മട്ടാഞ്ചേരി: മയക്കുമരുന്ന് കേസിൽ ഖത്തറിലെ ജയിലിൽ കഴിയുമ്പോൾ പരിചയപ്പെട്ട തമിഴ്നാട് സ്വദേശിയ്ക്കൊപ്പം കൊച്ചിയിൽ രാസലഹരി വിതരണം ചെയ്യുന്ന മട്ടാഞ്ചേരി സ്വദേശിയും കൂട്ടാളിയും അറസ്റ്റിൽ. ഇവരിൽ നിന്ന് വാണിജ്യപരിധിയിൽപ്പെട്ട 51.870 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു.
മട്ടാഞ്ചേരി കൊച്ചിൻ കോളേജ് ഭാഗത്ത് താമസിക്കുന്ന മുനീർ (32), തമിഴ്നാട് കൃഷ്ണഗിരി സിങ്കാരപേട്ട ഇമാംമോസ്കിന് സമീപം ജാബത്ത് (41) എന്നിവരാണ് മട്ടാഞ്ചേരി പൊലീസിന്റെ പിടിയിലായത്. മുനീർ രാസലഹരി വിൽക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് വീട്ടിൽ പരിശോധന നടത്തിയാണ് കസ്റ്റഡിയിലെടുത്തത്. മുനീറിനെ ചോദ്യം ചെയ്തപ്പോഴാണ് രാസലഹരി കൈമാറുന്ന ജാബത്തിനെ കുറിച്ച് വിവരം ലഭിച്ചതും എറണാകുളം നഗരത്തിൽ നിന്ന് കസ്റ്റഡിയിലെടുത്തതും.
മുനീർ മയക്കുമരുന്ന് കേസിൽ ഖത്തറിൽ 5 കൊല്ലം ശിക്ഷ അനുഭവിച്ചിരുന്നു. ഇതിനിടെയാണ് മയക്കുമരുന്ന് കേസിലും വഞ്ചനാക്കുറ്റക്കേസിലും 7 വർഷത്തെ തടവനുഭവിക്കുന്ന ജാബത്തുമായി അടുത്തത്. എളമക്കര പൊലീസ് സ്റ്റേഷനിലെ മയക്കുമരുന്ന് കേസിലും മുനീർ പ്രതിയാണ്. മട്ടാഞ്ചേരി പൊലീസ് ഇൻസ്പെക്ടർ കെ.എ.ഷിബിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |