തിരുവനന്തപുരം: ഭർത്താവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഭാര്യ തൂങ്ങിമരിച്ചനിലയിൽ. കരമന കൊച്ചു കാട്ടാൻവിള ടി.സി 20/1724 കേശവഭവനിൽ സർക്കാർ കോൺട്രാക്ടർ കെ. സതീശൻ (57) ഭാര്യ വി. ബിന്ദു (49) എന്നിവരാണ് മരിച്ചത്. സാമ്പത്തിക ബാദ്ധ്യതയാണ് കാരണമെന്ന് ബന്ധുക്കൾ പറഞ്ഞു.
ശനിയാഴ്ച രാത്രി 9ന് ശേഷമാണ് സംഭവമെന്നാണ് നിഗമനം. ഇന്നലെ രാവിലെ 10.30ഓടെയാണ് മരണവിവരം പുറത്തറിയുന്നത്. ബിന്ദുവിന്റെ അമ്മയും വിദേശത്തുള്ള മകൻ സജിത്തും ഫോണിൽ വിളിച്ചിട്ടും കിട്ടാതായതോടെയാണ് ബിന്ദുവിന്റെ സഹോദരൻ ബിനു വീട്ടിലെത്തിയത്. കതകും ജനാലകളും പൂട്ടിയ നിലയിലായതിനാൽ തൊട്ടടുത്ത് താമസിക്കുന്ന സതീശന്റെ ജ്യേഷ്ഠനെ ബിനു വിവരമറിയിച്ചു. പിന്നീട് കുറ്റിയിടാത്ത ഒരു ജനൽ പാളി ഇരുവരും ചേർന്നു തുറന്നു നോക്കിയപ്പോഴാണ് ഹാളിൽ സതീശൻ രക്‌തം വാർന്നുകിടക്കുന്നത് കണ്ടത്. തുടർന്ന് പിന്നിലെ വാതിൽ ചവിട്ടി തുറന്നു അകത്തുകയറിയപ്പോഴാണ് ബിന്ദു തൂങ്ങിനിൽക്കുന്നതായും കണ്ടത്. ബിന്ദുവിന്റെ വസ്ത്രത്തിൽ സതീശന്റെ രക്‌തം പുരണ്ടിരുന്നു. സതീശനെ ബിന്ദു ഉറക്കത്തിൽ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയതാകാമെന്നാണ് പൊലീസ് പറയുന്നത്.
തിരുവനന്തപുരം കോർപ്പറേഷനിൽ കരാറുകാരനായിരുന്ന സതീശന് എസ്.ബി.ഐയിൽ നിന്നും ഓവർ ഡ്രാഫ്റ്റ് വായ്‌പ എടുത്തതിൽ 2.30 കോടിയോളം രൂപയുടെ ബാദ്ധ്യതയുണ്ടായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. ഇതിനിടെ സതീശന് സ്ട്രോക്കുവന്ന് ചികിത്സയിലായി. അടവ് മുടങ്ങി. ഇതോടെ ബാങ്കിൽനിന്ന് ജപ്തിഭീഷണിയും തുടങ്ങി. രണ്ടാഴ്ച മുമ്പ് ബാങ്ക് മാനേജർ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയെന്നും ഇന്ന് വീട് ജപ്തിചെയ്യുമെന്ന് അറിയിക്കുകയും ചെയ്തെന്ന് ബന്ധുക്കൾ പൊലീസിൽ മൊഴി നൽകി.
സതീശന്റെയും ബിന്ദുവിന്റെയും മരണത്തിന് കാരണക്കാരായ ബാങ്ക് അധികൃതർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വി.എസ്.ഡി.പി നേതാവ് വിഷ്ണുപുരം ചന്ദ്രശേഖരന്റെ നേതൃത്വത്തിൽ നാട്ടുകാർ സ്ഥലത്ത് പ്രതിഷേധിച്ചതോടെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് കൊണ്ടുപോകുന്നത് വൈകി. തുടർന്ന് വൈകിട്ട് 5.50 ഓടെ തഹസിൽദാർ എത്തി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയത്.
കടം 60 ലക്ഷത്തിൽ നിന്നും 2.30 കോടിയിലേക്ക്
എസ്.ബി.ഐ ജനറൽ ആശുപത്രി ബ്രാഞ്ചിൽ നിന്നാണ് സതീശൻ 60ലക്ഷം രൂപ വായ്‌പയെടുത്തത്. കൊവിഡ് കാലത്ത് തിരിച്ചടവ് മുടങ്ങി. പലിശ അടക്കം വലിയ തുകയായതോടെ ബാങ്ക് അധികൃതർ 1.10 കോടി രൂപയായി വായ്‌പ പുതുക്കി. വർദ്ധിപ്പിച്ച തുക പലിശയിൽ വരവ് വച്ചു. ഇതോടെ വഞ്ചനാകുറ്റം ആരോപിച്ച് സതീശൻ ബാങ്കിനെതിരെ കോടതിയെ സമീപിച്ചു. പണം അടയ്ക്കാതെ വന്നതോടെ ലോൺ ബാദ്ധ്യത 2.30 കോടിയായി വർദ്ധിച്ചു. വി.എസ്.ഡി.പി ബാങ്കിനു മുമ്പിൽ സമരം നടത്തി. 85 ലക്ഷം രൂപ അടച്ചുതീർക്കാമെന്ന നിർദ്ദേശം സമരക്കാർ മുന്നോട്ടുവച്ചു. എന്നാൽ ബാങ്ക് സമ്മതിച്ചില്ല. മാത്രമല്ല, ബാങ്കിന് മുന്നിലെ സമരം ബാങ്ക് അധികൃതരുടെ വാശി കൂട്ടി. ഇതോടെ 2 തവണ ജപ്‌തി നോട്ടീസ് നൽകിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |