കണ്ണൂർ: ധനസഹായം ചോദിച്ചെത്തി വൈദികനെ കത്തികൊണ്ട് ആക്രമിച്ചയാൾ അറസ്റ്റിൽ. കണ്ണൂർ ബിഷപ്പ് ഹൗസിൽ ധനസഹായം ചോദിച്ചെത്തിയ കാസർകോട് ഭീമനടി സ്വദേശി സാവിയർ കുഞ്ഞിമോൻ എന്ന മുഹമ്മദ് മുസ്‌തഫ (69) ആണ് അറസ്റ്റിലായത്. ബിഷപ്പ് ഹൗസ് അഡ്‌മിനിസ്‌ട്രേറ്റർ ഫാദർ ജോർജ് പൈനാടത്താണ് ആക്രമണത്തിനിരയായത്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം.
ഉച്ചയ്ക്ക് 12 മണിയോടുകൂടിയാണ് മുസ്‌തഫ ബിഷപ്പ് ഹൗസിലെത്തിയത്. ധനസഹായം ചോദിച്ചെത്തിയ പ്രതി ബിഷപ്പ് ഡോ. അലക്‌സ് വടക്കുംതലയുടെ നിർദേശപ്രകാരം പണം കൈപ്പറ്റാൻ അഡ്‌മിനിസ്‌ട്രേറ്റർ ഫാദർ ജോർജ് പൈനാടത്തിനെ സമീപിച്ചു. പണം കുറഞ്ഞുപോയതിന്റെ പേരിലാണ് വൈദികനെ ആക്രമിച്ചതെന്നാണ് പൊലീസിന്റെ എഫ്‌ഐആറിലുള്ളത്. ആക്രമണത്തിനും വയറിനും കൈയ്ക്കും പരിക്കേറ്റ വൈദികൻ ചികിത്സ തേടി. ബിഷപ്പ് ഹൗസിൽ നിന്ന് വിവരമറിയിച്ചതിനെത്തുടർന്ന് പൊലീസെത്തി പ്രതിയെ പിടികൂടുകയായിരുന്നു. ഇന്നലെ വൈകിട്ടോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അതേസമയം, പള്ളി നിർമാണവുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കമാണ് ആക്രമണത്തിന് കാരണമെന്നും വിവരമുണ്ട്.
വധശ്രമത്തിനാണ് പൊലീസ് കേസെടുത്തത്. വൈദികന്റെ പരിക്കുകൾ സാരമുള്ളതല്ലെന്നാണ് വിവരം. ഇന്നലെ തന്നെ കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ സബ് ജയിലിലേയ്ക്ക് റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |