
കൊച്ചി: സാങ്കേതിക തകരാർ മൂലം പ്രമുഖ ടെലികോം കമ്പനിയായ റിലയൻസ് ജിയോയുടെ മൊബൈൽ സേവനങ്ങൾ കേരളത്തിലടക്കം ഇന്നലെ വ്യാപകമായി തടസപ്പെട്ടു. ഉച്ചയോടെ ആരംഭിച്ച പ്രശ്നം രണ്ടു മണിക്കൂറിനുള്ളിൽ പരിഹരിച്ച് സേവനങ്ങൾ പുന:സ്ഥാപിക്കാനായി. പ്രശ്നം കാരണം യു.പി.ഐ ഇടപാടുകൾ ഉൾപ്പെടെ നടത്താനായില്ല. മൊബൈൽ ഇന്റർനെറ്റ്, ജിയോ ഫൈബർ, ഫോൺ കണക്ടിവിറ്റി സേവനങ്ങൾ തടസപ്പെട്ടതോടെ പതിനായിരക്കണക്കിന് ഉപഭോക്താക്കൾ പ്രതിസന്ധിയിലായി.
12,000ലധികം പരാതികൾ ലഭിച്ചെന്ന് ഡിജിറ്റൽ സേവനങ്ങളുടെയും വെബ്‌സൈറ്റുകളുടെയും പ്രവർത്തനം വിലയിരുത്തുന്ന ഡൗൺഡിറ്റക്‌ടറിന്റെ റിപ്പോർട്ടിൽ പറയുന്നു. മൊബൈൽ ഇന്റർനെറ്റ് ലഭിക്കുന്നില്ലെന്ന പരാതികൾ 56% കവിഞ്ഞു. 32%പേർ കോൾ വിളിക്കാൻ കഴിയുന്നില്ലെന്നും പരാതിപ്പെട്ടു. മുംബയ്, ബംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലും സമാനമായ പ്രശ്നങ്ങൾ നേരിട്ടു.
അതേസമയം, തമിഴ്നാട്ടിൽ ഫൈബർ ശൃംഖലയിലുണ്ടായ തകരാറാണ് കേരളം, കോയമ്പത്തൂർ സർക്കിളുകളിൽ സേവനങ്ങൾ മുടങ്ങാൻ ഇടയാക്കിയതെന്ന് റിലയൻസ് ജിയോയിലെ ഒരു ഉയർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. കേരളത്തിലും തമിഴ്നാടിന്റെ ചില ഭാഗങ്ങളിലും മാത്രമാണ് സേവനങ്ങൾ തടസപ്പെട്ടതെന്നും വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |