കൊച്ചി: പുറങ്കടലിൽ മുങ്ങിയ ലൈബീരിയൻ ചരക്കുകപ്പലായ എം.എസ്.സി എൽസ 3യിലെ ക്യാപ്ടനും ഏതാനും ജീവനക്കാരും കൊവിഡ് ബാധിച്ച് ക്വാറന്റൈനിലായതോടെ ഫോർട്ടുകൊച്ചി കോസ്റ്റൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ തുടർനടപടികൾ മന്ദഗതിയിലായി. കൊച്ചിയിലെ ആഡംബര ഹോട്ടലിലാണ് കപ്പൽ ജീവനക്കാർ താമസിക്കുന്നത്. കഴിഞ്ഞ ദിവസത്തെ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചതെന്ന് പൊലീസ് പറഞ്ഞു.
കപ്പൽ ഉടമകളായ മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനിയാണ് ഒന്നാംപ്രതി. ക്യാപ്ടനായ റഷ്യൻ പൗരൻ ഇവാനോവ് അലക്‌സാണ്ടറും ജീവനക്കാരായ 23 പേരുമാണ് രണ്ടും മൂന്നും പ്രതികൾ. കപ്പൽകമ്പനിയെ വിവരം അറിയിച്ചിട്ടുണ്ട്.അലക്ഷ്യമായി കപ്പലോടിക്കൽ, കപ്പൽപ്പാതയിൽ തടസവും അപകടവും ഉണ്ടാക്കൽ, വിഷവസ്തുക്കളും തീപിടിക്കുന്ന വസ്തുക്കളും സ്‌ഫോടകവസ്തുക്കളും അശ്രദ്ധമായി കൈകാര്യംചെയ്യൽ. സംഘടിതമായി കുറ്റംചെയ്യൽ എന്നീ വകുപ്പുകൾ ചുമത്തി കഴിഞ്ഞ ദിവസമാണ് കോസ്റ്റൽ പൊലീസ് കേസെടുത്തത്.
അതേസമയം മുങ്ങിയ കപ്പലിൽനിന്ന് വോയേജ് ഡേറ്റാ റെക്കോഡർ എത്രയുംവേഗം വീണ്ടെടുക്കണമെന്ന് ഡയറക്ടറേറ്റ് ഒഫ് ഷിപ്പിംഗ് നിർദ്ദേശം നൽകി. വി.ഡി.ആറിൽനിന്ന് കപ്പൽ അപകടത്തെക്കുറിച്ചുള്ള കൃത്യമായ വിവരം ലഭിക്കുമെന്ന കണക്കുകൂട്ടലിലാണ് ഡയറക്ടറേറ്റ് ജനറൽ ഒഫ് ഷിപ്പിംഗ്. കപ്പലിന്റെ വേഗം, ദിശ, ക്രൂ അംഗങ്ങളുടെ സംസാരം, മറ്റു കപ്പലുകളുമായുള്ള ആശയവിനിമയം തുടങ്ങിയവ ഇതിലുണ്ടാകും.
കേന്ദ്ര സർക്കാർ കർശന നിർദ്ദേശം നൽകിയതോടെ ഇന്ധനവും എണ്ണപ്പാടയും നീക്കുന്ന പ്രവൃത്തികൾ വേഗത്തിലാക്കിയിട്ടുണ്ട്. കപ്പലിന്റെ ടാങ്കിൽ 450 ടണ്ണോളം ഇന്ധനമുണ്ടെന്നാണ് കണക്കാക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |