കൊച്ചി: കേരള തീരത്ത് അപകടത്തിൽപ്പെട്ട രണ്ട് കപ്പലുകളുടെയും അപകട സാദ്ധ്യത ഒഴിഞ്ഞിട്ടില്ലെന്ന് ഡയറക്ടറേറ്റ് ജനറൽ ഒഫ് ഷിപ്പിംഗ് ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. കടലിന്റെ ആവാസവ്യവസ്ഥയ്‌ക്ക് ഇവ ഭീഷണിയാണ്. കടലിൽ 51 മീറ്റർ താഴ്ചയിൽ മുങ്ങിക്കിടക്കുന്ന എം.എസ്.സി എൽസ -3ൽ നിന്ന് എണ്ണ പടരാൻ സാദ്ധ്യതയുണ്ട്. അഴീക്കൽ തുറമുഖത്തുനിന്ന് 58 നോട്ടിക്കൽ മൈൽ അകലെയുള്ള വാൻ ഹായ് 503 കപ്പലിൽ അപകടകരമായ 143 കണ്ടെയ്നറുകളുണ്ട്. കപ്പൽ അപകടങ്ങളെത്തുടർന്ന് തൊഴിൽരഹിതരായ മത്സ്യത്തൊഴിലാളികൾക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് ടി.എൻ. പ്രതാപനടക്കം നൽകിയ ഹർജിയിലാണ് വിശദീകരണം.
എൽസ കപ്പലിൽ 450 മെട്രിക് ടൺ ബങ്കർ ഓയിലും 367 ടൺ വെരി ലോ സൾഫർ ഫ്യൂവൽ ഓയിലും 64 ടൺ ഡീസലുമുണ്ട്. തീപിടിത്തത്തിന് കാരണമാകുന്ന വസ്തുക്കളും കണ്ടെയ്നറിലുണ്ട്. പ്ലാസ്റ്റിക് നർഡിൽസും പ്രശ്‌നമാണ്. 13 കണ്ടെയ്നറുകളിൽ പരിസ്ഥിതിയ്ക്ക് ഭീഷണിയായ വസ്തുക്കളുണ്ട്. പ്ലാസ്റ്റിക് അടങ്ങിയ 70 കണ്ടെയ്നറുകളുണ്ട്. ഇത് കടലിന്റെ ജൈവാവസ്ഥയെ ബാധിക്കും. തീരത്ത് അടിയുന്ന നർഡിൽസ് നീക്കാൻ 700 പേരെ നിയോഗിച്ചിട്ടുണ്ട്. കപ്പലിൽ നിന്ന് സാധനങ്ങൾ മാറ്റാനുള്ള നടപടികൾ സ്വീകരിച്ചുവരുന്നു. കഴിഞ്ഞ 16 വരെ 60 കണ്ടെയ്നറുകൾ തുറമുഖത്തേക്ക് നീക്കി. തീരത്തടിഞ്ഞ കണ്ടെയ്നറുകളിൽ അപകടകരമായ വസ്തുക്കളില്ലെന്നും വ്യക്തമാക്കി.
2000 ടൺ ഫ്യൂൽ ഓയിൽ
അപകടകാരികളായ കാർഗോയാണ് വാൻ ഹായ് കപ്പലിന് തീ പിടിക്കാൻ കാരണം. 143 കണ്ടെയ്നറുകൾക്ക് പുറമേ 2000 ടൺ ഹെവി ഫ്യൂവൽ ഓയിലും 240 ടൺ ഡീസൽ ഓയിലുമുണ്ട്. കഴിഞ്ഞ ആഴ്ചയോടെ 40 ശതമാനം തീ കുറയ്ക്കാനായി.
77 കോടിയുടെ ക്ലെയിം ഉടൻ
എൽസ 3 അപകടത്ത തുടർന്ന് 77.08 കോടി രൂപയുടെ ക്ലെയിം ഡി.ജി ഷിപ്പിംഗിന് അടുത്ത ദിവസം നൽകുമെന്ന് കേരളസർക്കാർ അറിയിച്ചു. മത്സ്യത്തൊഴിലാളികൾക്ക് സഹായം നൽകാൻ 54.93 കോടി ഉപയോഗിക്കും. 22.15 കോടി സർക്കാരിന് ചെലവായ തുകയാണെന്നും സംസ്ഥാന പരിസ്ഥിതി വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ശ്രീറാം സാമ്പശിവ റാവു നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു. എം.എസ്.സി കമ്പനിക്കെതിരെ ഹൈക്കോടതിയിൽ അഡ്മിറാലിറ്റി സ്യൂട്ടും സർക്കാർ ഫയൽ ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |