്യുതി സംവിധാനങ്ങൾ എല്ലാം പ്രവർത്തിക്കാതായെന്നാണ്. എൻജിനിൽ നിന്ന് പവർ സ്വീകരിക്കുന്ന വൈദ്യുതി സംവിധാനങ്ങൾ തകരാറിലാവുക, അപ്പോൾ പ്രവർത്തനം തുടങ്ങേണ്ട ഓക്സിലിയറി പവർ യൂണിറ്റ് (എ.പി.യു) എന്ന ചെറുജനറേറ്ററും പ്രവർത്തിക്കാതാവുക. ഇതു രണ്ടുമല്ലെങ്കിൽ ബാറ്ററി യൂണിറ്റ് നിശ്ചലമാവുക. ഈ സാഹചര്യത്തിൽ മാത്രമാണ് റാറ്റ് പ്രവർത്തിച്ചുതുടങ്ങുക.
മറ്റു വിമാനങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഡ്രീംലൈനർ വിമാനങ്ങളിലെ റാറ്റ് പൈലറ്റുമാർക്ക് സ്വിച്ചോൺ ചെയ്യാൻ കഴിയില്ല. അടിയന്തര സാഹചര്യത്തിൽ തനിയെ ഓണാവുകയാണ്. ഇന്നലെ റാറ്റ് തനിയെ ഓണായതിന് രണ്ട് സാദ്ധ്യതയുണ്ടെന്നും ജേക്കബ് ചൂണ്ടിക്കാട്ടുന്നു.
ഒന്ന് - രണ്ട് എൻജിനുകളും പ്രവർത്തിക്കാതെയായി. ഒപ്പം ജനറേറ്ററുകളും. രണ്ട്- എൻജിനുകൾ പ്രവർത്തിക്കുന്നുണ്ടായിരുന്നെങ്കിലും രണ്ട് ഇന്റഗ്രേറ്റഡ് ഡ്രൈവ് ജനറേറ്ററുകൾ പ്രവർത്തിച്ചില്ല. അതോടൊപ്പം എ.പി.യുവും പ്രവർത്തിക്കാതെയായി. എ.പി.യുവും ബാറ്ററിയും എങ്ങനെ നിശ്ചലമായെന്ന് അന്വേഷിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |