SignIn
Kerala Kaumudi Online
Sunday, 27 July 2025 6.26 AM IST

ദേശീയപാതാ വികസനം വികസനത്തിന്റെ ജീവരേഖ

Increase Font Size Decrease Font Size Print Page
as

2014-ൽ നരേന്ദ്ര മോദി ഇന്ത്യൻ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത നിമിഷം മുതൽ, ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ അടിസ്ഥാന സൗകര്യ വികസനത്തിന് മുൻഗണന നൽകിവരികയാണ്. ഈ ദിശയിൽ, കേന്ദ്ര ഉപരിതല ഗതാഗത, ദേശീയപാത മന്ത്രാലയം അടിസ്ഥാന സൗകര്യ വികസനത്തിന്റെ കേന്ദ്രബിന്ദുവായി മാറി. മോദിയുടെ നേതൃത്വത്തിൽ, മന്ത്രാലയം രാജ്യത്തിന്റെ സാമ്പത്തിക വളർച്ച ത്വരിതപ്പെടുത്തുക മാത്രമല്ല, 2014 മുതലുള്ള 11 വർഷത്തിനിടയിൽ അതിന് പുതിയ മാനങ്ങൾ നൽകുകയും ചെയ്തു.

പൂർത്തിയായതും ആസന്നമായതുമായ ദേശീയപാതകളുടെ നിർമ്മാണം രാജ്യത്തിന്റെ വളർച്ചയുടെ ഗതി നിർണയിക്കുന്നതിൽ സുപ്രധാന പങ്കു വഹിക്കുന്നു. കാര്യക്ഷമമായ ദേശീയപാതകൾ, ജലപാതകൾ, റെയിൽവേ എന്നിവയിലൂടെ ചരക്ക് ഗതാഗതച്ചെലവ് കുറയ്ക്കാനും സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കാനും സാധിക്കും. ഇന്ത്യയെ 'വിശ്വഗുരു" (ലോക നേതാവ്) സ്ഥാനത്ത് പ്രതിഷ്ഠിക്കുക എന്നതാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്നം. ആഗോളതലത്തിൽ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകാനും അഞ്ച് ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയായി മാറാനുമുള്ള മുന്നേറ്റത്തിലാണ് ഇന്ത്യ. ഈ സ്വപ്നം സാക്ഷാത്കരിക്കുന്നതിന് കയറ്റുമതി വർദ്ധിപ്പിക്കേണ്ടതുണ്ട്. കയറ്റുമതിയിലെ വർദ്ധനവ് കാർഷിക, സേവന, വ്യാവസായിക മേഖലകളിലെ വളർച്ചയെ ഉത്തേജിപ്പിക്കും.

ഭാരതമെന്ന

'വിശ്വഗുരു"

കഴിഞ്ഞ 11 വർഷത്തിനിടെ നിർമ്മിക്കപ്പെട്ട റോഡുകൾ നമ്മുടെ ചരക്ക് ഗതാഗതച്ചെലവ് 16 ശതമാനത്തിൽ നിന്ന് 10 ശതമാനമായി കുറച്ചു. അടുത്ത വർഷത്തോടെ, ചെലവ് ഒമ്പത് ശതമാനമായി കുറയ്ക്കാനാണ് നാം ലക്ഷ്യമിടുന്നത്. ഇത് നമ്മുടെ കയറ്റുമതിയും മത്സരക്ഷമതയും വർദ്ധിപ്പിക്കുകയും, 'വിശ്വഗുരു" (ലോക നേതാവ്) സ്ഥാനത്തേക്കുള്ള പ്രയാണം ത്വരിതപ്പെടുത്താൻ രാജ്യത്തെ സഹായിക്കുകയും ചെയ്യും. കേന്ദ്ര ഉപരിതല ഗതാഗത, ദേശീയപാത മന്ത്രാലയം രാജ്യമെമ്പാടുമായി 25 പുതിയ ഗ്രീൻഫീൽഡ് എക്സ്‌പ്രസ് ഹൈവേകൾ നിർമ്മിക്കുകയാണ്. തുറമുഖങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നതിനും ആദ്ധ്യാത്മിക വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനുമായി 3000 കിലോമീറ്ററിലധികം ദൈ‍ർഘ്യത്തിൽ ദേശീയപാതകൾ നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. ആദ്ധ്യാത്മിക വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനുള്ള സർക്കാർ പദ്ധതികളും രൂപപ്പെട്ടുവരുന്നു. 22,000 കോടി ചെലവിൽ പൂർത്തിയാക്കിയ ബുദ്ധിസ്റ്റ് സർക്യൂട്ട്, ദക്ഷിണേഷ്യ, ഇന്തോനേഷ്യ, മലേഷ്യ, ചൈന, സിംഗപ്പൂർ, ജപ്പാൻ എന്നിവിടങ്ങളിൽ നിന്ന് ബുദ്ധന്റെ ജന്മസ്ഥലം സന്ദർശിക്കുന്ന വിനോദസഞ്ചാരികളുടെ എണ്ണം ഗണ്യമായി വർദ്ധിപ്പിച്ചു.

ഒപ്പം, ചാർധാം തീർത്ഥാടനത്തിനായി ബദരീനാഥ്, കേദാർനാഥ്, ഗംഗോത്രി, യമുനോത്രി എന്നിവ സന്ദർശിക്കുന്ന തീർത്ഥാടകരുടെ എണ്ണം മൂന്നിരട്ടിയായി വർദ്ധിച്ചു. കേദാർനാഥിലേക്ക് 12,000 കോടി ചെലവിൽ റോപ്പ്‌വേയുടെ നിർമ്മാണം പുരോഗമിക്കുന്നു. ഉത്തരാഖണ്ഡിലെ കൈലാസ് മാനസസരോവറിനെ പിത്തോറഗഢുമായി ബന്ധിപ്പിക്കുന്ന റോഡിന്റെ 90 ശതമാനം ജോലികളും പൂർത്തിയായി. ഇന്ത്യയിൽ, പ്രത്യേകിച്ച് ദേശീയ തലസ്ഥാനത്ത്, 'ഫ്ളയിങ് ബസുകൾ" എന്ന സ്വപ്നം യാഥാർത്ഥ്യത്തോടടുക്കുകയാണ്. ഏരിയൽ ബസുകൾ, ഫ്ളാഷ്ചാർജ് ചെയ്യാവുന്ന ഇലക്ട്രിക് ബസുകൾ, പർവത പ്രദേശങ്ങൾക്കായുള്ള ഡബിൾഡെക്കർ ഫ്ളയിങ് ബസുകൾ എന്നിവയും പരിഗണനയിലുണ്ട്. ഡൽഹിയിലെ ധൗള കുവാനിൽ നിന്ന് മനേസറിലേക്കുള്ള, സ്കൈവേ സംവിധാനം അടിസ്ഥാനമാക്കിയുള്ള ഏരിയൽ ബസ് സർവീസ് ഏതാണ്ട് അവസാന ഘട്ടത്തിലാണ്. ഈ റൂട്ടിലെ സ്ഥിരമായ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിൽ ഈ പരീക്ഷണം നിർണായകമാകും.

ഫ്ളാഷ് ചാർജ്

ബസുകൾ

നാഗ്പൂരിൽ ഉടൻ തന്നെ ആദ്യ ഫ്ളാഷ്ചാർജ് ഇലക്ട്രിക് ബസ് സർവീസ് ആരംഭിക്കും. ഇതിൽ എക്സിക്യുട്ടീവ് ക്ലാസ്, ഫ്രണ്ട് ടിവി സ്‌ക്രീനുകൾ, എയർ ഹോസ്റ്റസുമാർക്ക് സമാനമായ ബസ് ഹോസ്റ്റസുമാർ എന്നീ സൗകര്യങ്ങളോടെ 135 സീറ്റുകൾ ഉണ്ടാവും. ഈ ബസിന്റെ പരമാവധി വേഗത മണിക്കൂറിൽ 120 കിലോമീറ്റർ ആയിരിക്കും. ഓരോ 40 കിലോമീറ്ററിലും 30 സെക്കൻഡ് നേരത്തേക്ക് നിർത്തി,​ പൂർണമായും ചാർജ് ചെയ്ത് യാത്ര പുന: രാരംഭിക്കും. ഒരു ഓഫീസിലിരുന്ന് ഡി.പി.ആർ തയ്യാറാക്കുന്നതിലൂടെ ഇത്തരം ലക്ഷ്യങ്ങൾ നേടാനാവില്ല. അതിന് പൂർണഹൃദയത്തോടെയുള്ള പരിശ്രമം ആവശ്യമാണ്.

റോഡ് നിർമ്മാണത്തെക്കുറിച്ച് ഐ.ഐ.എം. ബാംഗ്ലൂർ നടത്തിയ സമീപകാല പഠനത്തിൽ, ദേശീയപാത നിർമ്മാണത്തിനായി ചെലവഴിക്കുന്ന ഓരോ രൂപയും ഇന്ത്യയുടെ ജി.ഡി.പിയിൽ 3.21 വർദ്ധനവിന് കാരണമാകുന്നതായും,​ ഇത് 3.2 മടങ്ങ് ബഹുഗുണീകൃത ഫലങ്ങൾ ഉളവാക്കുന്നതായും കണ്ടെത്തി. തത്ഫലമായി, ആഭ്യന്തര ഉത്പാദനം 9 ശതമാനവും കാർ വില്പന 10.4 ശതമാനവും വർദ്ധിച്ചു. കേന്ദ്ര ഉപരിതല ഗതാഗത, ദേശീയ പാത മന്ത്രാലയം നടത്തിയ പ്രവർത്തനങ്ങൾ സാമ്പത്തിക പ്രവർത്തനങ്ങൾ വർദ്ധിപ്പിക്കുക മാത്രമല്ല, നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തു.

ശ്രദ്ധേയമായ ചില കണക്കുകൾ നോക്കുക: 2014-ൽ ഇന്ത്യയിൽ 91,000 കിലോമീറ്റർ ദേശീയ പാതകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. 2024 ആകുമ്പോഴേക്കും ഈ ശൃംഖല ഏദേശം 60 ശതമാനം വർദ്ധിച്ച് 1.46 ലക്ഷം കിലോമീറ്ററായി. റോഡ് നിർമ്മാണത്തിന്റെ വേഗത പ്രതിദിനം 12 കിലോമീറ്ററിൽ നിന്ന് 28- 30 കിലോമീറ്ററായി വർദ്ധിച്ചു. 5.35 ലക്ഷം കോടി രൂപയുടെ 'ഭാരത്മാല" പദ്ധതി പ്രകാരം, സാമ്പത്തിക ഇടനാഴികൾ, അന്താരാഷ്ട്ര അതിർത്തി റോഡുകൾ, അതിർത്തി പ്രദേശ കണ‌ക്റ്റിവിറ്റി എന്നിവയുൾപ്പെടെ 65,000 കിലോമീറ്റർ റോഡുകൾ നിർമ്മിക്കുക എന്നതാണ് ലക്ഷ്യം. ഇന്ത്യയുടെ ലോജിസ്റ്റിക്സ് ചെലവ് കുറയ്ക്കുന്നതിനുള്ള നിർണായക ചുവടുവയ്പാണ് ഈ പദ്ധതി.

മൾട്ടി മോഡൽ

കണക്റ്റിവിറ്റി

'ഗതി ശക്തി" പദ്ധതിയും മൾട്ടി മോഡൽ കണക്റ്റിവിറ്റി സംരംഭവും റോഡുകൾ, റെയിൽവേ, വ്യോമപാതകൾ, ജലപാതകൾ, തുറമുഖങ്ങൾ എന്നിവയെ ഒരൊറ്റ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ സംയോജിപ്പിക്കുന്നു. ഇത് സമയബന്ധിതമായി പദ്ധതികൾ പൂർത്തീകരിക്കാൻ സഹായകമായി. ഗണ്യമായ സ്വകാര്യ നിക്ഷേപം ആകർഷിക്കുന്ന പൊതുസ്വകാര്യ പങ്കാളിത്ത (പി.പി.പി) മാതൃകകളിലൂടെ റോഡ് വികസന പദ്ധതികൾ നടപ്പിലാക്കാനും നമ്മുടെ മന്ത്രാലയം മുൻകൈയെടുത്തു. ഈ മാതൃകയിൽ 12 ലക്ഷം കോടിയിലധികം ചെലവുള്ള റോഡ് നിർമ്മാണ പദ്ധതികൾ ഏറ്റെടുത്തിട്ടുണ്ട്.

2014-ൽ ആരംഭിച്ച ഈ പ്രയാണം കേവലം റോഡ് നിർമ്മാണം മാത്രമായി ഒതുങ്ങുന്നില്ല. ഒരുതരത്തിൽ പറഞ്ഞാൽ, ഇന്ത്യയുടെ പുരോഗതിയുടെ ജീവരേഖയായി ഇത് മാറിയിരിക്കുന്നു. ദേശീയപാതാ ശൃംഖലയുടെ വികാസം,​ യാത്ര സുഗമമാക്കുക മാത്രമല്ല, ആഭ്യന്തര വ്യാപാരം, വ്യവസായം, വിനോദസഞ്ചാരം, സുരക്ഷ എന്നിവയെ ഉത്തേജിപ്പിക്കുകയും ചെയ്തു. സമൂഹത്തിലെ ഏറ്റവും പിന്നാക്കം നിൽക്കുന്ന മുഴുവൻ പേരിലേക്കും സമഗ്ര വികസനം എത്തിച്ചേരുന്നുവെന്ന് ഉറപ്പാക്കാൻ ആദ്യ ദിനം മുതൽ നമ്മുടെ സർക്കാർ അക്ഷീണം പ്രവർത്തിച്ചുവരികയാണ്. ഈ ലക്ഷ്യം എത്രയും വേഗം കൈവരിക്കുന്നതിനായി വരും വർഷങ്ങളിൽ ഈ പ്രവർത്തനങ്ങൾ കൂടുതൽ വേഗത്തിലാക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.

കെന്നഡിയുടെ

വചനങ്ങൾ

ലോകോത്തര അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കുന്നതിനും 2047-ഓടെ ഇന്ത്യയെ ഒരു വൻ സാമ്പത്തിക ശക്തിയാക്കി മാറ്റുന്നതിനും നമ്മുടെ ദേശീയപാത ശൃംഖല അമേരിക്കയുടേതിനേക്കാൾ മികച്ചതാക്കിത്തീർക്കുന്നതിനും വ്യക്തമായ ഒരു പദ്ധതിയും കാഴ്ചപ്പാടും നമുക്കുണ്ട്. 'അമേരിക്ക സമ്പന്ന രാഷ്ട്രമായതുകൊണ്ടല്ല അവിടെ നല്ല റോഡുകൾ നിർമ്മിക്കപ്പെട്ടത്; മറിച്ച്, നല്ല റോഡുകൾ നിർമ്മിക്കപ്പെട്ടതുകൊണ്ടാണ് അമേരിക്ക സമ്പന്നമായി മാറിയത്."- മുൻ യു.എസ് പ്രസിഡന്റ് ജോൺ എഫ്. കെന്നഡിയുടെ ഈ ഉദ്ധരണി, ഡൽഹിയിലെ ഗതാഗത ഭവനിലെ എന്റെ ഓഫീസിലും മഹാരാഷ്ട്രയിൽ ഞാൻ മന്ത്രിയായിരുന്നപ്പോൾ അവിടെയും പ്രദർശിപ്പിച്ചിരുന്നത് യാദൃച്ഛികമല്ല. മോദിയുടെ നേതൃത്വത്തിൽ കഴിഞ്ഞ 11 വർഷമായി ഈ മന്ത്രം നമുക്ക് മാർഗദർശനം നല്കുകയാണ്.

ഭാവിയിൽ ഈ പ്രവർത്തനം കൂടുതൽ വേഗത്തിൽ മുന്നോട്ടു കൊണ്ടുപോകാൻ ഞങ്ങൾ ദൃഢനിശ്ചയം ചെയ്തിട്ടുണ്ട്. വരുംവർഷങ്ങളിൽ, ഇന്ത്യയുടെ റോഡ് അടിസ്ഥാന സൗകര്യങ്ങൾ അമേരിക്കയേക്കാൾ മികച്ചതായിരിക്കും. ഇത് ഒരു സ്വപ്നമല്ല, മറിച്ച് രൂപപ്പെട്ടു വരുന്ന യാഥാർത്ഥ്യമാണ്. ഗുണനിലവാരം, വേഗത, സുതാര്യത, പരിസ്ഥിതി സൗഹൃദ നയങ്ങൾ എന്നിവയിൽ സന്തുലിതാവസ്ഥ നിലനിറുത്തുന്നതിലൂടെ ഇന്ത്യയുടെ ദേശീയപാത ശൃംഖല ആഗോള തലത്തിൽ അംഗീകരിക്കപ്പെടും.

TAGS: NH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.