കൊല്ലം: സാഹിത്യലോകത്തെ അത്യാധുനികത എന്ന് വിശേഷിപ്പിക്കുന്നത് കൃത്രിമത്വത്തെയാണെന്ന് കവി പ്രഭാവർമ്മ. കേരളകൗമുദി ഡെപ്യൂട്ടി ന്യൂസ് എഡിറ്ററായിരുന്ന ചാത്തന്നൂർ മോഹനന്റെ ഒൻപതാം അനുസ്മരണ സമ്മേളനം ഉദ്ഘാടനവും പുരസ്കാര സമർപ്പണവും നടത്തുകയായിരുന്നു അദ്ദേഹം.
മനുഷ്യത്വവും മണ്ണിന്റെ മണവുമില്ലാത്ത കൃതികൾ അതിജീവിക്കുകയില്ല. പലയിടത്തുനിന്നായി പലതുമെടുത്ത് ചേരാത്ത കഷണങ്ങൾ ചേർത്ത് പാതി വേവിച്ചപോലെ എഴുതിക്കൂട്ടിയിട്ടാണ് അത്യാധുനികത എന്ന വിശേഷണത്തിന് അർഹത നേടുന്നത്. ഇങ്ങനെ കൂട്ടിച്ചേർത്തുവയ്ക്കപ്പെടുമ്പോൾ അതിൽ നിന്ന് യഥാർത്ഥ ജീവിതം ചോർന്നുപോകും. എന്നാൽ മനുഷ്യാവസ്ഥകളെ കൂടുതൽ ശ്രേഷ്ഠമാക്കുന്നതായിരുന്നു ചാത്തന്നൂർ മോഹനന്റെ കവിതകൾ.
മാനുഷിക സത്ത എന്താണെന്ന് കവിതകളിലൂടെ അന്വേഷിക്കുകയായിരുന്നു അദ്ദേഹം. ഭാവഭംഗിയിലും ശില്പഭംഗിയിലും പ്രത്യേക ശ്രദ്ധ ചെലുത്തിക്കൊണ്ട് വയലാറിന്റെ പ്രതിഭാവിലാസം സായത്തമാക്കിയ കവിയായിരുന്നു ചാത്തന്നൂർ മോഹൻ. വാക്കുകളെ വാക്കുകളോട് ചേർത്തുവയ്ക്കുന്ന രാസവിദ്യ അദ്ദേഹത്തിന് വശമായിരുന്നുവെന്ന് ഓരോ രചനകളും അടയാളപ്പെടുത്തുന്നു. വായനാ സമൂഹത്തിന്റെ മനസിൽ ആ വരികൾ കടന്നുകൂടിയത് അങ്ങിനെയാണ്.
പത്രപ്രവർത്തനവും കവിതയും ഒരിക്കലും യോജിക്കാത്ത സംഗതികളാണ്. എന്നാൽ ഇവയെ മനോഹരമായി കോർത്തിണക്കി കൊണ്ടുപോവുകയും പാട്ടിന്റെ മധുരം ചേർത്തുവയ്ക്കുകയും ചെയ്തതിലൂടെ ഒരുപാട് ഹൃദയങ്ങളിൽ അദ്ദേഹത്തിന് ഇടംനേടാനായെന്നും പ്രഭാവർമ്മ പറഞ്ഞു. ചാത്തന്നൂർ മോഹൻ ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. മരണവംശം എന്ന നോവലാണ് ഇത്തവണ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ചാത്തന്നൂർ മോഹൻ പുരസ്കാരത്തിന് അർഹമായത്. നോവലിസ്റ്റ് പി.വി.ഷാജികുമാറിന് പ്രഭാവർമ്മ പുരസ്കാരം സമർപ്പിച്ചു.
കവി ചവറ കെ.എസ്.പിള്ള അദ്ധ്യക്ഷനായി. കേരളകൗമുദി അസോസിയേറ്റ് എഡിറ്റർ വി.എസ്.രാജേഷ്, ഹിന്ദു ദിനപത്രം കൊച്ചി ബ്യൂറോ ചീഫ് കെ.എസ്.സുധി, പി.വി.ഷാജികുമാർ, പ്രസ് ക്ളബ് സെക്രട്ടറി സനൽ.ഡി.പ്രേം, ഫൗണ്ടേഷൻ ചെയർമാൻ ഡോ. കെ.പ്രസന്ന രാജൻ, വൈസ് ചെയർമാൻ എസ്.സുധീശൻ എന്നിവർ സംസാരിച്ചു. പാർവതി മോഹന്റെ പ്രാർത്ഥനാ ഗീതത്തോടെയാണ് ചടങ്ങുകൾ തുടങ്ങിയത്. ചാത്തന്നൂർ മോഹന്റെ വിധവ ഡി.ജയകുമാരി, ഫൗണ്ടേഷൻ സെക്രട്ടറി വിനീഷ്.വി.രാജ്, സാമൂഹ്യ-സാംസ്കാരിക-സാഹിത്യ-പത്രപ്രവർത്തന രംഗത്തെ പ്രമുഖർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |