അമ്പലപ്പുഴ: തീ പിടിച്ച കപ്പലിൽ നിന്ന് കടലിൽ വീണ് വളഞ്ഞവഴി കാക്കാഴം കടപ്പുറത്ത് അിടഞ്ഞ വാതക കണ്ടെയ്നർ വൈകിട്ടോടെ കരയ്ക്ക് കയറ്റിവച്ചു.
സാൽവേജ് കമ്പനി ജീവനക്കാരും ദുരന്തനിവാരണ അതോറിട്ടി ,സിവിൽ ഡിഫൻസ് ജീവനക്കാരും ചേർന്ന് ജെ.സി.ബി ഉപയോഗിച്ചാണ് നീക്കിയത്. കസ്റ്റംസ് അധികൃതർ എത്തി പരിശോധന നടത്തി. കൊച്ചിയിലേക്ക് കരമാർഗം കൊണ്ടു പോകാനുള്ള ശ്രമത്തിലാണ് കസ്റ്റംസ് അധികൃതർ.
വാതക കണ്ടെയ്നർ കടൽഭിത്തിയിലിടിച്ച് വാതക ചോർച്ച ഉണ്ടാകുമോ എന്ന ഭയമായിരുന്നു നാട്ടുകാർക്ക്. ഫിഷറീസ്, അമ്പലപ്പുഴ പൊലീസ്, കോസ്റ്റൽ പൊലീസ്, ഫയർഫോഴ്സ് , റവന്യു ,പഞ്ചായത്ത് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. വാതകടാങ്ക് ശൂന്യമാണെന്ന് കളക്ടർക്ക് വിവരം കിട്ടിയതോടെ ആശങ്കയ്ക്ക് ശമനമായി. പറവൂർ അറപ്പപ്പൊഴി തീരത്ത് ഞായറാഴ്ച രാത്രിയിൽ ലൈഫ് ബോട്ട് അടിഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് കണ്ടെയ്‌നറും ഒഴുകിയെത്തിയത്.
ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ പ്രേംജി, അമ്പലപ്പുഴ തഹസിൽദാർ എസ്.അൻവർ, അമ്പലപ്പുഴ വടക്ക് വില്ലേജ് ഓഫീസർ സുജിത് തുടങ്ങിയവർ സ്ഥലത്തെത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |