പത്തനംതിട്ട: വനാതിർത്തികളിലെ കൈതകൃഷി നിരോധിക്കുകയോ നിയന്ത്രിക്കുകയോ വേണമെന്ന് വനംവകുപ്പ്. വന്യജീവികളെ ആകർഷിക്കുന്ന കൈത കൃഷിയാണ് മനുഷ്യ വന്യജീവി സംഘർഷത്തിന്റെ പ്രധാന കാരണങ്ങളിലൊന്നായി വനംവകുപ്പ് ചൂണ്ടിക്കാട്ടുന്നത്.
വിവിധ പ്ളാന്റേഷൻ കമ്പനികളുടെ ഉടമസ്ഥതയിലുള്ള റബർ തോട്ടങ്ങളിൽ, പുതിയ റബർ കൃഷിക്കൊപ്പം ഇടവിളയായി കൈത കൃഷി ആരംഭിച്ചിട്ടുണ്ട്. അഞ്ച് വർഷത്തേക്ക് വരെ പാട്ടത്തിനെടുത്താണ് കൃഷി. തോട്ടങ്ങൾക്ക് ചുറ്റും ഫെൻസിംഗ് സ്ഥാപിച്ചിട്ടുണ്ട്. ഇതിലേക്ക് ഉയർന്ന തോതിൽ വൈദ്യുതി കടത്തിവിടുന്നതായും വന്യ ജീവികൾക്ക് ജീവഹാനി സംഭവിക്കുന്നതായും റേഞ്ച് ഓഫീസർമാർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർമാർക്ക് റിപ്പോർട്ട് നൽകി.
ആനകൾ അടക്കമുള്ള വന്യജീവികൾ കൈതയുടെ മണം പിടിച്ചെത്തുകയും തോട്ടങ്ങൾക്ക് സമീപം തമ്പടിക്കുകയും ചെയ്യുന്നു. കൈതത്തോട്ടങ്ങളിലേക്ക് ഇറങ്ങാൻ ശ്രമിച്ചപ്പോൾ ഷോക്കേറ്റാണ് കുളത്തുമണ്ണിൽ അടുത്തിടെ കാട്ടാന ചരിഞ്ഞത്. ഷോക്കേറ്റ് പിൻമാറുന്ന കാട്ടാനകൾ ഫെൻസിംഗ് ഇല്ലാത്ത ഭാഗത്തു കൂടി ജനവാസ മേഖലയിലെത്തി കൃഷി നശിപ്പിക്കുന്നുണ്ട്.
എലിഫന്റ് ബാരിക്കേഡ് സ്ഥാപിക്കണം
കാട്ടാനകൾ കൃഷി സ്ഥലങ്ങളിലേക്ക് ഇറങ്ങാതിരിക്കാൻ പ്രതിരോധ മാർഗങ്ങളായ കിടങ്ങുകളും സോളാർ ഫെൻസിംഗും ഫലപ്രദമല്ലെന്ന് വനപാലകർ പറയുന്നു. പാറക്കെട്ടുകളുള്ള സ്ഥലങ്ങളിൽ കിടങ്ങുകൾ കുഴിക്കാൻ അനുമതിയില്ല. സോളാർ ഫെൻസിംഗിലേക്ക് വള്ളിപ്പടർപ്പുകൾ കയറി തകരാറുകൾ സംഭവിക്കുന്നു. ഇതിനു പരിഹാരമായി കർണാടക വനപ്രദേശങ്ങളിലെ അതിർത്തികളിൽ സ്ഥാപിച്ചിട്ടുള്ള തരം എലിഫന്റ് ബാരിക്കേഡ് സ്ഥാപിക്കണമെന്നാണ് നിർദേശം.
റെയിൽവെയുടെ ഉപയോഗശൂന്യമായ പാളങ്ങൾ ലെയറുകളായി ഘടിപ്പിച്ചാണ് അവിടെ ബാരിക്കേഡുകൾ സ്ഥാപിക്കുന്നത്. ചെലവ് കുറവാണ്. ഇവ കാട്ടാനകൾക്ക് നശിപ്പിക്കാനാവില്ലെന്ന് തെളിഞ്ഞിട്ടുണ്ട്.
# കോന്നി, റാന്നി വനം ഡിവിഷനുകളിലെ വിവിധ സ്ഥലങ്ങളിലായി 1100 ഹെക്ടറിൽ കൈത കൃഷി
# പൈനാപ്പിൾ കൃഷി വ്യപകമായത് : രാജാമ്പാറ, കുളത്തുമൺ, പാടം, വെള്ളംതെറ്റി, കല്ലേലി
പൈനാപ്പിൾ കൃഷി ചെയ്തിട്ടുള്ള വനാതിർത്തികളിൽ കാട്ടാന ശല്യം കൂടാൻ സാദ്ധ്യതയുണ്ട്.
കാട്ടാന, പുലി ശല്യമുള്ള പ്രദേശങ്ങളിൽ ഫെൻസിംഗ് ജോലികൾ പുരോഗമിക്കുന്നു.
വനംവകുപ്പ് ,കോന്നി ഓഫീസ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |