കാസർകോട് : ദേശീയപാത നിർമ്മാണം നടക്കുന്ന തെക്കിൽ ബേവിഞ്ച സ്റ്റാർനഗറിൽ മണ്ണിടിഞ്ഞതിനെ തുടർന്ന് ഇതുവഴി ഗതാഗതം നിരോധിച്ചു. ഇന്നലെ ഉച്ചക്ക് 12 മണിയോടെയാണ് റോഡിലേക്ക് മണ്ണിടിഞ്ഞ് വീണത്. ഒരു സ്വകാര്യബസ് കടന്നുപോയി നിമിഷങ്ങൾക്കുള്ളിലാണ് സോയിൽ നെയിലിംഗ് നടത്തിയ മൺതിട്ട ഇടിഞ്ഞുവീണത്. തലനാരിഴക്കാണ് ഇവിടെയുള്ള ബസ് സ്റ്റേപ്പിൽ കാത്തുനിന്നിരുന്ന യാത്രക്കാർ രക്ഷപ്പെട്ടത്.
മണ്ണിടിയുന്ന കുന്നിന് മുകളിൽ നാലോളം വീടുകളുണ്ട്. ഇവർ ഭീതിയോടെയാണ് അവിടെ കഴിയുന്നത്. ബേവിഞ്ചയിൽ റോഡിൽ വീണ മണ്ണ് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് നീക്കം ചെയ്തുവരികയാണ്. മണ്ണിടിഞ്ഞ സ്ഥലത്തുകൂടി ആംബുലൻസ്, അടിയന്തര സേവന വാഹനങ്ങൾ എന്നിവ മാത്രം നിയന്ത്രിതമായി കടന്ന് പോകാൻ അനുവദിച്ചു. സുരക്ഷിതമാണെന്ന് സ്ഥിരീകരിച്ച ശേഷം ഗതാഗതം പുനഃസ്ഥാപിക്കുമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. രോഷാകുലരായ നാട്ടുകാർ ദേശീയപാത ഉപരോധിച്ചു. സ്ഥലത്തെത്തിയ ജില്ലാകളക്ടർ അടക്കമുള്ള ഉദ്യോഗസ്ഥരോടും നാട്ടുകാർ ക്ഷോഭാകുലരായി സംസാരിച്ചു.മഴ ഒഴിയാതെ എൻ.എച്ച് 66 ൽ നിന്ന് മണ്ണ് നീക്കം ചെയ്യാൻ കഴിയില്ലെന്ന് ജില്ലാ കളക്ടർ കെ.ഇമ്പശേഖരൻ പറഞ്ഞു.ഇവിടെ കോൺക്രീറ്റ് വാൾ നിർമ്മിക്കാൻ ദേശീയ പാത അതോറിറ്റിയോട് ആവശ്യപ്പെടുമെന്നും ജില്ലാ കളക്ടർ പറഞ്ഞു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |