ഇന്ന് രാവിലെ 11ന് സർവകക്ഷിയോഗം
കണ്ണൂർ: നഗരത്തിൽ തെരുവുനായകൾ വിനാശകാരികളായി മാറിയ സാഹചര്യത്തിൽ ഊർജ്ജിത പ്രതിരോധമൊരുക്കാൻ കോർപറേഷൻ നീക്കം. അക്രമകാരികളായ തെരുവു നായകളെ പിടികൂടി പാർപ്പിക്കാൻ ഷെൽട്ടർ ഹോം നിർമ്മിക്കാൻ കോർപറേഷൻ തീരുമാനിച്ചു.കഴിഞ്ഞ രണ്ടുദിവസങ്ങളിലായി 77 ഓളം പേരെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ തെരുവുനായകൾ ആക്രമിച്ച പശ്ചാത്തലത്തിലാണ് ഇന്നലെ ചേർന്ന സ്‌പെഷ്യൽ കൗൺസിൽ യോഗത്തിൽ ഈ തീരുമാനമെടുത്തത്.
ഒരാഴ്ചക്കുള്ളിൽ ഷെൽട്ടർ നിർമിക്കാനാവശ്യമായ സ്ഥലം കോർപറേഷൻ പരിധിയിൽ കണ്ടെത്തുമെന്ന് മേയർ മുസ്ലിഹ് മഠത്തിൽ പറഞ്ഞു. നായകൾക്കായി ഷെൽട്ടർ ഹോം ഒരുക്കുകയെന്നത് കൗൺസിലർമാരും നാട്ടുകാരും നിരന്തരം ഉന്നയിക്കുന്ന കാര്യമാണ്. ഇതിനായുള്ള സ്ഥലം കണ്ടെത്താൻ സാധിക്കാത്തതിനാലാണ് പദ്ധതി വൈകിയതിന് പിന്നിൽ. എന്നാൽ നിലവിൽ തെരുവുനായശല്യം അതിരൂക്ഷമായ സാഹചര്യത്തിൽ ഷെൽട്ടർ ഹോം അനിവാര്യമായ സാഹചര്യത്തിലാണ് കോർപറേഷൻ തീരുമാനം.വിഷയം ചർച്ച ചെയ്യാൻ ഇന്ന് ഇന്ന് രാവിലെ 11ന് കോർപറേഷൻ ഹാളിൽ സർവകക്ഷിയോഗം വിളിച്ചിട്ടുണ്ട്. യോഗത്തിൽ ഷെൽട്ടർ നിർമ്മിക്കാനുള്ള സ്ഥലം കണ്ടെത്തുന്നതിന് ആലോചന നടക്കും. യോഗത്തിൽ മേയർ ഡെപ്യൂട്ടി മേയർ പി. ഇന്ദിര, സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷന്മാരായ സുരേഷ് ബാബു എളയാവൂർ, ഷാഹിനാ മൊയ്തീൻ, ഷമീമ കൗൺസിലർമാരായ എൻ.സുകന്യ, ടി.രവീന്ദ്രൻ, വി.കെ.ഷൈജു, കെ.പ്രദീപൻ, എസ്.ഷഹീദ, ചിത്തിര ശശിധരൻ, ടി.ഒ.മോഹനൻ, കെ.എം.സാബിറ എന്നിവർ പങ്കെടുത്തു.
സ്വന്തമായി എ.ബി.സി സെന്ററും
തെരുവ് നായ വന്ധ്യംകരണവുമായി ബന്ധപ്പെട്ട് കോർപറേഷൻ സ്വന്തം നിലയിൽ എ.ബി.സി സംവിധാനം ഒരുക്കുന്നതിനെ പറ്റിയും ആലോചിമെന്ന് മേയർ പറഞ്ഞു. നിലവിൽ ജില്ലയിൽ പടിയൂരിൽ പ്രവർത്തിക്കുന്ന ഒരു എ.ബി.സി സെന്റർ മാത്രമാണുള്ളത്. ജില്ലയിലെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും നായകളെ വന്ധ്യംകരണം നടത്താൻ ഇവിടെയാണ് എത്തിക്കുന്നത്. ഇത് പരിഗണിച്ചാണ് കോർപറേഷന്റെ നേതൃത്വത്തിൽ എ.ബി.സി സംവിധാനം നടപ്പാക്കുന്നത് ആലോചിക്കുന്നത്.
മൊബൈൽ പോർട്ടബിൾ യൂണിറ്റ് ആവശ്യപ്പെടും
നായകളിൽ വന്ധ്യംകരണം നടത്താനുള്ള മൊബൈൽ പോർട്ടബിൾ യൂണിറ്റ് അനുവദിക്കാൻ സർക്കാരിനോട് ആവശ്യപ്പെടുമെന്ന് കോർപറേഷൻ സെക്രട്ടറി പറഞ്ഞു. നായയെ വന്ധ്യംകരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട നടപടികൾ ഉടൻ നടപ്പാക്കാൻ എച്ച്.ഐമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. കൂടുതൽ നായപിടുത്തക്കാരെയും പിടികൂടിയാൽ ഇവയെ മാറ്റാൻ നൂറോളം കൂടുകളും വേണമെന്നും ഇന്നലെ ചേർന്ന കൗൺസിനെ സെക്രട്ടറി അറിയിച്ചു.കോർപറേഷനിൽ വെറ്റിനറി ഡോകറുടെ പോസ്റ്റിംഗ് നടത്താനുള്ള പ്രൊപ്പോസൽ സർക്കാരിലേക്ക് നൽകും. വളർത്തു നായകൾക്കെല്ലാം ലൈസൻസ് എടുക്കാൻ കർശന നിർദേശം നൽകുമെന്ന് മേയർ പറഞ്ഞു.
കന്റോൺമെന്റ് അധികൃതരെ പങ്കെടുപ്പിക്കും
കന്റോൺമെന്റിൽ ഭക്ഷണ മാലിന്യം ഉൾപ്പെടെ തള്ളുന്നത് കാരണമാണ് നഗരത്തിൽ ഇത്രയധികം തെരുവ് നായ ശല്യമെന്നത് യോഗത്തിൽ കൗൺസിലർമാർ ചൂണ്ടിക്കാട്ടിയിരുന്നു. ഈ വിഷയം കന്റോൺമെന്റ് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും കന്റോൺമെന്റ് അധികാരികളെ ഉൾപ്പെടെ ഇന്നത്തെ യോഗത്തിൽ പങ്കെടുപ്പിക്കുമെന്നും മേയർ പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിലായി തെരുവ്നായ ആക്രമണത്തിൽ കടിയേറ്റവർക്ക് നഷ്ടപരിഹാരം നൽകുന്നതുമായി ബന്ധപ്പെട്ട നിയമപരമായ കാര്യങ്ങൾ പരിശോധിച്ച് ചെയ്യും-മേയർ മുസ്ളീഹ് മഠത്തിൽ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |