അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്നും ലണ്ടനിലേക്ക് പറന്ന എയർഇന്ത്യ വിമാനം അപകടത്തിൽപ്പെട്ടതിന്റെ ഞെട്ടൽ ഇപ്പോഴും മാറിയിട്ടില്ല. 242 യാത്രക്കാരിൽ 241 പേരും അപകടത്തിൽ കൊല്ലപ്പെട്ടു. വിമാനം പതിച്ച മെഡിക്കൽ കോളേജ് ഹോസ്റ്റലിലെ വിദ്യാർത്ഥികൾ അടക്കമുള്ളവരുടെ മരണം വേറെയും. ലോകത്തെ നമ്പർ വൺ എന്ന ഖ്യാതിയുള്ള ബോയിംഗ് വിമാന നിർമ്മാണ കമ്പനിയുടെ യശസിനു കൂടിയാണ് ഈ അപകടം ആഘാതമേൽപ്പിച്ചത്. ഒരു കാലത്ത് ഏറ്റവും സുരക്ഷിതമെന്ന് പെരുമയുണ്ടായിരുന്ന ബോയിംഗ് വിമാനങ്ങൾ, ഇന്ന് തുടരെത്തുടരെയുള്ള അപകടങ്ങൾ കാരണം പറക്കൽ നിറുത്തേണ്ട ദുഃസ്ഥിതിയിലാണ്.
വിമാനം നിലംപതിച്ചത് റൺവേയിൽ നിന്ന് ഉയർന്ന് 32 സെക്കൻഡിനുള്ളിലാണ്. ഉയർന്ന് 15 സെക്കൻഡിനകം എൻജിനുകൾ തകരാറിലായി. ഈ സമയത്തിനകം വിമാനം നിലംപതിച്ചു തുടങ്ങിയിരുന്നു. എയർട്രാഫിക് കൺട്രോളിലേക്ക് പൈലറ്റ് അപായ സന്ദേശം അയച്ചെങ്കിലും മറുപടി സ്വീകരിക്കാനുള്ള സമയം പോലും പൈലറ്റിന് കിട്ടിയില്ല. ഇരട്ട എൻജിനുള്ള വിമാനത്തിന്റെ രണ്ടു എൻജിനുകളിൽ ഒന്ന് തകരാറിലായാലും രണ്ടാമത്തേത് എന്തുകൊണ്ട് പ്രവർത്തിച്ചില്ലെന്നതും ടേക്ക് ഓഫ് സമയത്ത് താഴ്ന്നിരിക്കേണ്ട ചിറകിലെ ഫ്ളാപ്പ് ക്രമീകരണത്തിൽ പിഴവു വന്നതിലും സംശയമുണ്ട്. ലാൻഡിംഗ് ഗിയർ താഴ്ത്തിയ നിലയിലായിരുന്നതും അസ്വാഭാവികമാണ്.
വിമാനത്തിന്റെ എഞ്ചിനിൽ നിന്നുള്ള പവർ സ്വീകരിക്കുന്ന വൈദ്യുതി സംവിധാനങ്ങളെല്ലാം തകരാറിലായെന്നാണ് നിഗമനം. ഈ സാഹചര്യത്തിൽ പ്രവർത്തിക്കേണ്ട ഓക്സിലിയറി പവർ യൂണിറ്റ് എന്ന ചെറു ജനറേറ്ററും പ്രവർത്തിച്ചില്ല. വിമാനത്തിന് ഊർജം നൽകേണ്ട ബാറ്ററി യൂണിറ്റും നിശ്ചലമായി. വിമാനം പറന്നുയർന്നയുടൻ രണ്ട് എൻജിനുകളും പ്രവർത്തിക്കാതെയായി. ഒപ്പം, എൻജിൻ പ്രവർത്തിപ്പിക്കുന്ന ജനറേറ്ററുകളും പ്രവർത്തിച്ചില്ല. രണ്ടാമത്തെ സാദ്ധ്യത എൻജിനുകൾ പ്രവർത്തിക്കുന്നുണ്ടായിരുന്നെങ്കിലും രണ്ട് ഇന്റഗ്രേറ്റഡ് ഡ്രൈവ് ജനറേറ്ററുകൾ പ്രവർത്തിച്ചില്ല എന്നതാണ്. സോഫ്‌റ്റ്‌വെയറിലെ പിഴവിനെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്.
അപകടത്തിന് പിന്നാലെ കൂടുതൽ പേരും ഉന്നയിച്ച സംശയങ്ങളിൽ ഒന്നാണ് പക്ഷയിടി. പറക്കുന്നതിനിടെ പക്ഷിയിടിച്ച് രണ്ട് എഞ്ചിനുകളും തകരാറായ സംഭവങ്ങൾ ഒരുപാടുണ്ടായിട്ടുണ്ട്. എന്നാൽ പരിശോധനയിൽ പക്ഷികളുടെ അവശിഷ്ടങ്ങളൊന്നും കണ്ടെത്താനാകാത്തതിനാൽ, ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) ഈ സാദ്ധ്യത തള്ളിക്കളഞ്ഞതായ റിപ്പോർട്ടും പുറത്തുവന്നിരുന്നു.
താഴ്ന്ന് പറക്കുന്ന സമയങ്ങളിലും ടേക്കോഫ്-ലാൻഡിംഗ് സമയത്തുമാണ് വിമാനം കൂടുതലായും പക്ഷിയിടികൾ നേരിടുന്നത്. പക്ഷിയിടി ഒഴിവാക്കാൻ ഒട്ടേറെ പ്രോട്ടോക്കോളുകൾ ഏവിയേഷൻ മേഖലയിലുള്ളവർ പാലിക്കുന്നുണ്ട്. 350 കിലോ മീറ്റർ വേഗതയിൽ പറക്കുന്ന ഒരു വിമാനത്തിന്റെ എഞ്ചിനിലേക്ക് ചെറിയ വസ്തുക്കൾ കടന്നാൽ പോലും ഭീകരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വന്നേക്കാം. ചില സാഹചര്യങ്ങളിൽ പക്ഷികൾ കോക്പിറ്റ് മേഖലയിൽ ഇടിക്കുന്ന സംഭവങ്ങളുണ്ടായിട്ടുണ്ട്. ഇതുകാരണം പൈലറ്റിന് പരിക്കേൽക്കാനുള്ള സാദ്ധ്യതയും ഏറെയാണ്.
വിമാനം പറക്കുന്ന സമയത്ത് പക്ഷികൾ ഏഞ്ചിനുള്ളിലേക്ക് എത്തിയാൽ ടർബിൻ ബ്ലേഡുകളാണ് തകരാറിലാവുക. ഇത് തീപിടിത്തത്തിനും എഞ്ചിൻ നിലയ്ക്കാനും കാരണമാകും. ഇങ്ങനെ സംഭവിച്ചാൽ മിനിറ്റുകൾക്കുള്ളിൽ വിമാനം താഴെ വീണ് തകരും. പക്ഷി ഇടിച്ചാൽ സുരക്ഷ ഉറപ്പാക്കുന്നതിനായി ലോകമെമ്പാടുമുള്ള വിമാനക്കമ്പനികൾ സർട്ടിഫിക്കേഷൻ പ്രക്രിയയിൽ അവരുടെ വിമാനങ്ങളുടെ ശക്തിയും പ്രതിരോധശേഷിയും കർശനമായി പരിശോധിക്കുന്നുണ്ട്. ഈ പരീക്ഷണങ്ങളുടെ ഭാഗമായി, പക്ഷി കൂട്ടിയിടികളെ അനുകരിക്കുന്നതിനും പറക്കുന്ന സാഹചര്യങ്ങളിൽ വിമാനം എങ്ങനെ പ്രതികരിക്കുമെന്ന് വിലയിരുത്തുന്നതിനുമായി ചത്ത കോഴികളെ വച്ചൊരു പരീക്ഷണം നടത്താറുണ്ട്.
ഒരു വിമാനം പറക്കാൻ യോഗ്യമാണെന്ന് അനുമതി നൽകുന്നതിന് മുമ്പ് എഞ്ചിനീയർമാർ പക്ഷികളുടെ ആക്രമണത്തിനെതിരായ അതിന്റെ പ്രതിരോധം പരിശോധിക്കുന്നത് ചത്ത കോഴികളെ എഞ്ചിൻ, വിൻഡ്ഷീൽഡ്, ചിറകുകൾ തുടങ്ങിയ നിർണായക ഘടകങ്ങളിലേക്ക് എറിഞ്ഞുകൊണ്ടാണ്. കേൾക്കുമ്പോൾ നമുക്ക് അസാധാരണമെന്ന് തോന്നാമെങ്കിലും ശാസ്ത്രീയമായി അവലംബിക്കുന്ന രീതികളിൽ ഒന്നാണിത്. ഇതിനായി തയ്യാറാക്കിയ ഡിവൈസിനെ 'ചിക്കൻ ഗൺ' എന്ന പേരിലാണ് അറിയപ്പെടുന്നത്. ഈ ചിക്കൻ ഗണ്ണിൽ നിന്ന് ചത്ത കോഴികളെ ശക്തിയായി വിമാനത്തിന്റെ എഞ്ചിനിലേക്ക് പറപ്പിക്കുന്നു. ഒരു വിമാനത്തിന്റെ വിൻഡ്ഷീൽഡിന്റെയും എഞ്ചിന്റെയും യഥാർത്ഥ ഈട് വിലയിരുത്തുന്നതിനാണ് ഈ പരിശോധന നടത്തുന്നത്.
ഈ പരീക്ഷണം ഹൈ-സ്പീഡ് ക്യാമറകൾ ഉപയോഗിച്ച് റെക്കോർഡ് ചെയ്യും. പിന്നീട് ഈ രംഗങ്ങൾ ഉപയോഗിച്ചാണ് കൂടുതൽ വിശകലനങ്ങളിലേക്ക് കടക്കുക. പറക്കുമ്പോൾ സാധാരണയായി കണ്ടുമുട്ടുന്ന പക്ഷികളുടേതിന് സമാനമായ ഭാരവും ആകൃതിയും ഉള്ളതിനാലാണ് യഥാർത്ഥ കോഴികളെ ഈ പരീക്ഷണത്തിന് ഉപയോഗിക്കുന്നത്. ഇന്ന്, ലോകമെമ്പാടുമുള്ള പ്രമുഖ വിമാന നിർമ്മാതാക്കൾ ഈ രീതി വ്യാപകമായി സ്വീകരിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |