മലപ്പുറം: രാജ്‌മോഹൻ ഉണ്ണിത്താൻ എംപിയോട് ഇന്ന് വൈകിട്ട് അഞ്ച് മണിവരെ മാദ്ധ്യമങ്ങളോട് പ്രതികരിക്കരുതെന്ന് കെപിസിസിയുടെ വിലക്ക്. ശശി തരൂർ എംപിക്കെതിരായ പ്രതികരണത്തെത്തുടർന്നാണ് കെപിസിസിയുടെ തീരുമാനം. നിലമ്പൂരിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരും ക്ഷണിച്ചിരുന്നില്ലെന്ന് ശശി തരൂർ മാദ്ധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ഇതിനെ രാജ്‌മോഹൻ ഉണ്ണിത്താൻ പരിഹസിച്ചതോടെയാണ് കെപിസിസി പരസ്യപ്രതികരണം പാടില്ലെന്ന് നിർദ്ദേശിച്ചത്.
നിലമ്പൂരിലേക്ക് ക്ഷണിക്കാൻ ആരുടെയും കല്യാണമല്ലെന്നായിരുന്നു രാജ്‌മോഹൻ ഉണ്ണിത്താന്റെ പരിഹാസം. പ്രചാരണത്തിന്റെ ഭാഗമാകാൻ ആരും ക്ഷണിക്കേണ്ടതില്ലെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു. 'രാജ്യതാൽപര്യമെന്ന് ശശി തരൂർ പറയുന്നത് അദ്ദേഹത്തിന്റെ വ്യക്തി താൽപര്യമാണ്. കുറെ നാളായി ശശി തരൂരിന്റെ കൂറ് പ്രധാനമന്ത്രി നരേന്ദ്രമോദിയോടും ശരീരം കോൺഗ്രസിലുമാണ്. കോൺഗ്രസിനോട് കൂറും വിധേയത്വവും പ്രതിബദ്ധതയുമുള്ള എല്ലാ നേതാക്കന്മാരും, അവർക്ക് ഏതൊക്കെ ദിവസമാണ് വരാൻ സൗക്യമുള്ളതെന്ന് തിരഞ്ഞെടുപ്പ് കമ്മിറ്റിയെ അറിയിക്കുകയും സ്ഥാനാർത്ഥിക്ക് വേണ്ടി പ്രചാരണം നടത്താനുള്ള അവസരം സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. ശശി തരൂർ എങ്ങോട്ടാണ് നീങ്ങുന്നതെന്ന് അദ്ദേഹമൊഴിച്ച് എല്ലാവർക്കുമറിയാം. ഇനിയൊരിക്കൽ ഐക്യരാഷ്ട്ര സഭയിലേക്ക് മത്സരിക്കാൻ അദ്ദേഹത്തിന് താൽപര്യം കാണും. നരേന്ദ്രമോദി അദ്ദേഹത്തെ പിന്തുണയ്ക്കുമായിരിക്കും'-രാജ്‌മോഹൻ ഉണ്ണിത്താൻ പ്രതികരിച്ചു.
കോൺഗ്രസ് നേതൃത്വവുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെന്നും ശശി തരൂർ മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. കൂടുതൽ പ്രതികരിച്ച് വോട്ടെടുപ്പ് ദിവസം പാർട്ടിയെ പ്രതിസന്ധിയിലാക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വോട്ടെടുപ്പിനുശേഷം പ്രതികരിക്കാമെന്നായിരുന്നു ശശി തരൂർ മാദ്ധ്യമങ്ങളോട് പറഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |