ന്യൂഡൽഹി: ഭീകരതയെ നേരിടുന്നതിൽ ഇരട്ടത്താപ്പ് പാടില്ലെന്നും ഭീകരതയെ പിന്തുണയ്ക്കുന്നവരെ അംഗീകരിക്കരുതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. കാനഡയിലെ കാനനാസ്‌കസിൽ നടന്ന ജി-7 ഉച്ചകോടിയുടെ ഔട്ട്റീച്ച് സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പഹൽഗാമിൽ നടന്ന ഭീകരത മനുഷ്യരാശിക്കെതിരായ ആക്രമണമായിരുന്നു.
ഓരോ ഇന്ത്യക്കാരന്റെയും സ്വത്വത്തിനും അന്തസിനും നേരെയുള്ള പ്രത്യക്ഷ ആക്രമണമായിരുന്നു അത്. ആക്രമണത്തെ ശക്തമായി അപലപിച്ച എല്ലാ സുഹൃത്തുക്കൾക്കും ആത്മാർത്ഥമായി നന്ദി അറിയിക്കുന്നു. ഭീകരത മാനവരാശിയുടെ ശത്രുവാണ്. ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രങ്ങൾക്കെതിരാൺത് . ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ ഐക്യം അനിവാര്യമാണ്. നിർഭാഗ്യവശാൽ, ഞങ്ങളുടെ അയൽപക്കം ഭീകരതയുടെ വിളനിലമായി മാറി. ആഗോള സമാധാന നയങ്ങളിൽ വ്യക്തത വരണം. ഭീകരതയെ പിന്തുണയ്ക്കുന്ന ഏതൊരു രാജ്യത്തിനും വില കൊടുക്കേണ്ടിവരുമെന്ന് ഉറപ്പാക്കണമെന്നും മോദി പറഞ്ഞു.
ഭീകരതയെ പല
രാജ്യങ്ങളും പിന്തുണയ്ക്കുന്നു
നിർഭാഗ്യവശാൽ, പല രാജ്യങ്ങളും സ്വന്തം താത്പര്യങ്ങൾക്ക് മുൻഗണന നൽകുന്നു. അതിനാൽ ഭീകരതയെ പരസ്യമായി പിന്തുണയ്ക്കുന്നവർ അംഗീകരിക്കപ്പെടുന്നു. ഭീകരതയെ നമ്മൾ ഗൗരവത്തോടെയാണോ അഭിസംബോധന ചെയ്യുന്നതെന്ന് ചോദിക്കാൻ ആഗ്രഹിക്കുന്നു. ഭീകരത സ്വന്തം വാതിലുകളിൽ മുട്ടുമ്പോൾ മാത്രമേ അതിന്റെ യഥാർത്ഥ അർത്ഥം മനസിലാകുകയുള്ളോ? ഭീകരത പ്രചരിപ്പിക്കുന്നവരെയും അതുകൊണ്ട് കഷ്ടപ്പെടുന്നവരെയും ഒരേ തുലാസിൽ തൂക്കാനാകുമോ? നമ്മുടെ ആഗോള സ്ഥാപനങ്ങൾ അവയുടെ വിശ്വാസ്യത നഷ്ടപ്പെടുത്തുകയാണോ? ഭീകരതയ്‌ക്കെതിരെ ഇന്ന് നിർണായക നടപടി സ്വീകരിച്ചില്ലെങ്കിൽ, ചരിത്രം ഒരിക്കലും നമ്മോട് ക്ഷമിക്കില്ല. നിക്ഷിപ്ത താത്പര്യങ്ങൾക്കായി ഭീകരതയ്‌ക്കെതിരെ കണ്ണടയ്ക്കുന്നത് മനുഷ്യരാശിയെ വഞ്ചിക്കുന്നതാണെന്നും മോദി പറഞ്ഞു.
സാങ്കേതികവിദ്യ, നിർമ്മിതബുദ്ധി, ഊർജ്ജം എന്നിവയെക്കുറിച്ചും മോദി സംസാരിച്ചു. സാങ്കേതികവിദ്യ ഫലപ്രദമാകണമെങ്കിൽ സാധാരണക്കാർക്ക് പ്രയോജനപ്പെടണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എ.ഐയുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കപ്പെടണം. ഊർജ്ജസുരക്ഷ ഭാവിതലമുറ നേരിടുന്ന പ്രധാന വെല്ലുവിളിയാകും. അതിനാൽ ലഭ്യത, പ്രാപ്യത, താങ്ങാനാകുന്ന നിരക്ക്, സ്വീകാര്യത എന്നിവയാണ് ഊർജ്ജസുരക്ഷയോടുള്ള ഇന്ത്യയുടെ സമീപനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |