കൊച്ചി: കേരള തീരത്തു നിന്ന് 68.5 നോട്ടിക്കൽ മൈൽ ദൂരെയെത്തിച്ച വാൻ ഹായ് 503 കപ്പലിൽ കയറി പരിശോധിക്കാൻ വിദേശത്തു നിന്ന് വിദഗ്ദ്ധരെത്തി. മറ്റൊരു ടഗ്ഗിൽ കപ്പലിനെ ബന്ധിപ്പിച്ച് നിയന്ത്രിക്കാൻ ശ്രമം തുടരുകയാണ്. അടിത്തട്ടിലെ തീയണയാത്ത കപ്പലിലെ പുക അടങ്ങിയിട്ടില്ല. ഗുജറാത്തിൽ നിന്നുള്ള രക്ഷാദൗത്യസംഘത്തെ സഹായിക്കാൻ ഫിലിപ്പീൻസ്,ഡച്ച് വിദഗ്ദ്ധരാണ് എത്തിയത്. കൂടുതൽ പേരെ എത്തിക്കാൻ വിസ ലഭ്യമാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. മെർക്,സ്‌പിൽടെക് കമ്പനികളാണ് രക്ഷാപ്രവർത്തനം തുടരുന്നത്. ശ്രീലങ്ക,സിംഗപ്പൂർ എന്നിവിടങ്ങളിൽ നിന്ന് കൂടുതൽ ശേഷിയുള്ള ടഗ്ഗുകൾ എത്തിക്കാനും ശ്രമം ആരംഭിച്ചു. ഓഫ്ഷോർ വാരിയർ ടഗ്ഗുമായാണ് കപ്പലിനെ വടമുപയോഗിച്ച് ബന്ധിപ്പിച്ചിട്ടുള്ളത്.
കപ്പലിന്റെ നടുവിലും പിന്നിലും തീപിടിത്തം തുടരുന്നു. വെളുപ്പും കറുപ്പും നിറത്തിൽ പുക ഉയരുന്നുണ്ട്. ഇന്ധനടാങ്കിന് സമീപത്തെ ലോഹഭാഗങ്ങൾ തണുപ്പിക്കാൻ വെള്ളം പമ്പ് ചെയ്യുന്നത് തുടരുന്നു. തെർമൽ ഇമേജിംഗ് സംവിധാനം ഉപയോഗിച്ച് കപ്പലിന്റെ ഘടന,ശക്തമായ തീപിടിച്ച ഭാഗങ്ങളുടെ സ്ഥിതി എന്നിവ നിരന്തരം നിരീക്ഷിച്ചുവരികയാണെന്ന് ഷിപ്പിംഗ് ഡയറക്‌ടർ ജനറൽ അറിയിച്ചു.
പുറംകടലിലുള്ള കപ്പലിനെ വിദേശതുറമുഖത്തേക്ക് നീക്കുന്നതിനുള്ള ചർച്ചകളും ആരംഭിച്ചു. യു.എ.ഇയിലെ ജെബൽ അലി തുറമുഖത്തിനാണ് മുൻഗണന. ബഹ്റൈൻ,ശ്രീലങ്ക,മലേഷ്യ,ഖത്തർ എന്നിവയും പരിഗണനയിലുണ്ട്. നിയമപരമായ അനുമതികൾക്കായി കപ്പൽ കമ്പനി നടപടി തുടരുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |