തിരുവനന്തപുരം:ആറന്മുള വിമാനത്താവളത്തിനായി കണ്ടെത്തിയ ഭൂമിയിൽ ഇലക്ട്രോണിക്സ് പാർക്ക് സ്ഥാപിക്കാനുള്ള നീക്കം ഉപേക്ഷിച്ചു.
പദ്ധതിക്കായി നെൽപാടവും തണ്ണീർത്തടവും ഉൾപ്പെടുന്ന നിർദ്ദിഷ്ട ഭൂമി തരംമാറ്റി നൽകാനാവില്ലെന്ന് ഉന്നതതല യോഗം സർക്കാരിന് ശുപാർശ നൽകി. കൃഷി, റവന്യൂ, വ്യവസായ സെക്രട്ടറിമാരുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ചീഫ് സെക്രട്ടറിയുടെ ശുപാർശ.
പാർക്കിന് അനുമതി നൽകുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ
കൃഷിവകുപ്പും കേരള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്നോളജി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡും (കെ.എസ്.ഐ.ടി.ഐ.എൽ) ഔദ്യോഗികമായി എതിർപ്പ് ഉയർത്തിയതോടെയാണിത്. കൃഷിമന്ത്രി പി. പ്രസാദ് കഴിഞ്ഞ ദിവസം പരസ്യമായി എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.
റവന്യൂവകുപ്പും പദ്ധതിക്കെതിരെ രംഗത്ത് എത്തിയിരുന്നു. എതിർപ്പ് കടുത്തതോടെ വ്യവസായ വകുപ്പും പിന്നാക്കം പോയി. നിയമപരമായി തരംമാറ്റം അനുവദിക്കാനാവാത്ത ഭൂമിയിൽ ഇത്തരം സംരംഭം തുടങ്ങുന്നത് തിരിച്ചടിയാകുമെന്ന് വ്യവസായ വകുപ്പ് നിലപാടെടുത്തു. കെ.എസ്.ഐ.ടി. ഐ.എല്ലിന് പദ്ധതിയിൽ അഞ്ചു ശതമാനം ഓഹരിപങ്കാളിത്തം നേരത്തെ വാഗ്ദാനം ചെയ്തിരുന്നു.
വ്യവസായ മേലങ്കി അണിഞ്ഞെത്തി
കെ.ജി.എസ് ഇൻഫ്ര ലിമിറ്റഡ് എന്ന സ്ഥാപനമാണ് ആറന്മുളയിൽ ഇലക്ട്രോണിക്സ് പാർക്കും അനുബന്ധ ടൗൺഷിപ്പും സ്ഥാപിക്കുന്നതിനുള്ള പദ്ധതിയുമായി രംഗത്ത് വന്നത്. വ്യവസായ വകുപ്പുവഴിയാണ് കൃഷി, റവന്യൂ വകുപ്പുകൾക്ക് മുന്നിലെത്തിയത്. എന്നാൽ ഇതിന് കണ്ടെത്തിയ 335.25 ഏക്കറിൽ 90 ശതമാനത്തോളം നെൽവയലും തണ്ണീർത്തടവും ആയതിനാൽ തരം മാറ്റം അനുവദിക്കാനാവില്ലെന്ന നിലപാടിലാണ് കൃഷി, റവന്യൂ വകുപ്പുകൾ എതിർപ്പു പ്രകടിപ്പിച്ചത്.
വിമാനത്താവള പദ്ധതി വന്നപ്പോൾത്തന്നെ കുന്നിടിക്കൽ, നിലംനികത്തൽ, അധികഭൂമി കൈവശം വയ്ക്കൽ തുടങ്ങിയ പ്രശ്നങ്ങൾ റവന്യൂ വകുപ്പ് ഉന്നയിച്ചിരുന്നു. വിമാനത്താവള പദ്ധതിക്കെതിരെ നടന്ന സമരത്തിന് നേതൃത്വം കൊടുത്ത വ്യക്തിയാണ് ഇപ്പോഴത്തെ കൃഷി മന്ത്രി പി.പ്രസാദ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |