കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ പതിനാലാം വാർഡ് പൊളിഞ്ഞുവീണ സംഭവത്തിൽ ഒരു സ്ത്രീയെ കാണാനില്ലെന്ന് പരാതി. തലയോലപ്പറമ്പ് സ്വദേശിനി ബിന്ദുവിനെയാണ് കാണാതായതെന്നാണ് വിവരം. തകർന്നുവീണ വാർഡിന് സമീപത്തെ കുളിമുറിയിലേയ്ക്ക് ബിന്ദു പോയതായി ഭർത്താവ് വിശ്രുതൻ പറയുന്നു. ദമ്പതികളുടെ മകൾ ട്രോമാ കെയറിൽ ചികിത്സയിലാണ്. മകളുടെ ചികിത്സയുമായി ബന്ധപ്പെട്ടാണ് ഇവർ കോട്ടയം മെഡിക്കൽ കോളേജിലെത്തിയത്.
ഇന്ന് രാവിലെ 11മണിക്കാണ് അപകടം നടന്നത്. പൊലീസും അഗ്നിശനസേനയും സ്ഥലത്തെത്തിയിട്ടുണ്ട്. കെട്ടിടത്തിനടിയിൽ ഉണ്ടായിരുന്ന മൂന്നുപേരെ രക്ഷപ്പെടുത്തി. ശുചിമുറികൾ ഉള്ള ഭാഗമാണ് തകർന്നതെന്ന് ദൃക്സാക്ഷികൾ പറയുന്നു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
ഏറെ കാലപ്പഴക്കമുള്ള മൂന്ന് നിലകെട്ടിടമാണ് ഇടിഞ്ഞുവീണത്. ഓർത്തോപീഡിക്സ് സർജറി വിഭാഗമാണ് ഈ കെട്ടിടത്തിൽ നേരത്തെ പ്രവർത്തിച്ചിരുന്നത്. ശുചിമുറിയും ഈ കെട്ടിടത്തിലാണ് ഉണ്ടായിരുന്നത്. കൂടുതൽ ആളുകൾ സ്ഥലത്തില്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.
രക്ഷപ്പെടുത്തിയവരിൽ ഒരു കുട്ടിയും ഉണ്ട്. കുട്ടിയുടെ പരിക്ക് സാരമുള്ളതല്ലെന്നാണ് വിവരം. അപകടസ്ഥലത്ത് ആരോഗ്യമന്ത്രി വീണാ ജോർജും മന്ത്രി വി എൻ വാസവനും എത്തി. ഉപയോഗത്തിലുള്ള കെട്ടിടമല്ല തകർന്ന് വീണതെന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു. സാധനങ്ങളൊക്കെ സൂക്ഷിക്കുന്ന കെട്ടിടമാണ് ഇതെന്നും പുതിയ കെട്ടിടത്തിന്റെ പണി കഴിഞ്ഞെന്നും മന്ത്രി വ്യക്തമാക്കി. അടച്ചിട്ട കെട്ടിടത്തിന്റെ ശുചിമുറിയുടെ ഭാഗമാണ് ഇടിഞ്ഞുവീണതെന്ന് വീണാ ജോർജ് പറഞ്ഞു. കിഫ്ബിയിൽ നിന്ന് പണം അനുവദിച്ച് പുതിയ കെട്ടിടത്തിന്റെ നിർമാണം പൂർത്തിയാക്കിയിരുന്നു. പുതിയ കെട്ടിടത്തിലേയ്ക്ക് മാറാനുള്ള നടപടികൾ സ്വീകരിച്ചുവരികയായിരുന്നുവെന്നും മന്ത്രി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |