കൊല്ലം: കൊല്ലം ആൽത്തറമൂട്ടിലെ ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് രണ്ടാം കോടതിയുടെ അടുത്തുള്ള റോഡിൽ വച്ച് യുവതിയെ ഭർത്താവ് കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ചു. സംഭവത്തിൽ കാവനാട് മുക്കാട് ജോർദാനിൽ ബിൻസി (46) കൊല്ലം വെസ്റ്റ് പൊലീസിന്റെ പിടിയിലായി. ഇന്നലെ രാവിലെ 11.45 ഓടെയായിരുന്നു സംഭവം.
വെസ്റ്റ് പൊലീസ് പറയുന്നത്: ബിൻസിയും ഭാര്യ റീനയും തമ്മിൽ കുടുംബ പ്രശ്നങ്ങളുണ്ടായിരുന്നു. ഇവരിപ്പോൾ രണ്ട് വീടുകളിലാണ് താമസം. ബിൻസി നിരന്തരം ഉപദ്രവിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി റീന നൽകിയ കേസിൽ ഇന്നലെ കോടതിയിൽ ഹിയറിംഗിന് എത്തിയതായിരുന്നു ഇരുവരും. കേസ് മറ്റൊരു ദിവസത്തേക്ക് മാറ്റിവച്ചതിന് പിന്നാലെ രണ്ടുപേരും കോടതിക്ക് പുറത്തേക്കിറങ്ങി.
അഭിഭാഷകയ്ക്കൊപ്പം റോഡിലേക്കെത്തിയ തന്നെ ഭർത്താവ് മതിലിനോട് ചേർത്തുനിറുത്തി കത്തി ഉപയോഗിച്ച് കഴുത്തറുക്കാൻ ശ്രമിച്ചുവെന്നാണ് റീന കൊല്ലം വെസ്റ്റ് പൊലീസിന് നൽകിയ മൊഴി. ഒഴിഞ്ഞുമാറിയതിന് പിന്നാലെ വയറ്റിൽ കുത്താൻ ശ്രമിച്ചു. തടയാൻ ശ്രമിക്കുന്നതിനിടയിൽ ഇടത് കൈ വെള്ളയ്ക്ക് മുറിവേറ്റു. കഴുത്തിൽ നേരിയ പോറലുണ്ട്.
നിലവിളി കേട്ടെത്തിയ പ്രദേശവാസികളും പൊലീസും ചേർന്ന് പ്രതിയെ കീഴടക്കുകയായിരുന്നു. റീന ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. കോടതിയിൽ ഹാജരാക്കിയ ബിൻസിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |