ന്യൂഡൽഹി: ആണവ പോർമുനകളുടെ എണ്ണത്തിൽ ഇന്ത്യ പാകിസ്ഥാനെ മറികടന്നതായി സ്റ്റോക്ക്‌ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് റിപ്പോർട്ട്. പാകിസ്ഥാന്റെ 170നെ മറികടന്ന് ഇന്ത്യയുടെ ആണവായുധ ശേഖരം 180ൽ എത്തിയിരിക്കുകയാണെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
റിപ്പോർട്ട് പ്രകാരം, കഴിഞ്ഞവർഷം ഇന്ത്യയുടെ പക്കൽ 172 പോർമുനകളാണ് ഉണ്ടായിരുന്നത്. രാജ്യത്തിന്റെ ആയുധ സംഭരണശാലയിലാണ് ഇവ നിലവിലുള്ളത്. എന്നാൽ പാകിസ്ഥാന്റെ പോർമുനകളുടെ എണ്ണം കഴിഞ്ഞവർഷത്തേതിൽ നിന്ന് മാറ്റമില്ലാതെ തുടരുകയാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം ഇന്ത്യ തങ്ങളുടെ ആണവായുധ ശേഖരം വികസിപ്പിച്ചു. നിരവധി പോർമുനകൾ വഹിക്കാൻ ശേഷിയുള്ള കാനിസ്റ്ററൈസ്ഡ് മിസൈലുകൾ ഉൾപ്പെടെയുള്ള പുതിയ വിതരണ സംവിധാനങ്ങളുടെ വികസനം തുടരുന്നതായും റിപ്പോർട്ട് സൂചിപ്പിക്കുന്നു.
പാകിസ്ഥാനും പുതിയ വിതരണ സംവിധാനങ്ങൾ വികസിപ്പിക്കുന്നത് വർദ്ധിപ്പിച്ചിരിക്കുകയാണ്. എന്നാൽ അവരുടെ ആയുധശേഖരത്തിൽ വർദ്ധനവില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. വായു, കടൽ, കര എന്നിവയിലുടനീളം ഇന്ത്യ തങ്ങളുടെ പ്രതിരോധ നിക്ഷേപം വർദ്ധിപ്പിക്കുകയാണ്. ഇന്ത്യയുടെ ആധുനിക വത്കരണം സ്ഥിരതയുള്ളതാണ്. പ്രതിരോധത്തിന് അനുസൃതമായ നയമാണ് ഇന്ത്യ പിന്തുടരുന്നത്. ആണവായുധ ശേഖരം വർദ്ധിപ്പിക്കുന്ന ആഗോള പ്രവണതയ്ക്കിടയിലാണ് ഇന്ത്യയുടെ വളർച്ചെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ആഗോളതലത്തിൽ ഒൻപത് രാജ്യങ്ങളിലായി 12,241 ആണവായുധ പോർമുനകളാണുള്ളത്. ഇവയിൽ 9,614 എണ്ണം സംഭരണശാലകളിൽ സൂക്ഷിച്ചിരിക്കുന്നവയാണ്. 3,912 എണ്ണം വിന്യസിച്ചു.
ഇവയിൽ ഭൂരിഭാഗവും യുഎസിന്റെയും റഷ്യയുടെയും പക്കലാണുള്ളത്. ലോകത്തെ ആണവ പോർമുനകളുടെ 90 ശതമാനവും ഈ രണ്ട് രാജ്യങ്ങളുടെ പക്കലാണ്. എന്നിരുന്നാലും, ചൈനയും ഇന്ത്യയും അതിവേഗം ആണവ ശക്തികളായി ഉയർന്നുവരുന്നുണ്ട്. ചൈനയുടെ പക്കൽ 600 ആണവായുധ പോർമുനകളാണുള്ളത്. അവയിൽ 24 എണ്ണമാണ് ഇതുവരെ വിന്യസിച്ചിട്ടുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |