കൊച്ചി: പള്ളുരുത്തി സ്വദേശിയായ സി.എ വിദ്യാർത്ഥി ആദംജോയുടെ തിരോധാനം സംബന്ധിച്ച് കേസ് ഏറ്റെടുക്കാൻതക്ക ദേശീയപ്രാധാന്യമില്ലാത്തതാണെന്ന് സി.ബി.ഐ ഹൈക്കോടതിയിൽ. അങ്ങനെയെങ്കിൽ സി.ബി.ഐയുടെ സഹായം ആവശ്യമില്ലെന്ന് വിമർശിച്ച കോടതി പൊലീസുതന്നെ അന്വേഷണം തുടരട്ടേയെന്ന് നിർദ്ദേശിച്ചു. സംസ്ഥാന പൊലീസ് മേധാവി അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് എം.ബി. സ്നേഹലത എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് ഉത്തരവിട്ടു.
മകനെ കണ്ടെത്തി ഹാജരാക്കണമെന്നാവശ്യപ്പെട്ട് ജോയുടെ പിതാവ് കൊല്ലശേരി കെ.ജെ. ആന്റണി ഫയൽചെയ്ത ഹേബിയസ് കോർപ്പസ് ഹർജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. ഹർജിയിൽ സി.ബി.ഐയുടെ വിശദീകരണം തേടിയിരുന്നു. ഇത് ദേശീയപ്രാധാന്യമുള്ള കേസല്ലെന്നും അന്വേഷണം ഏറ്റെടുക്കാൻതക്ക മനുഷ്യശേഷി ഇല്ലെന്നുമാണ് സി.ബി.ഐ. അറിയിച്ചത്. സി.ബി.ഐ പ്രധാനമായും അഴിമതിക്കേസുകൾ അന്വേഷിക്കുന്ന ഏജൻസിയാണ്. പൊലീസ് കൃത്യമായി നടപടിയെടുക്കാത്തതാണ് ഈ അവസ്ഥയ്ക്ക് കാരണമെന്നും അഭിഭാഷകൻ വാദിച്ചു. ഇക്കാര്യം രേഖപ്പെടുത്തിയ കോടതി 21കാരനായ മകനെയോർത്ത് പിതാവ് പൊഴിക്കുന്ന കണ്ണീർകണ്ടാണ് സി.ബി.ഐയുടെ സഹായംതേടിയതെന്ന് പറഞ്ഞു. പൊലീസിൽ വിശ്വാസമില്ലാഞ്ഞിട്ടല്ല, അന്യസംസ്ഥാനങ്ങളിലും അന്വേഷണം വേണ്ടതിനാലാണ് നിലപാട് ചോദിച്ചത്. ഇനി സി.ബി.ഐയുടെ സഹായംവേണ്ടെന്നും പൊലീസുതന്നെ അന്വേഷിക്കട്ടേയെന്നും വ്യക്തമാക്കി. തുടർന്നാണ് ഡി.ജി.പിയുടെ റിപ്പോർട്ട് തേടിയത്. വിഷയം ജൂലായ് 2ന് വീണ്ടും പരിഗണിക്കും.
സൈക്കിൾ സവാരിക്കിറങ്ങിയ ആദംജോയെ 2024 ജൂലായ് 27നാണ് കാണാതായത്. യുവാവ് കൊച്ചിൻ ഷിപ്പ്‌യാർഡുവരെ എത്തിയതിന് തെളിവ് ലഭിച്ചിരുന്നു.
തിരോധാനത്തെക്കുറിച്ച് അന്വേഷിക്കാനായി കൊച്ചി സിറ്റി ഡെപ്യൂട്ടി കമ്മിഷണറുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചിരുന്നു. എന്നാൽ കാര്യമായ സൂചനകളൊന്നും ലഭിച്ചിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |