പത്തനംതിട്ട: പർവതാരോഹകനായ പന്തളം പൂഴിക്കാട് സ്വദേശി ഷെയ്ഖ് ഹസൻ ഖാനും (38) ചെന്നൈ സ്വദേശിയായ സുഹൃത്തും വടക്കേ അമേരിക്കയിലെ ഡെനാലി കൊടുമുടിയിൽ കുടുങ്ങിയതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. ഇക്കഴിഞ്ഞ പത്തിനാണ് ഇരുവരും 20310 അടി ഉയരമുള്ള കൊടുമുടിയുടെ ബേസ് ക്യാമ്പിലെത്തിയത്. അന്ന് ഷെയ്ഖ് ഹസൻ ഖാൻ മകനുമായി വീഡിയോകാളിൽ സംസാരിച്ചതായി മാതാപിതാക്കളായ കൂട്ടംവെട്ടിയിൽ ദാറുൽകരാം വീട്ടിൽ അലി അഹമ്മദ് ഖാനും ഷാഹിദയും പറഞ്ഞു. പിന്നീട് വിവരമില്ല.
ഇരുവരും കൊടുമുടിയിലെ ശക്തമായ കൊടുങ്കാറ്റിൽ അകപ്പെട്ടെന്നാണ് വിവരം. ഓപ്പറേഷൻ സിന്ദൂറിന്റെ വിജയാഘോഷത്തിന് കൊടുമുടിയുടെ നെറുകയിൽ ഇന്ത്യൻ പതാകയും ബാനറും സ്ഥാപിക്കാനാണ് യാത്ര നടത്തിയത്. ഇരുവരെയും കണ്ടെത്തുന്നതിന് നടപടി സ്വീകരിക്കണമെന്ന ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന്റെ അഭ്യർത്ഥനയെ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് കത്തയച്ചു. ആന്റോ ആന്റണി എം.പിയും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറും കേന്ദ്ര വിദേശകാര്യമന്ത്രിക്ക് കത്തയച്ചു.
സെക്രട്ടേറിയറ്റിലെ ധനകാര്യ വകുപ്പ് അസി. സെക്ഷൻ ഓഫീസറായ ഷെയ്ഖ് ഹസൻ ഖാൻ പർവതാരോഹണത്തിൽ പരിശീലനം നേടിയിട്ടുണ്ട്. ഖദീജ റാണിയാണ് ഭാര്യ. മകൾ: ജഹനാര.
ഡെനാലി കൊടുമുടി
കയറിയത് രണ്ടാംതവണ
2023 ജൂൺ 12നും ഷെയ്ഖ് ഹസൻ ഖാൻ ഡെനാലി കൊടുമുടിയുടെ നെറുകയിലെത്തി ദേശീയ പതാക ഉയർത്തിയിരുന്നു. കൊടുമുടിയിലെത്താൻ 21 ദിവസമെടുത്തു. 35000 യു.എസ് ഡോളറാണ് (ഏകദേശം 28,70,000 രൂപ) ചെലവായത്. ബാങ്ക് വായ്പയിലൂടെയും സുഹൃത്തുക്കളിൽ നിന്ന് കടം വാങ്ങിയുമാണ് യാത്ര. കിളിമഞ്ജാരോ,എവറസ്റ്റ് ഉൾപ്പെടെ ഏഴ്പർവതങ്ങൾ കീഴടക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |