ടെൽ അവീവ്: ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഇറാനിലെ സുപ്രധാന മിസൈൽ, ആണവ കേന്ദ്രങ്ങളിൽ നാശനഷ്ടം സംഭവിച്ചെന്ന് ഉറപ്പിക്കുന്ന ഉപഗ്രഹ ചിത്രങ്ങൾ പുറത്ത്. പടിഞ്ഞാറൻ ഇറാനിലെ കെർമാൻഷാ, തബ്രിസ് നഗരങ്ങളിലെ ബാലിസ്റ്റിക് മിസൈൽ കേന്ദ്രങ്ങളിലും നതാൻസ് ആണവ കേന്ദ്രത്തിലും നാശനഷ്ടം സംഭവിച്ചെന്ന് കാട്ടുന്ന ഉപഗ്രഹ ചിത്രങ്ങൾ അന്താരാഷ്ട്ര സ്ഥാപനങ്ങൾ പുറത്തുവിട്ടു. ഇവിടെയൊക്കെ നാശനഷ്ടങ്ങൾ സംഭവിച്ചെന്ന് ഇറാൻ പരസ്യമായി സമ്മതിച്ചിട്ടില്ല. നതാൻസിലെയും ഫോർഡോയിലെയും ഭൂഗർഭ യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രങ്ങളിലും ഇസ്‌ഫഹാനിലെ ആണവ ഗവേഷണ കേന്ദ്രത്തിലും ആക്രമണങ്ങൾ ഉണ്ടായെന്ന് അന്താരാഷ്ട്ര അറ്റോമിക് എനർജി ഏജൻസിയും സ്ഥിരീകരിച്ചിട്ടുണ്ട്.
ഇറാന് ആണവായുധം പാടില്ല: ജർമ്മനി
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കുകയോ കൈവശം വയ്ക്കുകയോ ചെയ്യരുതെന്ന് ജർമ്മൻ ചാൻസലർ ഫ്രെഡ്‌റിക് മെർസ്. ആണവായുധങ്ങളിലേക്കുള്ള ഇറാന്റെ പുരോഗതി അവിടുത്തെ സൈനിക ലക്ഷ്യങ്ങൾ ആക്രമിക്കാൻ ഇസ്രയേലിനെ പ്രേരിപ്പിച്ചു. ഇറാന്റെ നീക്കം ഇസ്രയേലിനും മിഡിൽ ഈസ്റ്റിനും അന്താരാഷ്ട്ര സമൂഹത്തിനാകെയും ഭീഷണിയാകുമെന്നും മെർസ് പറയുന്നു.
വ്യോമപരിധി ഉപയോഗിക്കുന്നത് തടയണം
ഇറാനെ ആക്രമിക്കാൻ ഇസ്രയേൽ ഇറാക്കിന്റെ വ്യോമപരിധി ഉപയോഗിക്കുന്നത് തടയണമെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാൻ. ഇന്നലെ ഇറാക്ക് പ്രധാനമന്ത്രി മുഹമ്മദ് ഷയ്യ അൽ-സുഡാനിയുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് പെസഷ്‌കിയാൻ ഇക്കാര്യം വ്യക്തമാക്കിയത്. ഇറാക്കി പ്രദേശങ്ങളെ ഇറാനെതിരെ ദുരുപയോഗിക്കാൻ അനുവദിക്കരുതെന്നും ഇതിനായി ജാഗ്രത പാലിക്കണമെന്നും ആവശ്യപ്പെട്ടു.
മഷാദിൽ ആക്രമണം
വടക്കു കിഴക്കൻ ഇറാനിലെ മഷാദ് വിമാനത്താവളം ആക്രമിച്ച് ഇസ്രയേൽ വ്യോമസേന. ഒരു ഇന്ധന ടാങ്കർ വിമാനം തകർന്നു. സംഘർഷം ആരംഭിച്ച ശേഷം ആദ്യമായാണ് ഇത്രയും ദൂരത്തെത്തി ഇസ്രയേൽ യുദ്ധവിമാനങ്ങൾ ആക്രമണം നടത്തിയത്. ഇസ്രയേലിൽ നിന്ന് 2,300 കിലോമീറ്റർ അകലെയായിരുന്നു ആക്രമണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |