കൊച്ചി: കണ്ണൂർ തീരത്തിനു സമീപം തീപിടിച്ച വാൻഹായ് 503 കപ്പലിലെ ഉരുക്കു ചട്ടക്കൂടിൽ ചൂട് വർദ്ധിക്കുന്നത് ഇന്ധന ടാങ്കിലേയ്‌ക്കും ഹെവിഫ്യൂവൽ ഓയിൽ, ഡീസൽ ശേഖരത്തിലും തീപടരാൻ കാരണമാകുമെന്ന ആശങ്കയിൽ പുറം കടലിലേയ്‌ക്ക് കൂടുതൽ നീക്കാനുള്ള ദൗത്യം ഉൗർജിതമാക്കി. നാവികസേനയുടെ സഹായത്തോടെ കപ്പലും ടഗ്ഗും തമ്മിൽ വടംകെട്ടി ബന്ധിപ്പിച്ച് വലിച്ചു നീക്കുന്നത് പുനരാരംഭിച്ചു.
കേരള തീരത്തു നിന്ന് 40 നോട്ടിക്കൽ മൈൽ അകലെയാണ് കപ്പലുള്ളത്. രണ്ടു നോട്ടിക്കൽ മൈൽ കൂടി പുറംകടലിലേയ്‌ക്ക് മാറ്റിയാൽ തീരം സുരക്ഷിതമാകുമെന്ന് ഷിപ്പിംഗ് ഡയറക്‌ടർ ജനറലിന്റെ റിപ്പോർട്ടിൽ പറയുന്നു. കൂടുതൽ ദൂരത്തേയ്‌ക്ക് കപ്പലിനെ മാറ്റാനുള്ള ദൗത്യം കടൽക്ഷോഭവും മഴയും മൂലം കാര്യമായി മുന്നേറിയിരുന്നില്ല. നാവികസേനയുടെ സീകിംഗ് ഹെലികോപ്‌ടറിൽ നിന്ന് ഇന്നലെ തൂങ്ങിയിറങ്ങിയ ദൗത്യസംഘാംഗങ്ങൾ കപ്പലിലെ കൊളുത്തിൽ വടംകെട്ടി ഓഫ്‌ഷോർ വാരിയർ ടഗ്ഗുമായി ബന്ധിപ്പിച്ചു.രക്ഷാപ്രവർത്തനത്തിന് കരാർ ഏറ്റെടുത്ത കമ്പനിയുടേതിന് പുറമെ നാവികസേന ഉപയോഗിക്കുന്ന ട്രൈട്ടോൺ ലിബർട്ടി എന്ന ടഗ്ഗും എത്തിച്ചിട്ടുണ്ട്. 40 ശതമാനം ഭാഗത്തെ തീയാണ് പൂർണമായി അണച്ചത്. കനത്ത പുക തുടരുകയാണ്. ഡീസൽ ഉൾപ്പെടെ ചരക്കുകൾ സൂക്ഷിക്കുന്ന ഭാഗത്തെ ചൂട് കുറയ്‌ക്കാൻ വെള്ളം പമ്പുചെയ്‌ത് തണുപ്പിക്കുന്നത് തുടരുന്നു.
അണയാതെ തീയും
ആശങ്കയും
കപ്പലിന്റെ ഘടനയിൽ മാറ്റങ്ങൾ വന്നിട്ടില്ലെങ്കിലും തീ അണയാത്തത് ആശങ്കയാണെന്ന് ഷിപ്പിംഗ് ഡയറക്‌ടർ ജനറൽ വിലയിരുത്തി. ഇന്ധനടാങ്ക്, ഹെവിഫ്യൂവൽ ഓയിൽ, ഡീസൽ സൂക്ഷിക്കുന്നിടം എന്നിവിടങ്ങളിൽ ചൂട് കൂടുകയോ ,തീപടരുകയോ ചെയ്‌താൽ സ്ഥിതി ഗുരുതരമാകും.കടൽക്ഷോഭവും കനത്ത മഴയും ശക്തമായ കാറ്റും രക്ഷാദൗത്യത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. തീ കെടുത്താൻ കോഴിക്കോട്ട് നിന്നുൾപ്പെടെ 7,000 കിലോഗ്രാം രാസവസ്‌തു പൊടി എത്തിച്ചു. 20,000 ലിറ്റർ പത രൂപത്തിലുള്ള രാസവസ്‌തു മുംബയിൽ നിന്നെത്തിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |