തിരുവനന്തപുരം: കരമനയിൽ ദമ്പതികളെ മരിച്ചനിലയിൽ കണ്ടെത്തി. സതീഷ്, ബിന്ദു എന്നിവരെയാണ് ഇന്ന് രാവിലെ മരിച്ചനിലയിൽ വീട്ടിനുള്ളിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. രാവിലെ ദമ്പതികളെ പുറത്തേക്ക് കാണാത്തതിനാൽ നാട്ടുകാരാണ് പൊലീസിനെ വിവരം അറിയിച്ചത്. സതീഷിന്റെ മൃതദേഹം കഴുത്തറുത്ത നിലയിലായിരുന്നു. ബിന്ദുവിനെ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. സാമ്പത്തിക ബാദ്ധ്യതകളെ തുടർന്നുള്ള പ്രശ്നങ്ങൾ കാരണം ഭർത്താവിനെ കൊലപ്പെടുത്തിയ ശേഷം ഭാര്യ ജീവനൊടുക്കിയെന്നാണ് സംശയം.
കുടുംബത്തിന് 2.30 കോടി രൂപയുടെ സാമ്പത്തിക ബാദ്ധ്യത ഉണ്ടായിരുന്നതായി ബന്ധുക്കൾ പറയുന്നു. ബാങ്കിൽനിന്ന് 64 ലക്ഷം രൂപ എടുത്തിരുന്നു. പിന്നീടു തിരിച്ചടവ് മുടങ്ങി. പണം തിരിച്ചടയ്ക്കാൻ കഴിയാത്ത സാഹചര്യത്തിൽ വീടിനു ജപ്തി ഭീഷണിയുണ്ടായിരുന്നെന്നും ബന്ധുക്കൾ പറഞ്ഞു.
'രാവിലെ പത്തരയ്ക്കാണു വിവരം അറിയുന്നത്. ഞായറാഴ്ച ആയതുകൊണ്ട് രണ്ടുപേരും ഉറക്കമാണെന്നാണ് ആദ്യം കരുതിയത്. ബിന്ദുവിന്റെ സഹോദരൻ വന്നിരുന്നു. എന്നാൽ ആരെയും കാണാഞ്ഞതോടെ സഹോദരൻ വന്ന് വിവരം പറയുകയായിരുന്നു. തുടർന്നാണ് ഞാനും ഭാര്യയും കൂടി വന്നത്. ജനലിലൂടെ നോക്കുമ്പോൾ സതീഷ് രക്തത്തിൽ കുളിച്ചു കിടക്കുന്നതാണ് ആദ്യം കണ്ടത്. കതക് തകർത്ത് അകത്തുകയറി. അപ്പോൾ ബിന്ദു തൂങ്ങിനിൽക്കുന്നതാണ് കണ്ടത്. സതീഷ് കോൺട്രാക്ടറായിരുന്നു. ബാങ്കിൽ കടമുണ്ടായിരുന്നു. ജപ്തി ഭീഷണിയുണ്ടായിരുന്നു' - സതീഷിന്റെ സഹോദരൻ പറഞ്ഞു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |