കൊച്ചി: കേരള തീരത്തുനിന്ന് 72 നോട്ടിക്കൽ മൈൽ അകലേക്കു മാറ്റി തീപിടിത്തം നിയന്ത്രണ വിധേയമാക്കിയ വാൻ ഹായ് 503 കപ്പലിനെ ശ്രീലങ്കൻ തുറമുഖത്തേയ്‌ക്ക് നീക്കും. കപ്പലിൽ കയറി പരിശോധിക്കാനുള്ള നടപടികൾ പൂർത്തിയാക്കി. കാണാതായ നാല് നാവികർക്ക് വേണ്ടിയുള്ള തെരച്ചിൽ അവസാനിപ്പിച്ചു. അപകടം സംഭവിച്ച് പത്തു ദിവസം പിന്നിട്ട പശ്ചാലത്തിലാണിത്.
ശ്രീലങ്കയിലെ ഹമ്പൻടോട്ട തുറമുഖത്തേയ്‌ക്ക് മാറ്റാനുള്ള നടപടികളാണ് ആരംഭിച്ചത്. കപ്പൽ കിടക്കുന്നിടത്തുനിന്ന് ഏറ്റവും അടുത്ത തുറമുഖമാണിത്. 480 നോട്ടിക്കൽ മൈൽ ദൂരമാണുള്ളത്. കപ്പലുടമകളായ വാൻ ഹായ് ലൈൻസിന് വാണിജ്യബന്ധമുള്ള തുറമുഖമെന്നതും കണക്കിലെടുത്താണ് നടപടി. ശ്രീലങ്കൻ അധികൃതരിൽ നിന്ന് അനുമതി ലഭിച്ചില്ലെങ്കിൽ യു.എ.ഇയിലെ ജെബൽ അലി, ബഹ്‌റിൻ തുറമുഖങ്ങളെയും പരിഗണിക്കുന്നുണ്ട്.
കേരളതീരത്തുനിന്ന് തെക്കുകിഴക്ക് ഭാഗത്താണ് കപ്പലുള്ളത്. കടൽക്ഷോഭവും കാറ്റും കുറഞ്ഞതോടെ ടഗ്ഗുമായി വടംകെട്ടിയാണ് നിയന്ത്രിക്കുന്നത്. തീ പുറമേയ്ക്ക് കാണാനില്ലെങ്കിലും പുക ഉയരുന്നുണ്ട്. കപ്പലിന്റെ ലോഹഭാഗങ്ങൾ തണുപ്പിക്കാനും ജീവനക്കാർ താമസിക്കുന്ന ഭാഗത്തെ തീകെടുത്താനും വെള്ളം പമ്പ് ചെയ്യുന്നത് തുടരുകയാണ്.
കടൽക്ഷോഭവും കാറ്റും കുറഞ്ഞത് രക്ഷാദൗത്യത്തിന് സഹായമായി. വിദേശികൾ ഉൾപ്പെട്ട വിദഗ്ദ്ധസംഘം കപ്പലിന് സംഭവിച്ച തകരാർ, കണ്ടെയ്‌നറുകളുടെ സ്ഥിതി, കാണാതായ ജീവനക്കാരുണ്ടോ തുടങ്ങിയവയാണ് പരിശോധിക്കുക. കൂടുതൽ വിദേശ വിദഗ്ദ്ധർ എത്തുന്നതിനുള്ള വിസാ നടപടികൾ തുടരുകയാണെന്ന് ഷിപ്പിംഗ് ഡയറക്‌ടർ ജനറൽ അറിയിച്ചു.
ഡി.എൻ.എ പരിശോധന
കപ്പലിലെ 22 ജീവനക്കാരിൽ കാണാതായ നാലുപേരുടെയും ഡി.എൻ.എ, വിരലടയാളം എന്നിവ കൈമാറാൻ കപ്പൽ കമ്പനിയോട് ഫോർട്ടുകൊച്ചിയിലെ കോസ്‌റ്റൽ പൊലീസ് ആവശ്യപ്പെട്ടു. ആലപ്പുഴയിൽ കരയ്‌ക്കടിഞ്ഞ മൃതദേഹം കപ്പൽ ജീവനക്കാരന്റേതാണെന്ന സംശയം നീക്കാൻ ഡി.എൻ.എ പരിശോധന നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |