നിലമ്പൂർ: ഉപതിരഞ്ഞെടുപ്പിൽ തനിക്ക് ലഭിക്കുന്ന വോട്ട് 75,000ൽ ഒന്നും നിൽക്കില്ലെന്ന് പി വി അൻവർ. നിയമസഭയിലേക്ക് സത്യപ്രതിജ്ഞ ചെയ്യാൻ നിലമ്പൂരിൽ നിന്ന് കാൽനടയായി പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വോട്ടിംഗ് പുരോഗമിക്കുന്നതിനിടയിലായിരുന്നു പി വി അൻവറിന്റെ പ്രതികരണം. ഇത് അമിതമായ ആത്മവിശ്വാസമല്ലെന്നും ജനങ്ങളെ അറിയാവുന്നതുകൊണ്ടുള്ള ആത്മവിശ്വാസമാണെന്നും അൻവർ പറഞ്ഞു.
'ഞാൻ ഒറ്റയ്ക്കല്ല നിയമസഭയിലേക്ക് പോകുക. ഒപ്പം നിലമ്പൂരിലെ ആയിരക്കണക്കിന് ആളുകളുമായിട്ടാണ് സത്യപ്രതിജ്ഞ ചെയ്യാൻ പോകുക. ചർച്ച ചെയ്തുകഴിഞ്ഞു. ചിലപ്പോൾ കാൽനടയായി ഒരാഴ്ചയെടുത്തായിരിക്കും പോകുക. അങ്ങനെയും ആലോചിക്കുന്നുണ്ട്. ഇത് സംഭവിക്കും. അമിതമായ ആത്മവിശ്വാസമല്ല. അത് ജനങ്ങളെ എനിക്ക് അറിയുന്നതുകൊണ്ടുള്ള ആത്മവിശ്വാസമാണ്. എന്റെ പോരാട്ടം മലയോര കർഷകർക്ക് വേണ്ടിയാണ്. ചെറുതായിട്ട് തുടങ്ങിയിട്ടേയുള്ളൂ.
തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിറ്റേദിവസം പോരാട്ടത്തിന് ആരംഭം കുറിക്കും. സിപിഎം മുതലാളിപ്പാർട്ടിയായി മാറി. അദാനി, അംബാനിമാർ പാർട്ണർമാരായി മാറി. തൊഴിലാളി വർഗത്തെക്കുറിച്ച് സംസാരിച്ചിരുന്ന പാർട്ടി, മതവർഗീയത പറഞ്ഞ് വോട്ടുപിടിക്കുന്ന ദുരന്തത്തിലേക്ക് എത്തിച്ചത് പിണറായിസമാണ്. ഇന്ന് വോട്ട് ചെയ്യുന്നവർ നാളെ രാവിലെ ജീവിച്ചിരിക്കും എന്ന് ഉറപ്പില്ലാത്ത നാട്ടിലാണ് ഞങ്ങൾ ജീവിക്കുന്നത്. മനുഷ്യരേയും മൃഗങ്ങളേയും വേർതിരിക്കുന്ന ഒരു വേലികെട്ടിത്തരണമെന്ന് മാത്രമേ ഞങ്ങൾ ആവശ്യപ്പെടുന്നുള്ളൂ. ആകാശത്തെ അമ്പിളിമാമനെ പിടിച്ചുകൊണ്ടുതരണമെന്ന് സർക്കാരിനോട് പറഞ്ഞിട്ടില്ല. ആന ചവിട്ടിക്കൊന്നാലും കരടി കടിച്ചുതിന്നാലും പത്തുലക്ഷം.
ഒരു മനുഷ്യ ജീവന് മുഖ്യമന്ത്രി പിണറായി വിജയൻ വിലയിട്ടത് പത്ത് ലക്ഷം രൂപയാണ്. അദ്ദേഹത്തിന്റെ മരുമകന് വെറും രണ്ട് മിനിറ്റുള്ള റീൽ ഉണ്ടാക്കാൻ 9.9 ലക്ഷം രൂപയാണ് ചെലവായത്. ആ രണ്ട് മിനിറ്റ് റീലിന്റെ വിലയാണ് പിണറായി വിജയൻ മലയോരത്ത് ജീവിക്കുന്ന മനുഷ്യർക്ക് ഇട്ടിരിക്കുന്ന വില. ഈ ജാതി സഖാക്കളെ നിലമ്പൂരിലെ ജനങ്ങൾ ആട്ടിവിടാൻ പോകുകയാണ്'- പി വി അൻവർ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |