ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നുമുതൽ ജൂൺ 19 വരെ സൈപ്രസ്, കാനഡ, ക്രൊയേഷ്യ എന്നിവിടങ്ങളിൽ ഔദ്യോഗിക സന്ദർശനം നടത്തും. ജൂൺ 16-17 തീയതികളിൽ കാനഡയിലെ കനനാസ്‌കിസിൽ നടക്കുന്ന ജി-7 ഉച്ചകോടിയാണ് യാത്രയിൽ പ്രധാനം.
ഇന്നുമുതൽ രണ്ടു ദിവസം സൈപ്രസ് സന്ദർശിക്കും. പ്രസിഡന്റ് നിക്കോസ് ക്രിസ്റ്റോഡൗലിഡ്‌സിന്റെ ക്ഷണപ്രകാരമാണിത്. രണ്ടു പതിറ്റാണ്ടിനു ശേഷമാണ് ഇന്ത്യൻ പ്രധാനമന്ത്രി സൈപ്രസ് സന്ദർശിക്കുന്നത്. തലസ്ഥാനമായ നിക്കോസിയയിൽ പ്രസിഡന്റ് ക്രിസ്റ്റോഡൗലിഡ്സുമായി കൂടിക്കാഴ്‌ച നടത്തും, പ്രമുഖ നഗരമായ ലിമാസോളിൽ ഉന്നത വ്യവസായികളുമായി ചർച്ച നടത്തും.
ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷിബന്ധം കൂടുതൽ വിപുലപ്പെടുത്തുകയാണ് പ്രധാന ലക്ഷ്യം. മെഡിറ്ററേനിയൻ മേഖലയും യൂറോപ്യൻ യൂണിയനുമായുള്ള ഇടപെടൽ ശക്തിപ്പെടുത്താനും സൈപ്രസ് സന്ദർശനം വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ.
കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ ക്ഷണം സ്വീകരിച്ചാണ് ജൂൺ 16-17 തീയതികളിൽ കനനാസ‌്കസിൽ നടക്കുന്ന ജി-7 ഉച്ചകോടിയിൽ മോദി പങ്കെടുക്കുന്നത്. കഴിഞ്ഞ അഞ്ച് ഉച്ചകോടികളിലും പ്രധാനമന്ത്രി പങ്കെടുത്തിരുന്നു. സിക്ക് തീവ്രവാദ സംഘടനകളുടെ സാന്നിദ്ധ്യം കണക്കിലെടുത്ത് പ്രധാനമന്ത്രിക്ക് കാനഡയിൽ കനത്ത സുരക്ഷ ഏർപ്പെടുത്തി.
ഊർജ്ജ സുരക്ഷ, സാങ്കേതികവിദ്യ, നവീകരണം, ക്വാണ്ടം സംബന്ധമായ വിഷയങ്ങൾ ഉച്ചകോടിയിൽ ചർച്ചയാകുന്നുണ്ട്. നിർണായകമായ ആഗോള വിഷയങ്ങളിൽ ജി-7 രാജ്യങ്ങളിലെ നേതാക്കളുമായും മറ്റ് രാഷ്‌ട്രത്തലവൻമാരുമായും അന്താരാഷ്ട്ര സംഘടനകളുടെ തലവന്മാരുമായും മോദി കാഴ്ചപ്പാടുകൾ കൈമാറും. ഉച്ചകോടിയുടെ ഭാഗമായി നിരവധി ഉഭയകക്ഷി യോഗങ്ങളും നടത്തും. പ്രധാനമന്ത്രി ആൻഡ്രെജ് പ്ലെൻകോവിച്ചിന്റെ ക്ഷണപ്രകാരം, ജൂൺ 18 ന് മോദി ക്രൊയേഷ്യ സന്ദർശിക്കും. ഇന്ത്യൻ പ്രധാനമന്ത്രി ആദ്യമായാണ് ക്രൊയേഷ്യ സന്ദർശിക്കുന്നത്. പ്രധാനമന്ത്രി പ്ലെൻകോവിച്ച്, പ്രസിഡന്റ് സോറൻ മിലനോവിച്ച് എന്നിവരുമായി കൂടിക്കാഴ്‌ച നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |