കൊല്ലം: കൊല്ലത്ത് റെയിൽവേ ട്രാക്കിലേക്ക് കൂറ്റൻ മരം വീണ് വൈദ്യുതി ലൈൻ തകർന്ന് ട്രെയിൻ ഗതാഗതം തടസപ്പെട്ടു. ഇന്നലെ രാത്രി 7.20ന് കോർപ്പറേഷന്റെ പോളയത്തോട് ശ്മശാനം വളപ്പിലെ മഹാഗണി മരമാണ് കടപുഴകി റെയിൽവേ ട്രാക്കിലേക്ക് വീണത്. രണ്ട് ട്രാക്കുകളുടെ മുകളിലൂടെ കടന്നുപോകുന്ന റെയിൽവേ വൈദ്യുതി ലൈൻ പൂർണമായും തകർന്നു. വൈദ്യുതി ലൈനിൽ നിന്ന് മരത്തിലേക്ക് തീ പടർന്ന് ആളിക്കത്തി. വലിയ തോതിൽ തീ കത്തുന്നത് കണ്ടതോടെ ഓടിക്കൂടിയവരും അകലം പാലിച്ചു. കൊല്ലം- തിരുവനന്തപുരം റെയിൽവേ ലൈനിൽ ഗതാഗതം ഏറെനേരം തടസപ്പെട്ടു. നാട്ടുകാരും ഫയർഫോഴ്സും ഈസ്റ്റ് പൊലീസും ചേർന്ന് വളരെ ശ്രമകരമായിട്ടാണ് മരം വെട്ടിമാറ്റിയത്. റെയിൽവേ ട്രാക്കിനോട് ചേർന്ന് ശ്മശാനം വളപ്പിൽ പടർന്ന് പന്തലിച്ചുനിന്നിരുന്നതാണ് മരം. പെരുമഴയും കാറ്റുമുണ്ടായതോടെയാണ് മരം കടപുഴകിയത്. ഈ സമയം ട്രെയിൻ കടന്നുവരാഞ്ഞത് വൻ ദുരന്തം ഒഴിവാക്കി. റെയിൽവേ അധികൃതർ സ്ഥലം സന്ദർശിച്ചു. മരം പൂർണമായും വെട്ടിമാറ്റിയ ശേഷം വൈദ്യുതി ലൈൻ പുനഃസ്ഥാപിക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |