റെയിൽവേ സ്റ്റേഷൻ പരിസരത്ത് മാത്രം 11 പേർക്ക് കടിയേറ്റു ചൊവ്വാഴ്ച കടിയേറ്റത് 56 പേർക്ക് കടിച്ച നായകളെ കണ്ടെത്താൻ കോർപറേഷൻ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ അഞ്ചു നായകളെ പിടികൂടി എ.ബി.സി കേന്ദ്രത്തിലെത്തിച്ചു
കണ്ണൂർ :കഴിഞ്ഞ ദിവസം 56 പേർക്ക് കടിയേറ്റ കണ്ണൂർ നഗരത്തിൽ ഇന്നലെയും തെരുവുനായകളുടെ ആക്രമണം.ഇന്നലെ രാവിലെ ആറോടെയായിരുന്നുഭിന്നശേഷിക്കാരനുൾപ്പെടെ 21 പേരെ തെരുവുനായയെ കടിച്ച് പറിച്ചത്.താവക്കര ബസ് സ്റ്റാൻഡ് പരിസരം,എസ്.ബി.ഐ,പ്രഭാത് ജംഗ്ഷൻ,റെയിൽവേ സ്റ്റേഷൻ പരിസരം,പ്ലാസ എന്നിവിടങ്ങളിലാണ് തെരുവുനായകളുടെ ആക്രമണമുണ്ടായത്.
റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നും മാത്രം 11 പേർക്ക് കടിയേറ്റു. പരിക്കേറ്റവർ കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി പ്രതിരോധ കുത്തിവെയ്പ്പെടുത്തു.മുഹമ്മദ് നാസർ (40) മംഗലപുരം, തൗസീഫ് (21) ഇരിട്ടി,കുഞ്ഞികൃഷ്ണൻ(66) ഏര്യം, സാജു കെ. തങ്കപ്പൻ (59)എറണാകുളം,സജീവൻ (52)മട്ടന്നൂർ,സുനിൽകുമാർ(59) കാട്ടാമ്പള്ളി,റഹാൻ(23) കണ്ണൂർ,ഗോപിനാഥൻ(60) മുണ്ടേരി,മുഹമ്മദ് റാഷിദ്(18) കടുമേനി,ശ്രീലത (70) കുയിലൂർ, പ്രദീപൻ(63)തയ്യിൽ,കരുണാകരൻ(78) ബ്ലാത്തൂർ, ഭൂപതി(40)ചിന്നസേലം, ഭിന്നശേഷിക്കാരനായ ജാസ്(21)തോട്ടട, പ്രണവ് കുമാർ(29) പടന്നപ്പാലം,ജോയൽ (17) ചെറുപുഴ എന്നിവർക്കാണ് കടിയേറ്റത്.
കാൽനടക്കാർ തൊട്ട് ബൈക്ക് യാത്രികർ വരെ
കാൽ നടയാത്രക്കാർക്കും ബസ് കാത്തിരിക്കുന്നവർക്കും ബൈക്കിൽ പോകുന്നവർക്കും തെരുവുനായയുടെ കടിയേറ്റു. പലരുടെയും പിറകിൽ നിന്ന് വന്ന് കാൽ കടിച്ചുപറിക്കുകയായിരുന്നു. പുതിയ സ്റ്റാൻഡിന് സമീപം രാവിലെ ഷോപ്പിനുള്ളിലേക്ക് കയറുകയായിരുന്ന സ്ത്രീയുടെ പിറകെ വന്ന നായ ആദ്യം വസ്ത്രത്തിൽ കടിച്ച് വലിക്കുകയും പിന്നീട് കാലിന് കടിച്ചു പറിച്ച് ഓടുകയുമായിരുന്നു.ബോധരഹിതയായി വീണ സ്ത്രീയെ കൂടെയുണ്ടായവർ താങ്ങിയെടുക്കുകയായിരുന്നു.കാൽനട യാത്രക്കാരാണ് കടിയേറ്റവരിൽ ഭൂരിഭാഗവും.കൂട്ടത്തോടെ എത്തിയ നായകളാണ് കടിച്ചതെന്ന് അക്രമത്തിനിരയായവർ പറഞ്ഞു.എ.ടി.എമ്മിൽ നിന്ന് പണം എടുത്ത് വരുന്നതിനിടെയാണ് മട്ടന്നൂരിലെ ഗോപിനാഥനെ പിറകെ വന്ന് കാലിന് കടിച്ചത്.ഫോണിൽ സംസാരിച്ച് നടക്കുന്നതിനിടയിൽ ഇദ്ദേഹം നായ വരുന്നത് കണ്ടിരുന്നില്ല.
പതിയ ബസ് സ്റ്റാൻഡ് സെൻട്രൽ മാളിന് മുൻ വശത്ത് ബസ് കാത്തു നിൽക്കുന്നവർക്ക് നേരെ കുരച്ചടുക്കകുയായിരുന്നു നായകൾ. പലരും കൈയ്യിലുണ്ടായിരുന്ന കുട വച്ച് തടുക്കുകയും ഓടി മാറുകയുമായിരുന്നു.ഇതിനിടെ പ്രായമായ ഒരാൾ നിലത്ത് വീണു. ഇദ്ദേഹത്തിന്റെ പാന്റ് നായ കടിച്ചുവലിച്ചു. പിന്നീട് ഈ നായയെ ആളുകൾ ചേർന്ന് ഓടിച്ച് വിടുകയായിരുന്നു.നഗരത്തിൽ ഇന്നലെ രാവിലെ ഒരു തെരുവ് പട്ടിയെ ചത്ത നിലയിൽ കണ്ടെത്തി. ആക്രമണം നടത്തിയ നായ തന്നെയാണോ ഇതെന്ന് ഉറപ്പില്ല.ഇതിനിടയിൽ താഴെച്ചൊവ്വയിൽ രണ്ട് വയസ്സുകാരിയേയും തെരുവുനായ അക്രമിച്ചു.
രണ്ട് ദിവസത്തിനുള്ളിൽ കടിയേറ്റത് 77 പേർക്ക്
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 77 ഓളം പേരെയാണ് കണ്ണൂർ നഗരത്തിൽ മാത്രം തെരുവുനായ കടിച്ചത്.കഴിഞ്ഞ ദിവസം രാവിലെയും വൈകീട്ടുമാണ് തെരുവുനായകൾ അക്രമാസക്തരായത് .വൈകീട്ട് ആക്രമണം നടത്തിയ നായയെ പിന്നീട് താവക്കര ബസ് സ്റ്റാന്റിൽ ചത്തനിലയിൽ കണ്ടെത്തിയെന്നാണ് കോർപ്പറേഷൻ അധികൃതരുടെ വാദം.എന്നാൽ അന്നേ ദിവസം രാവിലെ ആളുകളെ കടിച്ച നായയെ കുറിച്ച് വിവരമൊന്നുമില്ല.ഈ നായയെ കണ്ടെത്തുന്നതിന് വേണ്ടി കോർപ്പറേഷൻ ആരോഗ്യ വിഭാഗം ശ്രമിച്ചെങ്കിലും ഇതുവരെ കണ്ടെത്തിയില്ല.ഈ നായയുടെ ഫോട്ടോയുമായാണ് കോർപറേഷൻ തിരച്ചിൽ നടത്തുന്നത്.
ആളുകളെ സംരക്ഷിക്കാൻ പൊലീസ് ഇറങ്ങി
തെരുവുനായ ശല്യം രൂക്ഷമായ സാഹചര്യത്തിൽ എ.സി.പി പ്രദീപൻ കണ്ണിപ്പൊയിലിന്റെ നിർദേശ പ്രകാരം നഗരത്തിൽ പലയിടത്തും പൊലീസിനെയും വിന്യസിച്ചിട്ടുണ്ട്.കോർപ്പറേഷൻ ആരോഗ്യ വിഭാഗം പ്രവർത്തകരും ശുചീകരണ തൊഴിലാളികളും വിവിധ സ്ക്വാഡുകളായി തിരിഞ്ഞ് ആക്രമണം നടത്തുന്ന തെരുവുനായയെ കണ്ടെത്താനുള്ള ശ്രമത്തിലാണ്.ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ തെരുവുനായകളെ പിടികൂടാനും തുടങ്ങിയിട്ടുണ്ട്. ഇന്നലെ രാവിലെ അഞ്ച് നായകളെ പിടികൂടി പടിയൂരിലെ എ.ബി.സി കേന്ദ്രത്തിൽ എത്തിച്ചിട്ടുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |